Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഗോ പ്രതിസന്ധി: അസോസിയേഷൻ ഭാരവാഹികൾ ഇന്നു ഡൽഹിക്ക്

cargo

ദുബായ് ∙ ഡോർ ടു ഡോർ കാർഗോ പ്രതിസന്ധിക്കു പരിഹാരം തേടി ഇന്ത്യൻ കുറിയേഴ്‌സ് ആൻഡ് കാർഗോ അസോസിയേഷൻ ഭാരവാഹികൾ ഇന്നു ഡൽഹിക്കു പുറപ്പെടുന്നു. കേരളത്തിൽനിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവരെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തി രാഷ്‌ട്രീയതലത്തിൽ പരിഹാരം കണ്ടെത്താനാണു ശ്രമം.

നിയമപരമായ നീക്കങ്ങളും തുടരും. കെട്ടിക്കിടക്കുന്ന കാർഗോ, ഉടമകൾക്ക് കഴിയുംവേഗം കിട്ടാൻ സംവിധാനമുണ്ടാക്കുക, സാധാരണക്കാരായ പ്രവാസികൾക്കു തിരിച്ചടിയായ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാകും ഏഴംഗ സംഘം മുഖ്യമായും ഉന്നയിക്കുക. കഴിഞ്ഞമാസം 30നു നിയന്ത്രണം ഏർപ്പെടുത്തിയശേഷം കാർഗോ മേഖല വൻ പ്രതിസന്ധി നേരിടുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് സിയാദ്, സെക്രട്ടറി നവനീത് പ്രഭാകരൻ എന്നിവർ പറഞ്ഞു.

പ്രതിവർഷം ഒരു ലക്ഷം ദിർഹം ലൈസൻസ് തുക ഇനത്തിൽ മാത്രം അടച്ചാണു കാർഗോ കമ്പനികൾ പ്രവർത്തിക്കുന്നത്. കെട്ടിടവാടക, തൊഴിലാളികൾക്കുള്ള വേതനം, ചരക്കു നീക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കുമുള്ള ചെലവുകൾ തുടങ്ങിയവ കൂടി കണക്കാക്കുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണു സ്‌ഥാപനങ്ങൾക്കുള്ളത്. പുതിയ നിയമം വരുന്നതറിയാതെ കാർഗോ അയച്ചവരാണു വെട്ടിലായത്. കാർഗോ നീക്കം സ്‌തംഭിച്ചതിനു പുറമെ കസ്‌റ്റംസ് തീരുവകൂടി നൽകിയാലേ ഇവ ഉടമസ്‌ഥർക്കു കിട്ടൂ എന്ന സാഹചര്യമാണുള്ളത്. കാർഗോ രംഗത്തെ സുതാര്യത ഉറപ്പുവരുത്താൻ അസോസിയേഷൻ പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സാധനങ്ങൾ കിട്ടാൻ കാലതാമസം നേരിടുക, കാർഗോ കമ്പനിയുടെ സേവനത്തെക്കുറിച്ചുള്ള പരാതി തുടങ്ങിയ കാര്യങ്ങൾ അസോസിയേഷനെ അറിയിക്കാം. ബന്ധപ്പെട്ട കാർഗോ കമ്പനിയെ ഇക്കാര്യം അസോസിയേഷനു രേഖാമൂലം അറിയിക്കാനാകും. പിഴവുകൾ ആവർത്തിക്കുന്ന കമ്പനിക്കെതിരെ അസോസിയേഷൻതലത്തിൽ നടപടി സ്വീകരിക്കും. ഇ മെയിൽ: help@nrid2d.com കൂടാതെ ഉപയോക്‌താക്കളുടെ സൗകര്യാർഥം പുതിയ വെബ്‌സൈറ്റും തുടങ്ങുകയാണ്. പരാതികൾ നൽകാനും ബന്ധപ്പെട്ടവർക്കു നിർദേശങ്ങൾ സമർപ്പിക്കാനും ഇതിൽ സൗകര്യമുണ്ട്. സൈറ്റ്: www.nrid2d.com 20,000 രൂപയ്‌ക്കു തുല്യമായ സാധനങ്ങൾ നികുതിയില്ലാതെ നാട്ടിലേക്ക് അയയ്‌ക്കാമായിരുന്ന സംവിധാനമാണു നിർത്തലാക്കിയത്. ഇതിനു ചരക്കുസേവനനികുതി (ജിഎസ്‌ടി)യുമായി ബന്ധമില്ല.

ഉദ്യോഗസ്‌ഥതലത്തിലുണ്ടായ പിഴവാണിതെന്നു കരുതുന്നു. 2,000 രൂപയുടെ സാധനങ്ങൾ അയയ്‌ക്കണമെങ്കിൽ 41% നികുതിയടയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ബിസിഡി10%, ഐജിഎസ്‌ടി 28 %, സെസ് 3 % എന്നിങ്ങനെയാണു ചുമത്തുക. അതേസമയം, സാധനങ്ങളുടെ മൂല്യം 2000 രൂപയിൽ കൂടുതലാണെങ്കിൽ തുകയുടെ 74% നികുതിയടയ്‌ക്കണമെന്ന നിബന്ധന പിൻവലിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഡോർ ടു ഡോർ കാർഗോയിൽ പ്രതിദിനം ഏകദേശം 500 ടൺ സാധനങ്ങൾ എത്തിയിരുന്നു. ഒന്നാംതീയതിക്കുശേഷം അതു കുത്തനെ കുറഞ്ഞു. യുഎഇയിൽ കാർഗോ മേഖലയിൽ ആറായിരത്തിലേറെ തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്; ഗൾഫ് മേഖലയിലാകെ ഒരു ലക്ഷത്തിലേറെയും. നാട്ടിലെ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തോളം വരുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വൈസ് ചെയർമാൻ ലാൽജി മാത്യു, ജോയിന്റ് സെക്രട്ടറി റഷീദ് ബിസ്‌മി, ഷാനവാസ്, സക്കീർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.