Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മധുര ‘നുള്ളി’ന്റെ സ്മരണകളുമായി സുരേന്ദ്രൻ സാർ വിട പറയുന്നു

സാദിഖ് കാവിൽ
SURENDRAN

ദുബായ് ∙ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങാൻ നേരം വിദ്യാർഥികളിൽ പലരും സുരേന്ദ്രൻ സാറിന്റെ അടുത്തെത്തി. വിഷാദം കനത്ത മുഖത്തെ കൺകോണുകളിൽ ഒരു തുള്ളി കണ്ണീരൊളിപ്പിച്ച് അവർ പറഞ്ഞു: ‘സാറേ, ഞങ്ങള് പോവുകയാണ്’...സാർ അപ്പോൾ അവരുടെ അടുത്ത് ചെന്ന് തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു: ‘പോയിനെടാ മക്കളേ.. നന്നായി വരും’...അപ്പോഴും കുട്ടികൾ പോവാൻ കൂട്ടാക്കില്ല. അവർക്ക് സാറിനോട് മറ്റെന്തോ പറയാനുള്ളതായി അദ്ദേഹത്തിന് തോന്നി. അവരെല്ലാം പതറിയ ഒച്ചയോടെ പറഞ്ഞു: ‘സാറേ.. സാർ ഞങ്ങളെ ഒന്നു നുള്ളാമോ... അവസാനമായി’..?എല്ലാവരെയും കെട്ടിപ്പിടിച്ച് സുരേന്ദ്രൻ സാർ ഒരിക്കൽ കൂടി മധുരനൊമ്പരമുള്ള ഒരു നുള്ള് സമ്മാനിച്ചു. 

ദുബായ് എൻഐ മോ‍ഡൽ സ്കൂളിൽ (നിംസ്) തുടർച്ചയായി 35 വർഷത്തെ സേവനത്തിന് ശേഷം തിരുവല്ല വണ്ണംകുളം സ്വദേശി കെ.ആർ.സുരേന്ദ്രൻ നായർ എന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയുമെല്ലാം പ്രിയങ്കരനായ സുരേന്ദ്രൻ സാർ വ്യാഴാഴ്ച നാട്ടിലേയ്ക്ക് മടങ്ങുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി മികച്ച നിലയിൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഫോണിലൂടെയും എസ്എംഎസിലൂടെയും ആശംസകളറിയിച്ചുകൊണ്ടിരിക്കുന്നു.

35 വർഷം മുൻപ് 1982 നവംബർ ഏഴിനാണ് സുരേന്ദ്രൻ സാർ യുഎഇയിലെത്തിയത്. ഏഴ് വർഷം കൊൽക്കത്തയിൽ അധ്യാപകനായിരുന്ന അദ്ദേഹം യുഎഇയിൽ അധ്യാപകനായിരുന്ന സഹോദരൻ വിളിച്ചതനുസരിച്ചാണ് ഇവിടെയെത്തിയത്. രണ്ട് ദിവസത്തിനകം നിംസിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമാരംഭിച്ചു. പിന്നീട്, അസി.സൂപ്പർവൈസർ, സൂപ്പർവൈസർ, അസി.ഹെഡ്മാസ്റ്റർ, ഹെഡ്മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ച് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ശേഷമാണ് സ്കൂളിനോടും പ്രവാസ ലോകത്തോടും വിടപറയുന്നത്. ഇതിനിടയ്ക്ക് നിംസ് ഗ്രൂപ്പിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. രണ്ടാമത്തെ മകളുടെ വിവാഹത്തിനായാണ് യാത്ര ഇത്തിരി നേരത്തേയാക്കിയതെന്ന് സുരേന്ദ്രൻ സാർ പറഞ്ഞു.

ഒരു ഇംഗ്ലീഷ് അധ്യാപകനിൽ നിന്ന് ഏവർക്കും പ്രിയങ്കരനായ പ്രധാനാധ്യാപക പദവിയിലേയ്ക്കുള്ള ഉയർച്ചയ്ക്ക് പിന്നിൽ പ്രത്യേക രഹസ്യമൊന്നുമില്ലെന്ന് സുരേന്ദ്രൻ സാർ പറയുന്നു: കാലം എത്ര മാറിയാലും ഒരു വിദ്യാർഥി എന്നും വിദ്യാർഥിയായിരിക്കും. തലമുറകളേതായാലും അധ്യാപകരുടെ ഇടപെടലുകളാണ് ഏതൊരു വിദ്യാർഥിയുടെയും ജീവിത വിജയത്തിന് പിന്നിൽ. സ്നേഹത്തോടെ ശാസിച്ചാൽ അധ്യാപകരെ അനുസരിക്കാതെ ഒരു വിദ്യാർഥിയുമില്ല. പ്രതിഫലേഛ കൂടാതെയായിരിക്കണം ഒരു അധ്യാപകൻ എന്നും വിദ്യാലയത്തെ സമീപിക്കേണ്ടത്. പുരോഗമനാത്മകമായ ദീർഘവീക്ഷണത്തോടെയായിരിക്കും അവരോട് പെരുമാറേണ്ടത്. അധ്യാപകർ എന്നും വിദ്യാർഥികൾക്ക് വഴികാട്ടിയും മാതൃകയുമായിരിക്കാൻ ശ്രദ്ധിക്കണം. എങ്കിലും ഇന്നത്തെ വിദ്യാർഥികളിൽ ചെറിയൊരു വ്യതിയാനങ്ങൾ സംഭവിച്ചതായി സുരേന്ദ്രൻ സാർ പറയുന്നു. അതിന് കാരണക്കാരും സമൂഹം തന്നെ. വിദ്യാർഥികളുടെ മനസ് എന്നും ഫലഭൂയിഷ്ഠമായിരിക്കും. അവിടെ വിദ്വേഷത്തിന്റെ വിഷം കുത്തിവയ്ക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്. സ്വന്തം മക്കളായി കണ്ട് ഒാരോരുത്തരെയും സമീപിച്ചാൽ തീർച്ചയായും അവർ നന്മനിറഞ്ഞ മനസ്സുള്ളവരായി വളരും. തന്റെ വിദ്യാർഥികളെല്ലാം തന്നെ ഉന്നത നിലയിൽ ജീവിക്കുന്നതിൽ അദ്ദേഹത്തിന് വിവരണാതീതമായ സന്തോഷവും സംതൃപ്തിയുമുണ്ട്. 

പത്ത്, പന്ത്രണ്ട് കേരളാ പരീക്ഷാ ഗൾഫ് കോ ഒാർഡിനേറ്ററായും പ്രവർത്തിച്ചിട്ടുള്ള സുരേന്ദ്രൻ സാറിന് സിബിഎസ്ഇ പരീക്ഷയിൽ നടപ്പാക്കിയ പുതിയ പരിഷ്കാരത്തോട് എതിർപ്പില്ല. എങ്കിലും, അഞ്ചാം ക്ലാസുവരെയെങ്കിലും ഇക്കാര്യത്തിൽ ഇളവ് നൽകണമെന്ന് അദ്ദേഹം പറയുന്നു. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സ്കൂളുകളിൽ പുതിയ പരീക്ഷാ രീതി അവലംബിക്കുന്നു. നിലവിലെ എഫ്എ, എസ്എ പരീക്ഷകൾക്ക് പകരം ഏകീകൃത മാതൃകയിൽ പാദ, അർധ, വാർഷിക പരീക്ഷകളായിരിക്കും നടപ്പിലാക്കുക. ആറ് മതുല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് ഏര്‍പ്പെടുത്തിയ നിരന്തര സമഗ്ര മൂല്യനിര്‍ണയം

വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. എന്നാൽ, രാജ്യാന്തര മത്സര പരീക്ഷകളിൽ ഇന്ത്യൻ വിദ്യാർഥികൾ പിറകോട്ട് പോയതാണ് പുനർ ചിന്തനത്തിന് സിബിഎസ്ഇയെ പ്രേരിപ്പിച്ചത്. ഇനി മുതൽ പഠിച്ച പുസ്തകത്തിന്റെ ഏത് ഭാഗത്ത് നിന്നും ചോദ്യങ്ങൾ വരും. ഇത് വിദ്യാർഥികളുടെ ഒാർമശക്തിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നാട്ടിലേയ്ക്ക് മടങ്ങിയാലും വിദ്യാർഥിക ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്നതാണ് 65കാരനായ സുരേന്ദ്രൻ സാറിന്റെ ആഗ്രഹം. 1989 മുതൽ  അദ്ദേഹത്തിന്റെ കുടുംബം യുഎഇയിലുണ്ട്. ഭാര്യ സുധ നിംസിലെ മലയാളം അധ്യാപികയാണ്. മൂത്തമകൾ വിദ്യ എംഡി വിദ്യാർഥിനി. ജാമാതാവ്: ഡോ.അരുൺകുമാർ. രണ്ടാമത്തെ മകൾ വൃന്ദ എംടെക്കിനും ഇളയ മകൻ വിശാൽ ബിടെക്കിനും പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.