Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് ഹംദാനും 'ദുബായ് ഫ്രെയിം' സന്ദർശിച്ചു–വിഡിയോ

1--DR-IVrMsWAAEscfDq യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ദുബായ് ഫ്രെയിം സന്ദർശിച്ചപ്പോൾ.

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം  ‘ദുബായ് ഫ്രെയിം(ബിർവാസ്)’ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് ഫ്രെയിം സന്ദർശിച്ചു.  കണ്ണാടിപ്പാലത്തി(ഗ്ലാസ് സ്കൈ വോക്ക്)ലൂടെ അദ്ദേഹം നടക്കുന്ന വീഡിയോയും പുറത്തുവിട്ടു.

1--DR-IVrMWAAEscfDqദുബായ് ഫ്രെയിം ഉടൻ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. പുതുവർഷത്തിൽ വിനോദ സഞ്ചാരികളും സന്ദർശകരും പ്രവഹിക്കുന്നത് ദുബായിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരിക്കും. മണിക്കൂറിൽ 20 പേരെ മാത്രമായിരിക്കും ദുബായ് ഫ്രെയിമിനകത്ത് പ്രവേശിപ്പിക്കുക. ഇതിനായി ഉടൻ പുറത്തിറക്കുന്ന മൊബൈൽ ആപ്പ് /വെബ് സൈറ്റ് വഴി ബുക്ക് ചെയ്യണം. മുതിർന്നവർക്ക് 50 ദിർഹം, കുട്ടികൾക്ക് 30 ദിർഹം ആണ് പ്രവേശന നിരക്ക്. മൂന്നു വയസിന് താഴെയുള്ളവർക്കും 60 വയസിനു മുകളിലുള്ളവർക്കും സൗജന്യ പ്രവേശനം അനുവദിക്കും.

ദുബായ് സഅബിൽ പാർക്കിലാണ് 150 മീറ്റർ ഉയരത്തിലും 93 മീറ്റർ വീതിയിലും  ഈ അതിശയ സ്തൂപം സ്ഥലം പിടിച്ചത്. കണ്ണാടിപ്പാലത്തിലൂടെ നടക്കുമ്പോൾ പഴയ ദുബായിയെ 360 ഡിഗ്രിയിൽ ആസ്വദിക്കാനാകും.  മൊത്തം 7,145 ചതുരശ്ര മീറ്ററിലാണ് ദുബായ് ഫ്രെയിം സ്ഥിതി ചെയ്യുന്നത്. പകൽ സ്വർണ നിറത്തിലാണ് ദുബായ് ഫ്രെയിം തിളങ്ങുന്നതെങ്കില്‍  രാവിൽ അതിനു നിറം മാറ്റം വരും.

1--DR-IVrMWAAEcfDq

ഇതിൽ കയറുന്ന ഒരാൾ ദുബായ് മുഴുവൻ കണ്ടിരിക്കും. എമിറേറ്റിന്റെ പൂർവകാലവും വർത്തമാന കാലവും സമ്മിശ്രമായി കാണാനുള്ള അപൂര്‍വാവസരം. മേഘങ്ങൾക്ക് നടുവിലിരുന്നു നാടുകാണുന്ന അനുഭവം സന്ദർശകർക്ക് നവ്യാനുഭവമായിരിക്കും. ആകാശത്തൊരു പാലമിട്ട് അതില്‍ നിന്നു ദൂരക്കാഴ്ചകള്‍ കാണുന്നത് ഒരു മായാസ്വപ്നമാണെങ്കില്‍  ദുബായില്‍  അടുത്ത മാസം മുതല്‍ അത് ആളുകള്‍ക്ക് അനുഭവവേദ്യമാകും.   

1---shk-mohd-DR-IVrTWsAAZjNfലോകത്തിലെ ഏറ്റവും വലിയ സമുച്ചയം ലോകത്തിനു മുന്നിൽ സമര്‍പ്പിച്ച ദുബായ്, കെട്ടിട നിർമാണത്തിലെ പുതിയ വിസ്മയം തീർത്തിരിക്കുകയാണ് ദുബായ് ഫ്രെയിമിലൂടെ ചെയ്യുന്നത്. എമിറേറ്റിന്റെ പഴയ പ്രതാപവും പുത്തന്‍  പ്രൗഢിയും ഒരു  കൂറ്റൻ കെട്ടിട 'ചട്ട'ക്കൂട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഓരോ സന്ദർശകർക്കും വടക്കു ഭാഗത്ത് ദുബായിയുടെ പഴയ കാലം കാണാം.

ക്രീക്കും കടലും യാനങ്ങളും പഴയ കെട്ടിടങ്ങളും പരമ്പരാഗത തെരുവും ആകാശത്ത് നിന്നു ആസ്വാദിക്കാം. മറുവശത്ത് ആധുനിക ദുബായിയുടെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുടെ  സൗന്ദര്യമാണ് ദൃശ്യവിരുന്നാവുക. ദുബായ് നഗരകാഴ്‌ചയുടെ ഇതുവരെയുള്ള ചിത്രം തന്നെ മാറുന്ന ആകാശ സഞ്ചാരവും സൗന്ദര്യ കാഴ്ചയുമാണ് ദുബായ് ബിർവാസ് പുതുവർഷം മുതൽ സമ്മാനിക്കുക.ലോകപ്രസിദ്ധ ആർക്കിറ്റെക് ഫെർണാൻഡോ അഡോണിസാണ് വിസ്മയ കെട്ടിടം മാതൃക ചെയ്തത്. ടവറുകളുടെ നാടായ ദുബായില്‍  നാലു ടവറുകള്‍ മനോഹരമായി ഘടിപ്പിച്ചപോലെയാണ് ദുബായ് ദർവാസ് നിൽക്കുന്നത്. 16 കോടി ദിർഹം ചെലവിട്ടാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.