Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുജോലിക്കാരി 'കമ്പനിയുടമ'യായി; മുന്നറിയിപ്പായി തട്ടിപ്പുകഥ

DUBPRI-Juhi-&-Pratibha സാമൂഹിക പ്രവർത്തക ജുഹിയോടൊപ്പം പ്രതിഭ.

ദുബായ്∙ വിസിറ്റ് വീസയിൽ ദുബായിലെത്തി തട്ടിപ്പിനിരയായ നിരക്ഷരയായ മുംബൈ സ്വദേശിനിയുടെ കഷ്ടപ്പാടുകളും രക്ഷപ്പെടലും ചട്ടങ്ങളറിയാതെ വിദേശത്ത് എത്തുന്നവർക്കുള്ള മുന്നറിയിപ്പ്. ഒരു സാമൂഹിക പ്രവർത്തകയുടെയും മലയാളി ഉൾപ്പെടെയുള്ള അഭിഭാഷകരുടെയും ഇടപെടലാണ് ഇവരുടെ മോചനത്തിനു വഴിയൊരുക്കിയത്.

സർക്കാർതലങ്ങളിൽ മുന്നറിയിപ്പുകളും ബോധവൽക്കരണവും നൽകിയിട്ടും പലരും ഇപ്പോഴും തട്ടിപ്പുകളിൽ അകപ്പെടുന്നുവെന്നതിനു തെളിവുകൂടിയാണിത്. അൻപത്തഞ്ചുകാരിയും മൂന്നുമക്കളുടെ അമ്മയുമായ പ്രതിഭയാണു തട്ടിപ്പിനിരയായത്. ഭർത്താവ് നേരത്തെ ഉപേക്ഷിച്ചുപോയിരുന്നു. 2015 പകുതിയോടെ ഇന്ത്യൻ ദമ്പതികളാണ് ഇവരെ മൂന്നുമാസത്തെ സന്ദർശക വീസയിൽ വീട്ടുജോലിക്കായി ദുബായിൽ കൊണ്ടുവന്നത്. വീട്ടുജോലിക്കാരെ കൊണ്ടുവരാനുള്ള നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ല. രേഖകൾ തയാറാക്കാനും മറ്റുമായി ദമ്പതികളുടെ സുഹൃത്തിനെ പ്രതിഭയ്ക്കു പരിചയപ്പെടുത്തി.

എഴുത്തും വായനയും അറിയാത്ത പ്രതിഭയെ കൊണ്ട് ഇയാൾ പല കടലാസുകളിലും ഒപ്പിടുവിക്കുകയും നടപടികൾ വേഗം പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായാണു പരാതി. പ്രതിഭയുടെ പാസ്പോർട്ടും ഇയാൾ കൈക്കലാക്കി. എന്നാൽ വ്യാജരേഖകൾ ചമച്ചു നിക്ഷേപകർക്കുള്ള വീസയാണു പ്രതിഭയുടെ പേരിൽ എടുത്തത്. ഇതിനിടെ ഇവരെ ദുബായിലെത്തിച്ച ദമ്പതികൾ വേർപിരിഞ്ഞു. തുടർന്ന് ആ വീട്ടിൽ താമസിക്കാനാകാതെ പുറത്താകുകയും ചെയ്തു. താമസിക്കാൻ ഇടമില്ലാതെ പ്രതിഭ ഒരു കെട്ടിടത്തിൽ ഒതുങ്ങിക്കൂടി. പലവീടുകളിലും ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന വേതനംകൊണ്ടാണു ജീവിതം മുന്നോട്ടുപോയത്. ചതിയിൽപടുത്തിയ ആളും മറ്റൊരു സ്ത്രീയും പ്രതിഭയുടെ താമസസ്ഥലം കണ്ടെത്തുകയും ഭീഷണിയുമായി പലവട്ടം സമീപിക്കുകയും ചെയ്തു.

വന്നപ്പോഴൊക്കെ ഇവരുടെ കയ്യിലുള്ള ചെറിയ തുക കൈക്കലാക്കി. കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്നു മനസ്സിലാക്കിയ പ്രതിഭ, സഹായംതേടി ഇന്ത്യക്കാരിയായ സാമൂഹിക പ്രവർത്തക ജുഹിയെ സമീപിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ നിക്ഷേപകയുടെ വീസയാണു പ്രതിഭയ്ക്കുള്ളതെന്നു കണ്ടെത്തി. രേഖകളിൽ ദുബായ് കേന്ദ്രമായുള്ള ഒരു സ്ഥാപനത്തിന്റെ പങ്കാളിയുമായിരുന്നു. വ്യാജ കമ്പനികൾ റജിസ്റ്റർ ചെയ്തു തട്ടിപ്പു നടത്തുന്ന ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ വലിയൊരു കെണിയുടെ വക്കിലായിരുന്നു പ്രതിഭ. തുടർന്നു ജുഹി, ഗലദാരി അഡ്വക്കറ്റ് ആൻഡ് ലീഗൽ കൺസൽറ്റൻസിയെ സമീപിച്ചു കാര്യങ്ങൾ ബോധിപ്പിച്ചു. അവിടെ അഭിഭാഷകനായ അഡ്വ.അരുൺ ഏബ്രഹാമിന്റെ നേതൃത്വത്തിൽ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും പ്രതിഭയെ ദുബായിൽ കൊണ്ടുവന്നയാളെ ബന്ധപ്പെടുകയും ചെയ്തു. അയാൾ കയ്യൊഴിഞ്ഞതോടെ സാങ്കേതികമായി പ്രതിഭ പങ്കാളിയായ കമ്പനിയുടെ സ്പോൺസറെ വിവരങ്ങൾ ധരിപ്പിച്ചു. ഒടുവിൽ എല്ലാരേഖകളിൽനിന്നും ഇവരെ ഒഴിവാക്കി പാസ്പോർട് മടക്കിവാങ്ങി നൽകി. കഷ്ടപ്പാടുകൾ നിറഞ്ഞ നാളുകൾക്കുശേഷം കഴിഞ്ഞമാസം പ്രതിഭ നാട്ടിലേക്കു മടങ്ങി.

യാത്രയ്ക്ക് മുൻപ് എല്ലാം അറിയണം

നിയമപരമായ അജ്ഞത ഒരാളെ എങ്ങനെ വലിയ കെണിയിൽ അകപ്പെടുത്തുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണിതെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വീട്ടുജോലിക്കാരെ കൊണ്ടുവരാൻ കർശന വ്യവസ്ഥകളാണുള്ളത്. വനിതകളാണെങ്കിൽ വേറെയും കടമ്പകളുണ്ട്. വിദേശത്തു ജോലി തേടുംമുൻപ് ഏജൻസികളെ കുറിച്ചു വ്യക്തമായി അന്വേഷിക്കണം.

ജോലി അന്വേഷിക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗിക ഏജൻസികൾ വഴിയായിരിക്കണം. ചതിയിലകപ്പെട്ടു എന്നുറപ്പായാൽ കോൺസുലേറ്റിലോ എംബസിയിലോ എത്തി കാര്യങ്ങൾ ധരിപ്പിക്കണം. പ്രശ്നങ്ങൾ എല്ലാവരിൽനിന്നു മറച്ചുവയ്ക്കുന്നതും നിയമവിരുദ്ധമായി കഴിയുന്നതും സ്ഥിതിഗതികൾ സങ്കീർണമാക്കും.

വ്യവസ്ഥകൾ കർശനം

വീട്ടുജോലിക്കാരിയാണെങ്കിൽ, തൊഴിൽ വീസ ലഭ്യമാകുന്ന സമയത്തു പ്രായം 30 ൽ താഴെയാകാൻ പാടില്ലെന്നതാണു സുപ്രധാന വ്യവസ്ഥ. മാസം 11,00 ദിർഹം മിനിമം വേതനം, സൗജന്യ ഭക്ഷണം, താമസസൗകര്യം, വർഷത്തിൽ ഒരുതവണ ഇന്ത്യയിലേക്കു റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ വിമാനടിക്കറ്റ്, തൊഴിലിനായി യുഎഇയിൽ എത്തുമ്പോൾ പ്രീപെയ്ഡ് സിംകാർഡുള്ള മൊബൈൽ എന്നിവ നൽകണമെന്നും നിബന്ധനകളിലുണ്ട്. നിയമിക്കുമ്പോൾ 9,200 ദിർഹം ഉടമ ഇന്ത്യൻ കോൺസുലേറ്റിൽ കെട്ടിവയ്ക്കണമെന്നും ജോലി മതിയാക്കി വീട്ടുജോലിക്കാരി മടങ്ങുമ്പോൾ ഇതു തിരിച്ചുനൽകുമെന്നും കോൺസുലേറ്റിന്റെ ലേബർ വിഭാഗം അറിയിക്കുന്നു.

എന്നാൽ ഇവരുടെ നിയമനം സർക്കാരിന്റെ ആറ് ഏജൻസികൾ വഴിയാണെങ്കിൽ തുക കെട്ടിവയ്ക്കേണ്ടതില്ലെന്ന നിയമഭേദഗതി ഈയിടയ്ക്കു വരുത്തിയിരുന്നു. നോർക്കാ റൂട്സ്, ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്, ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർപ്രദേശ് ഫിനാൻഷ്യൽ കോർപറേഷൻ, ഓവർസീസ് മാൻപവർ കമ്പനി എ പി ലിമിറ്റഡ്, തെലങ്കാന ഓവർസീസ് മാൻപവർ കമ്പനി ലിമിറ്റഡ് എന്നിവയാണു സർക്കാരിന്റെ ഏജൻസികൾ. കൂടാതെ, തൊഴിൽ ഉടമയ്ക്കോ, തൊഴിൽ ഉടമയുടെയും ഭാര്യയുടെയുംകൂടി ചേർന്നോ കുറഞ്ഞത് പതിനായിരം ദിർഹം ശമ്പളം ഉണ്ടെങ്കിൽ മാത്രമെ, ഇന്ത്യയിൽനിന്ന് ഒരു വീട്ടുജോലിക്കാരിയെ നിയമിക്കാൻ അനുമതിയുള്ളൂ.

യുഎഇ അധികൃതർ അംഗീകരിച്ച തൊഴിൽ കരാർ, തൊഴിൽ ഉടമയുടെ വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഹാജരാക്കേണ്ടതുണ്ട്. തൊഴിൽ ഉടമയുടെ സ്വഭാവം, സാമൂഹിക സ്ഥിതി തുടങ്ങിയ കാര്യത്തിൽ ഒരു ഇന്ത്യൻ പൗരൻ നേരിട്ടെത്തി (ഗാരന്റർ) ഉറപ്പുനൽകണം. വീട്ടുജോലിക്കാരികളുടെ നിയമനവുമായി ബന്ധപ്പെട്ട്, അറ്റസ്റ്റേഷൻ നടപടികൾക്കും മറ്റും കോൺസുലേറ്റ് സൗകര്യമൊരുക്കിയിരിക്കുന്ന ഐവിഎസ് ഗ്ലോബൽ സെന്ററിനെയാണു സമീപിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.