Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണുപ്പുകാലം ആഘോഷമാക്കി മലകളിലേക്ക് സഞ്ചാരികൾ

DUBPRI-UAQ-BEACH-3cl ഉമ്മുൽഖുവൈൻ തീരം.

ഉമ്മുൽഖുവൈൻ ∙ തണുപ്പുകാലം പച്ചവിരിച്ചതോടെ തീരപ്രദേശങ്ങളിലും മലമുകളിലും തകർപ്പൻ ആഘോഷം. ആവേശച്ചൂടിൽ ബൈക്കുകളിലും മറ്റും വടക്കൻ എമിറേറ്റുകളിലേക്കു കുതിക്കുന്നവരുടെ എണ്ണമേറി. അവധിദിവസങ്ങളിലാണ് വാഹനങ്ങളുടെ മലകയറ്റം.

കുളിരുള്ള കാറ്റിനെ പിന്നിലാക്കി മൂളിപ്പറക്കുന്ന ബൈക്കുകൾ മലകളെ കീഴടക്കുമ്പോൾ മരുഭൂമിയിൽ ക്വാഡ് ബൈക്കുകളുടെ ഗർജനം മുഴങ്ങുന്നു. അജ്മാൻ, ഉമ്മുൽഖുവൈൻ ബീച്ചുകൾ, ഫുജൈറ, റാസൽഖൈമ ജബൽ അൽ ജെയ്സ് മലനിരകൾ എന്നിവ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. നാട്ടുതനിമകളാൽ സമൃദ്ധമായ ഇവിടങ്ങളിൽ ടെന്റടിച്ച് രാത്രിയിൽ ചെലവഴിച്ച ശേഷം രാവിലെ മടങ്ങുന്നവരാണേറെയും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കി. വിശാലവും തിരക്കു കുറഞ്ഞതുമായ ഉമ്മുൽഖുവൈൻ ബീച്ചുകളാണ് സഞ്ചാരികളുടെ ഇടത്താവളം. വാഹനം മരുഭൂമിയിലേക്കു കയറ്റിനിർത്തി ബാർബിക്യൂവും മറ്റുമായി വിശാലമായൊരു ഇടവേള.

DUBPRI-JABEL-AL-JAIS-TOP-VISITORS--3cl;m റാസൽഖൈമ ജബൽ അൽ ജെയ്സ് മലമുകളിൽ രാത്രി ചെലവഴിക്കുന്ന സന്ദർശകർ.

ഇതിനിടെ കടലിൽ കുളിക്കാനിറങ്ങുന്നവരുമേറെ. അലങ്കാരങ്ങളുടെ ആർഭാടമില്ലെങ്കിലും ഉമ്മുൽഖുവൈനിലെ കാഴ്ചകളിൽ നിറയെ കഥകളുണ്ട്. പഴമയുടെ പ്രൗഢിയുള്ള വഴിയോരക്കാഴ്ചകളിൽ പലതും മലയാളക്കരയിലേതിനു സമാനം. ഏപ്രിൽ വരെ സഞ്ചാരികളുടെ പ്രവാഹം തുടരും. റാസൽഖൈമയിലെ പടുകൂറ്റൻ മലനിരയായ ജബൽ അൽ ജെയ്‌സിന്റെ തലപ്പൊക്കം ഏവർക്കും പ്രിയങ്കരമായിക്കഴിഞ്ഞു. ഗോത്രവർഗ ജീവിതരീതികളും മനോഹര കാഴ്ചകളും കണ്ടു മലകയറാൻ ഓരോ ദിവസവും തിരക്കു കൂടുകയാണ്. വൈകിട്ട് മൂടൽമഞ്ഞ് ശക്തമാകുമെന്നതിനാൽ അതിനുമുൻപേ മുകളിലെത്തണം. സഞ്ചാരികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെന്റും ഭക്ഷണവും സഹിതം എല്ലാവിധ തയാറെടുപ്പുകളോടെയുമാണ് യാത്ര. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അവിടെ ഉപേക്ഷിക്കരുതെന്നു മാത്രം. പതിറ്റാണ്ടുകൾക്കു മുൻപുള്ള കേരളത്തിലെ കർഷകരെ ഓർമിപ്പിക്കുന്ന കാഴ്ചകളും കൗതുകങ്ങളും കാർഷികസമൃദ്ധിയും ബദൂവിയൻ സമൂഹത്തിൽ കാണാം.

കൂറ്റൻ പാറക്കെട്ടുകൾക്കിടയിൽ ഇവർ ജീവിക്കുന്നതു സമൃദ്ധിയോടെ. പാറകൾ അടുക്കിയുണ്ടാക്കിയ വീടുകൾ, താഴ്‌വാരത്തിലെ വിശാലമായ കൃഷിയിടങ്ങൾ, മലനിരകളിൽ മേഞ്ഞുനടക്കുന്ന ആടുകൾ, ഒട്ടകങ്ങൾ, വേറിട്ട ആഹാരരീതികൾ എന്നിങ്ങനെ ഈ ഗോത്രവർഗസമൂഹം ഒരുപാടു കൗതുകങ്ങളിലേക്കു സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്നു. കരിമ്പാറകൾക്കു താഴെ പച്ചപുതച്ച കൃഷിയിടങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പുല്ല്, കടുക്, ചീര, കുക്കുമ്പർ, കാരറ്റ് തുടങ്ങിയവ കൃഷിചെയ്യുന്നു. നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് കൃഷി. മറ്റുസമയങ്ങളിൽ അത്യാവശ്യത്തിനു മാത്രം കൃഷിചെയ്യുന്നു.

വാദികളിൽ നിന്നു വെട്ടിയ നീർച്ചാലുകളാണ് കൃഷിയിടങ്ങളെ സമൃദ്ധമാക്കുന്നത്. തനിനാടൻ തേൻ, പച്ചക്കറി, പാൽ, നെയ്യ്, മുട്ട, കോഴി എന്നിവ കിട്ടുന്ന നാട്ടുചന്തയും ഇവിടത്തെ പ്രത്യേകതയാണ്. ജബൽ അൽ ജെയ്‌സ് മലനിരകൾക്കു താഴെയുള്ള ഹാബൂബ് ഷാഫിയയും സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാണ്. ജബൽ അൽ ജെയ്‌സ് ചുരത്തിലേക്കു കയറും മുൻപ് വാദി ഗിദ്ദയോടു ചേർന്നുള്ള ഗ്രാമമാണിത്. വിശാലമായ കൃഷിയിടങ്ങളാണ് ഈ മേഖലയുടെ മറ്റൊരു പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.