Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ലുക്കാ ചുപ്പി'ക്ക് ശേഷം 'പ്രകാശനു' മായി ബാഷ് മുഹമ്മദ്

സാദിഖ് കാവിൽ
Prakasan-1_1 പ്രകാശനിൽ ദിനേശ് പ്രഭാകർ

ദുബായ്∙ ഒട്ടേറെ അവാർഡുകൾ വാരിക്കൂട്ടി രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ 'ലുക്കാ ചുപ്പി' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബാഷ് മുഹമ്മദിന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയായി. 'പ്രകാശൻ' എന്നു പേരിട്ടിട്ടുളള ചിത്രം പ്രകൃതിയുമായി ഇഴചേർന്ന് ജീവിച്ച മനുഷ്യൻ അതിൽ നിന്ന് അകലുകയും വീണ്ടും അവിടേയ്ക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ദിനേശ് പ്രഭാകർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ദിനേശ് ഒരു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം മുംബൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റി(മാമി)യിലെ ഡിസ്കവറി ഇന്ത്യ വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  'വേനൽമഴ', സെക്സി ദുർഗ എന്നിവയാണ് മാമിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ട് മലയാള ചിത്രങ്ങൾ. ബാഷ് മുഹമ്മദ് മനോരമ ഒാണ്‍ലൈനിനോട് സംസാരിക്കുന്നു:

Prakasan-3_2

'ഒരിക്കൽ ഞാനൊരു പ്രകാശനായിരുന്നു' എന്നാണ് 'പ്രകാശന്റെ' ടാഗ് ലൈൻ. എന്താണ് ചിത്രം പറയുന്നത്?

ഒരു ആദിവാസി യുവാവാണ് പ്രകാശൻ.  അട്ടപ്പാടിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഉൗരിൽ ജീവിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രം കടന്നുചെല്ലാവുന്ന സ്ഥലമാണത്. ജീപ്പിലോ മറ്റോ പോവുകയാണെങ്കിൽ രണ്ട് മണിക്കൂർ യാത്ര ചെയ്യണം. തുടർന്ന് പത്ത് കിലോ മീറ്ററോളം നടക്കണം. ആ ഉൗരിലുള്ള ഏക സ്കൂളിൽ പഠനം പൂർത്തിയാക്കുന്നവർ വളരെ കുറവാണ്. അവിടുത്തെ ഏക 'പഠിപ്പിസ്റ്റ്' പ്രകാശൻ മാത്രം. അവന്റെ ജീവിതാഭിലാഷം ഒരു സർക്കാർ ജോലി ലഭിച്ച്, നഗരത്തിൽ പോയി ജീവിക്കണം എന്നതാണ്. ഉൗരിൽ നിന്ന് ഒന്നു രണ്ടു പേർ പല ആവശ്യങ്ങൾക്കായി ഇടയ്ക്ക് നാട്ടിൽ പോകാറുണ്ട്. അവരൊന്നും രണ്ട് ദിവസത്തിൽക്കൂടതൽ അവിടെ നിൽക്കില്ല. കാരണം, അവർക്ക് നഗരത്തിന്റെ സ്വഭാവവും ജീവിത രീതികളും ഇഷ്ടമാകുന്നില്ല.

നഗരത്തിലുള്ളവരൊന്നും അത്ര നല്ലവരല്ല. അവരുടെ മനുഷ്യനിലേയ്ക്കുള്ള നോട്ടത്തിൽ പോലും പിശകുണ്ട് എന്നൊക്കെയാണ് അവരുടെ വാദം. ഉൗരിലേയ്ക്കു നഗരത്തിൽ നിന്നെത്തുന്ന ഏക മനുഷ്യൻ ഒരു പോസ്റ്റുമാനാണ്. മാസത്തിലൊരിക്കൽ അയാള്‍ കഷ്ടപ്പെട്ട് വരും. അമർഷത്തോടെ, പിറുപിറുത്തുകൊണ്ടാണ് വരിക. അങ്ങനെയിരിക്കെ പ്രകാശന് സർക്കാർ ജോലി കിട്ടുന്നു. എടാ, നമുക്ക് നഗരം പറ്റില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളും അമ്മ, സഹോദരി, അമ്മാവൻ എന്നിവരുമെല്ലാം അവനെ  നിരുത്സാഹപ്പെടുത്തിയെങ്കിലും അവൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. പ്രകാശൻ നഗരത്തിലേയ്ക്ക് പോകുന്നതിന്റെ തലേ ദിവസമാണ് സിനിമ തുടങ്ങുന്നത്. നഗരത്തിൽ പ്രകാശൻ അനുഭവിക്കുന്ന ജീവിതാവസ്ഥകളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ചിത്രം നൽകുന്ന സന്ദേശമെന്താണ്?

പണ്ട് നമ്മുടെ പൂർവികരൊക്കെ ജൈവിക രീതിയിലുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. വീടുകളിൽ കപ്പ കാന്താരി മുളക് പൊട്ടിച്ച് കഴിക്കുന്നവരായിരുന്നു നമ്മൾ. പ്രകാശനും ആ ഉൗരിലുള്ളവരും ഇന്നും അങ്ങനെ ജീവിക്കുന്നവരാണ്. എന്നാൽ, തീർത്തും വിപരീത രീതികളിൽ ജീവിക്കുന്ന നഗരത്തിലെത്തുമ്പോൾ ഇത്തരമൊരു യുവാവ് നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറെ. ആദ്യ ദിവസം ഒാഫിസിൽ പ്രകാശൻ എത്തുമ്പോൾ തന്നെ സമയം വൈകിയതിൽ മേലുദ്യോഗസ്ഥൻ ദേഷ്യപ്പെടുന്നു. കേരള സർക്കാരിന്റെ ആരോഗ്യ വിഭാഗത്തിൻ കീഴിൽ എ‍യിഡ്സ് നിവാരണ പരിപാടിയിൽ വോളന്റിയർ ആയാണ് പ്രകാശന് നിയമനം ലഭിച്ചിട്ടുള്ളത്. വലിയൊരു സംഘത്തിലെ കണ്ണി. ഒാരോരുത്തവർക്കും ഒാരോ ഏരിയ തിരിച്ചു നൽകുന്നു. ലൈംഗിക തൊഴിലാളികളെ കണ്ടെത്തി ഗർഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതാണ് ജോലി. എന്നാൽ പ്രകാശൻ ജോലി കൃത്യമായി ചെയ്യുന്നില്ല. അന് ലൈംഗിക തൊഴിലാളികളെന്താണെന്ന് അറിയാത്തതാണ് ഒരു കാരണം. വിദ്യാഭ്യാസമുണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ അവൻ അജ്ഞനാണ്. പക്ഷേ, പിടിച്ചു നിൽക്കാൻ അവന് കഠിനമായി പ്രയത്നിക്കേണ്ടി വരുന്നു. പ്രകൃതിയോടു ചേർന്നും അതിന്റെ വിഭവങ്ങൾ അനുഭവിച്ചും മികച്ച ജീവിതം നയിച്ചിരുന്ന മനുഷ്യർ അതിൽ നിന്ന് വ്യതിചലിക്കുകയും സ്വയമുണ്ടാക്കുന്ന സമസ്യകളിൽ പെട്ട് ഉഴറുകയും ചെയ്യുന്നു.

ഇന്ന് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പോലും പച്ചക്കറി നട്ടുവളർത്തി ഉപയോഗിക്കുന്നു. നമ്മളിൽ പലരും, പ്രത്യേകിച്ച് പ്രവാസികൾ റിട്ടയർമെൻ്റ്  ആയാൽ ഏതെങ്കിലും ഒരു കുന്നിൻ മുകളിൽ കൊച്ചു വീടുണ്ടാക്കി ഭാര്യ കുട്ടികൾ എന്നിവരോടൊപ്പം സമാധാനത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ, നേരെ വയനാട്ടില്‍ പോയി കുറച്ച് സ്ഥലം സ്വന്തമാക്കി കൃഷി ചെയ്ത് ജീവിക്കാനൊന്നും നമുക്ക് പറ്റില്ല. പെട്ടെന്ന് മടുക്കും. ഒന്ന് സ്വപ്നവും മറ്റൊന്ന് ജീവിതവുമാണ്. വളരെ ലളിതമായി ജീവിക്കാവുന്നവർ അനാവശ്യമായി മണി മാളിക പണിതിടുന്നു. സാങ്കേതിക മറ്റൊരു ഭാഗത്ത് നമ്മെ ബുദ്ധിമുട്ടിക്കുന്നു. ആരും പരസ്പരം സംസാരിക്കുന്നില്ല. മൊബൈൽ ഫോൺ സ്വിച്ഡ് ഒാഫാക്കാൻ പറ്റുന്നില്ല. കാരണം നമ്മുടെ ജീവിതം അതിലൂടെയാണിന്ന് മുന്നോട്ട് നീങ്ങുന്നത്.

BASH ബാഷ് മുഹമ്മദ്

ഉൗരിലെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങൾ എന്തൊക്കെയാണ്?

24 ദിവസം 94 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. വയനാട്ടിലെ ഒരു ഉൾപ്രദേശമായിരുന്നു പ്രധാന ലൊക്കേഷൻ. അവിടെയുള്ളവർക്ക് മലയാളം അറിയാമെങ്കിലും അവരുടേതായ ഭാഷയാണ് ഉപയോഗിക്കുന്നത്. നഗരത്തിൽ നിന്നെത്തുന്നവരെ കാണുമ്പോൾ അവർ നന്നായി മലയാളം പറയും. ഇന്ന് അവരെല്ലാം ആധുനികരായി. എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോണുണ്ട്. ചിത്രീകരണം നടന്ന വീട്ടിലെ ഒരു കുട്ടി പാലക്കാട് വിക്ടോറിയ കോളജിൽ ലിറ്ററേച്ചർ വിദ്യാർഥിനിയാണ്. അവരുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോൾ, കുട്ടിക്ക് ബര്‍ഗറും പെപ്സിയും കഴിക്കാനാണിഷ്ടമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ അവരുടെ വീട്ടിലെ കാച്ചിലും നല്ല മോരും കഴിച്ചു. വെള്ളച്ചാട്ടത്തിൽ നിന്ന് കൈകൊണ്ട് വെള്ളമെടുത്ത് കുടിച്ചു. ഷൂട്ടിങ് സംഘത്തിലൊരാൾക്ക് നടുവേദന വന്നപ്പോൾ ഉൗരിലെ ഒരു വയോധികൻ ഒരൊറ്റ പിടിത്തത്തിലൂടെ അത് ശരിയാക്കി.

പ്രകാശന്റെ ആശയം എവിടെ നിന്നാണ് ലഭിച്ചത്?

ലുക്കാ ചുപ്പിയിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ദിനേശ് പ്രഭാകർ. ഞങ്ങൾ തമ്മിൽ പിന്നീട് അടുത്ത സുഹൃത്തുക്കളായി. ഒരിക്കൽ കൊച്ചിയിലെ ഒരു റസ്റ്ററൻ്റിൽ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ അവിടേയ്ക്ക് ദിനേശിൻ്റെ ഒരു പരിചയക്കാരനായ ചെറുപ്പക്കാരൻ കടന്നുവന്നു. അദ്ദേഹം പ്രകാശൻ സിനിമയിൽ ചെയ്യുന്നത് പോലുള്ള ജോലി ചെയ്തിരുന്നയാളാണ്. അതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ കുറേ കാര്യങ്ങൾ കേട്ടപ്പോഴാണ് ഇത്തരമൊരു ചിത്രത്തെക്കുറിച്ച് ചിന്തിച്ചത്.

prakashan-2

അണിയറ പ്രവർത്തകരെക്കുറിച്ച് പറയാമോ?

പാപ്പിനോയാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. സംഗീതം ബിജി ബാൽ.ശബ്ദ സന്നിവേശം വിഷ്ണു, ശ്രീശങ്കർ എന്നിവർ നിർവഹിച്ചു. മനോജ്, ഫ്രഞ്ച് എഡിറ്ററായ റസാ സർകാനിയാ എന്നിവരാണ് എഡിറ്റ് ചെയ്തത്. ദിനേഷിനെ കൂടാതെ, ലയ, നക്ഷത്ര, ഇന്ദ്രൻസ്, സൈജു കുറുപ്പ്, സുഭീഷ്, പി.പാർവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രകാശൻ ഏതു തരം പ്രേക്ഷകരാണ ്സ്വീകരിക്കുക?

അങ്ങനെയൊരു ചേരിതിരിവ് ആവശ്യമില്ല. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഒരിക്കലും ചിത്രം ആരെയും ബോറഡിപ്പിക്കില്ല. വർഷാവസാനം ചിത്രം തിയറ്ററുകളിലെത്തിക്കാനാണ ്ഇപ്പോൾ ശ്രമിക്കുന്നത്.

Prakasan-2_2

ദുബായിലെ തിരക്കേറിയ ജീവിതത്തിനിടയിൽ എപ്പോഴാണ് സിനിമയ്ക്ക് സമയം കണ്ടെത്തുന്നത്?

പഠിക്കുന്ന കാലത്തു തന്നെ സിനിമയോട് ഏറെ താത്പര്യമുണ്ട്. പിന്നീട് പരസ്യ വിഭാഗത്തിൽ ജോലി ചെയ്തപ്പോഴും ഇപ്പോൾ സ്വന്തമായി ഇൻ്റീരിയർ ഡെക്കറേഷൻ കമ്പനി നടത്തുമ്പോഴും അതിന് മാറ്റം വന്നില്ല. സിനിമ ഒരിക്കലും പണമുണ്ടാക്കാനുള്ള മാധ്യമമായി കണ്ടിട്ടില്ല. ഇൗ ജനകീയ കലയോടുള്ള ഇഷ്ടം പ്രകടമാക്കുമ്പോൾ തന്നെ,  സമൂഹ ജീവി എന്ന നിലയിൽ മനുഷ്യനോടും പ്രകൃതിയോടുമുള്ള കടപ്പാടു നിറവേറ്റാനും ശ്രമിക്കുന്നു.

ജയസൂര്യ, മുരളി ഗോപി, ജോജു ജോർജ്, ദിനേശൻ തുടങ്ങിയവരുടെ മികച്ച പ്രകടനമുള്ള 'ലുക്കാ ചുപ്പി' എന്തുകൊണ്ടാണ് തിയറ്ററുകളിൽ ഒാടാത്തത്?

അതിന് പ്രധാന കാരണം 'പ്രേമം' എന്ന ചിത്രമായിരുന്നു. പ്രേമവും ലുക്കാ ചുപ്പിയും ഒരേ ദിവസം റിലീസായ ചിത്രങ്ങളാണ്. എന്നാൽ, പിന്നീട്, മറ്റു മാധ്യമങ്ങളിലൂടെ മലയാളികളിൽ ഭൂരിഭാഗവും ലുക്കാ ചുപ്പി കണ്ടു. കേട്ടറിഞ്ഞ് ആളുകൾ കാണുന്നു. എന്റെ ഫോൺ നമ്പർ കണ്ടുപിടിച്ച് അഭിനന്ദനമറിയിക്കുന്നു. അതിൽ വലിയ സന്തോഷമുണ്ട്. എന്നാൽ ഇത്രയുമാളുകൾ തിയറ്ററുകളിൽ ചെന്ന് കണ്ടിരുന്നെങ്കിൽ ലുക്കാ ചുപ്പി സൂപ്പർഹിറ്റായേനെ. പ്രേക്ഷക ശ്രദ്ധ അകലാൻ മറ്റൊരു കാരണം ചിത്രത്തിന്റെ പേരാണ്. അതെന്താണെന്ന് ആർക്കും പിടികിട്ടിയില്ല. റിയലിസ്റ്റിക് ചിത്രമായതിനാൽ അന്ന് ആ ശൈലി സ്വീകാര്യമായതുമില്ല. ലുക്കാ ചുപ്പിക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഇന്ത്യയിൽ 2015ൽ നടന്ന 47–ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഔദ്യോഗിക എൻട്രിയായിരുന്നു ലുക്കാ ചുപ്പി. 63–ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ജയസൂര്യക്ക് പ്രത്യേക പരാമർശം ലഭിച്ചു.  46–ാമത് കേരളാ ചലച്ചിത്രോത്സവത്തിൽ പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. 2016ലെ ന്യൂയോർക്ക് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.

1-prakasan-affiche പ്രകാശന്റെ പോസ്റ്റർ

പ്രകാശനും ഇത്തരം അവാർഡുകൾ പ്രതീക്ഷിക്കുന്നുണ്ടോ?

ഒരിക്കലും അവാർഡുകൾക്ക് വേണ്ടിയല്ല ചിത്രമെടുക്കുന്നത്. ലുക്കാചുപ്പി പോലെ തീർത്തും റിയലിസ്റ്റിക് ആയ ചിത്രമായിരിക്കും പ്രകാശനും. എല്ലാ തരം പ്രേക്ഷകരും ചിത്രം സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്.  തൊണ്ടിമുതലും ദൃക് സാക്ഷിയും  ഇഷ്ടമായവർക്ക് ഇൗ ചിത്രവും ഇഷ്ടപ്പെടും, തീർച്ച. ഒരിക്കലും ചിത്രം ആരെയും ബോറഡിപ്പിക്കില്ല. വർഷാവസാനം ചിത്രം തിയറ്ററുകളിലെത്തിക്കാനാണ ് ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.