Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഫ്രിക്കയിലെ പ്രവാസികളുടെ പ്രശ്നങ്ങൾ, പ്രതീക്ഷകൾ: മലയാളി സോമി സോളമൻ പറയുന്നു

944241_603610703003145_1315189379_n സോമി സോളമൻ

പ്രവാസികൾക്ക് കേരള സർക്കാരിന്റെ പുതുവൽസര സമ്മാനമാണ് ലോക കേരള സഭ. സഭയുടെ രൂപീകരണ സമ്മേളനം നിയമസഭാ മന്ദിരത്തിൽ നടക്കുകയാണ്. പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് 99 അംഗങ്ങളാണ് സഭയിൽ പങ്കെടുക്കുന്നത്. എംഎൽഎമാരും എംപിമാരും പ്രവാസി പ്രതിനിധികളുമടക്കം 351 അംഗങ്ങളാണ് കേരള സഭയിലുള്ളത്. പ്രവാസികളെ ജനാധിപത്യപരമായി ഉൾക്കൊണ്ട് അവരുടെ പങ്കളിത്തത്തോടുകൂടിയുള്ള കേരള വികസനമാണ് സഭയുടെ ലക്ഷ്യം.

പ്രവാസികള്‍ സാമൂഹികപരമായും സാമ്പത്തികമായും സംസ്ഥാനത്തിനു നല്‍കുന്ന സംഭാവനകൾ വലുതാണ്. എന്നാൽ കേരളത്തില്‍നിന്ന് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ എത്തിയ സോമി സോളമൻ എന്ന യുവതി സ്വന്തം നാടിനെപ്പോലെ ഈ പ്രദേശത്തെയും ജനങ്ങളെയും സ്നേഹിച്ചു. അവരെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാനായി പ്രവർത്തിച്ചു. ടാൻസാനിയൻ ഗ്രാമമായ കിച്ചങ്കാനിയിൽ സോമിയുടെ ശ്രമഫലമായി നല്ലൊരു ലൈബ്രറി ഒരുങ്ങി. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും എത്തിച്ചു. കേരള സഭയിൽ ആഫ്രിക്കയെ പ്രതിനിധികരിക്കുകയാണ് സോമി. സഭയെക്കുറിച്ചുള്ള സോമിയുടെ പ്രതീക്ഷകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ ലോക കേരളസഭ എന്ന ആശയം നടപ്പിലാകുന്നു. സഭയിൽ അംഗമായി, രൂപീകരണ സമ്മേളനത്തിൽ പങ്കെടുക്കുകയാണല്ലോ ഇതൊരു വലിയ നേട്ടമല്ലേ?

തീർച്ചയായും ലോക കേരള സഭയിൽ അംഗമായത് വലിയ നേട്ടമായി കാണുന്നു. സർക്കാരിന്റെ  ഭാഗത്തു നിന്നുള്ള നോമിനേഷൻ വലിയ അംഗീകാരമായാണ് കാണുന്നത്. വലിയൊരു സർപ്രൈസായിരുന്നു നോമിനേഷൻ ലഭിച്ചെന്ന വാർത്ത. ഇപ്പോൾ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. ഒരു വലിയ സമൂഹത്തെയാണ് സഭയിൽ പ്രതിനിധീകരിക്കുന്നത്. ആഫ്രിക്കയുമായി ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കാനാണ് ശ്രമം. പ്രവാസികൾക്കും ആഫ്രിക്കൻ ജനതയ്ക്കും ഇടയിലുള്ള കൾച്ചറൽ ഇഷ്യൂസ് മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ, ആഴത്തിൽ പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോമായാണ് കേരള സഭയെ കാണുന്നത്.

∙പൊതുസമൂഹത്തിനു നൽകിയ സംഭാവന കൂടി പരിഗണിച്ചാണല്ലോ സഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ടത്. ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്തും?

ചർച്ചകൾക്കു ശേഷം മാത്രമേ ഇതിനെക്കുറിച്ച് കൂടുതൽ പറയാനാവൂ. ലോക കേരളസഭയുടെ സാധ്യതകൾ മനസ്സിലാക്കും.
ആഫ്രിക്കയിലെ കുട്ടികൾക്കിടയിലാണ് ഞാൻ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസമുൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിന്റെ മാതൃക ടാൻസാനിയൻ ഗ്രാമമായ കിച്ചങ്കാനിയിൽ നടപ്പിലാക്കാനാണ് ശ്രമം. കേരള സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പുതിയ നീക്കം അതിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.

12106918_1038315002866044_4016552609579589353_n

∙രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ മുൻകൂട്ടി തയാറാക്കിയ വിഷയങ്ങളാണല്ലോ ചർച്ചയ്ക്കുവരിക. നിലവിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന വിഷയങ്ങൾ?

പ്രശ്നം–പരിഹാരം–സാധ്യത ഇതാണ് ഞാൻ ചിന്തിക്കുന്നത്. ടാൻസാനിയയുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് കിഴക്കനാഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സഭയിൽ ചർച്ചയ്ക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

∙ ആഫ്രിക്കയിലേക്കുള്ള കുടിയേറ്റം മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങളിൽനിന്നു ഭിന്നമാണ്. പ്രത്യേകിച്ച് സോഷ്യൽ സ്റ്റാറ്റസിലും മറ്റും. ടാൻസാനിയയെ പ്രതിനിധീകരിക്കുമ്പോൾ എന്തു തോന്നുന്നു?

ആഫ്രിക്കയെ പ്രതിനിധീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. വളരെ പഴക്കം ചെന്ന കുടിയേറ്റമാണ് ആഫ്രിക്കയിലേത്. ഇവിടെ തമിഴരും തെലുങ്കരുമൊക്കെയുണ്ട്. ഞാനിപ്പോൾ ഇവരുടെയൊക്കെ പ്രതിനിധിയാണ്. കേരളവുമായി വർഷങ്ങളുടെ ബന്ധമാണ് ആഫ്രിക്കയ്ക്കുള്ളത്. 1949 ൽ എസ്. കെ പൊറ്റെക്കാട് ആഫ്രിക്കയിൽ എത്തുമ്പോൾത്തന്നെ ഇവിടെ ഓണാഘോഷം നടന്നിരുന്നു. ആ കാലഘട്ടത്തിൽത്തന്നെ ആഫ്രിക്കയിൽ ധാരാളം മലയാളികൾ ഉണ്ടായിരുന്നു.

∙കേരള സഭയിലുള്ള  പ്രതീക്ഷ?

കേരളത്തെ ലോകത്തിനു മുന്നിലേക്കു കൊണ്ടു വരാൻ ലോക കേരള സഭയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, എല്ലാത്തിനും സർക്കാർ പ്രവാസികൾക്കൊപ്പം ഉണ്ടെന്ന ചിന്തയാണ് കേരള സഭ നൽകുന്നത്.

സോമിയുടെ തന്നെ വാക്കുകളെടുത്താൽ ഒരാൾ സഭയിൽ എത്തിപ്പെടുകയെന്നാൽ നമ്മുടെ എല്ലാവരുടെയും സ്വരമായി ഒരാൾ ഉണ്ട് എന്നാണ് അർഥം. ഒരുമിച്ചാണ് നമ്മൾ മുന്നോട്ടു പോകുന്നത്. അതെ, ലോകം മുഴുവനുമുള്ള പ്രവാസികളെ ഒരുമിപ്പിക്കുകയാണ്, കേരളത്തിനൊപ്പം നീങ്ങാൻ. ജീവിതം കരുപ്പിടിപ്പിക്കാൻ എത്തി എല്ലാം നഷ്ടമായവരും ഉയരങ്ങൾ താണ്ടിയവരുമുണ്ട്. സ്വന്തം മണ്ണിൽ അവരെ പ്രതിനിധീകരിക്കുന്നവർ ഒന്നിച്ചു കൂടുകയാണ്. അതെ, കേരള സഭ പുതിയ പ്രതീക്ഷയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.