Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗം തളര്‍ത്താത്ത കരുത്ത്; യുഎഇ ഭരണാധികാരികളുടെ ചിത്രം വായ കൊണ്ടു വരച്ച് മലയാളി (വിഡിയോ)

jesfer-painting

ജെസ്ഫര്‍ ഒരു പേരല്ല, കരുത്തുറ്റ പ്രതീകമാണ്. കാലം കരുതിവച്ച ദുര്‍വിധിക്കു മുന്നില്‍ തളരാതെ അത്തരക്കാര്‍ക്കു കൈത്തിരിവെട്ടമായി തെളിഞ്ഞുകത്തുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം. മസിലുകളുടെ ശേഷി കുറഞ്ഞുപോകുന്ന മസ്‌കുലാര്‍ ഡിട്രോഫിയെന്ന രോഗം കൈകാലുകള്‍ തളര്‍ത്തുമ്പോഴും വായില്‍ കടിച്ചുപിടിച്ച ബ്രഷുകൊണ്ടു ജെസ്ഫര്‍ കോറിയിടുന്നത് ജീവന്‍ തുടിക്കുന്ന വര്‍ണക്കാഴ്ചകള്‍.

jesfer-wife

യുഎഇയിലെ ഏറ്റവും ജനകീയനായ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെയും ഏറ്റവും സുന്ദരനായ രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെയും ജീവന്‍ തുടിക്കുന്ന എണ്ണച്ചായചിത്രം ക്യാന്‍വാസിലേക്കു പകര്‍ത്തിയാണ് ഏറ്റവും ഒടുവില്‍ ജെസ്ഫര്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.

നാലു മാസത്തിലേറെ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ സാക്ഷാത്കരിക്കപ്പെട്ട 15 ചതുരശ്രയടിയുള്ള ചിത്രം യുഎഇ ഭരണാധികാരികള്‍ക്കു നേരിട്ടു സമര്‍പ്പിക്കാനുള്ള കാത്തിരിപ്പിലാണ് മലപ്പുറം കോട്ടക്കുന്നു സ്വദേശി ജെസ്ഫര്‍. ജനങ്ങള്‍ക്കൊപ്പം അവരുടെ ദുഃഖങ്ങളിലും നൊമ്പരങ്ങളിലും പങ്കാളികളായി രാജ്യം നയിക്കുന്ന ഭരണാധികാരികള്‍ എന്ന നിലയിലാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തീരുമാനിച്ചതെന്നു ജെസ്ഫര്‍ മനോരമ ഓണ്‍ലൈന്‍ ഗ്ലോബല്‍ മലയാളി സൈറ്റിനോടു പറഞ്ഞു.

ഭിന്നശേഷിയുള്ളവരെ ഇനിമേല്‍ നിശ്ചയദാര്‍ഢ്യമുള്ളവര്‍ (പീപ്പിള്‍ ഒഫ് ഡിറ്റെര്‍മിനേഷന്‍) എന്ന് അഭിസംബോധന ചെയ്യണമെന്ന് ഏപ്രിലില്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം നടത്തിയ പ്രസ്താവന, ലോകമെമ്പാടും വീല്‍ചെയറില്‍ കഴിയുന്ന തന്നെപ്പോലെയുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം എത്രത്തോളമെന്നു പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നു മുപ്പത്തിയൊന്നുകാരനായ ജെസ്ഫര്‍ പറഞ്ഞു. മുട്ട അടവച്ചു വിരിയിക്കാനിരുന്ന തള്ളപ്പക്ഷിക്കുവേണ്ടി വമ്പന്‍പ്രോജക്ടിന്റെ നിര്‍മാണപ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്പിച്ച തീരുമാനവും കാരുണ്യത്തിന്റെ ഉറവവറ്റാത്ത നിലപാടാണെന്നു ഗ്രീന്‍ പാലിയേറ്റീവ് എന്ന പരിസ്ഥിതി സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ ജെസ്ഫര്‍ പറഞ്ഞു.

jesfer-painting3

പാരാ ഒളിമ്പിക്‌സിനെ പിന്തുണച്ചുകൊണ്ട് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം നടത്തിയ പ്രസംഗം ഏറെ ഹൃദയഹാരിയായിരുന്നു. സഹജീവികളോടും പരിസ്ഥിതിയോടും ഈ ഭരണാധികാരികള്‍ വച്ചുപുലര്‍ത്തുന്ന കരുതലിനുള്ള നന്ദിപ്രകടനമാണ് തന്റെ ചിത്രങ്ങളെന്നും ജെസ്ഫര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഈ ഭരണാധികാരികളെ ഏറെ വര്‍ഷമായി പിന്തുടരുന്നുണ്ട്. അഞ്ചു മാസം മുമ്പാണു ചിത്രരചന ആരംഭിച്ചത്. 500 മണിക്കൂറിലേറെ നീണ്ട ചിത്രരചനയുടെ വിഡിയോയും ജെസ്ഫര്‍ തയാറാക്കിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ മൂന്നു നാലു മണിക്കൂര്‍ വരയ്ക്കുമ്പോള്‍ തന്നെ തളരും. ചിലപ്പോള്‍ രാവും പകലും കടന്നുപോകുന്നതറിയാതെ ചിത്രരചനയില്‍ മുഴുകിയിട്ടുണ്ടെന്നും ജെസ്ഫര്‍ പറഞ്ഞു.

രോഗത്തിന്റെ പിടിയില്‍ 

ആറാം ക്ലാസ് വരെ സ്‌കൂളില്‍ പോയാണ് ജെസ്ഫര്‍ പഠിച്ചിരുന്നത്. രോഗം ശരീരത്തെ തളര്‍ത്തിയതോടെ പിന്നീടു വീട്ടിലിരുന്നായി പഠനം. കുട്ടിക്കാലത്ത് കൈകള്‍ കൊണ്ടു ചിത്രങ്ങള്‍ വരച്ചിരുന്നു. കൈയിലെ മസിലുകളുടെ ശക്തി കുറഞ്ഞതോടെ അതു മുടങ്ങി. കൈകൊണ്ടു സാധനങ്ങള്‍ എടുക്കാന്‍ കഴിയാതെ വന്നതോടെ വായ കൊണ്ട് എടുത്താണ് ആദ്യം പരിശീലിച്ചത്. പിന്നീട് അതു ശീലമായി. പിന്നെ വായ കൊണ്ട് എഴുതാന്‍ പഠിച്ചു.

jesfer-painting1

അതിനു ശേഷമാണ് വായ കൊണ്ടുള്ള ചിത്രരചന പരീക്ഷിച്ചുനോക്കാന്‍ തീരുമാനിച്ചത്. ആദ്യമൊന്നും വഴങ്ങിയില്ല. ഏറെ നാള്‍ നീണ്ട, വിയര്‍പ്പും ചോരയും പൊടിഞ്ഞ പരിശീലനത്തിനൊടുവിലാണ് ചെറുതായി ചിത്രങ്ങള്‍ വരച്ചു തുടങ്ങിയത്. നിലവില്‍ ഏതാണ്ട് മുന്നൂറോളം ചിത്രങ്ങളാണ് ജെസ്ഫര്‍ വായ കൊണ്ടു വരച്ചിരിക്കുന്നത്. അന്തരിച്ച മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുൽ കലാമിന്റെ ചിത്രം പകര്‍ത്തിയത് അദ്ദേഹത്തിനു നേരിട്ടു സമ്മാനിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ജെസ്ഫര്‍ കരുതുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ മൗത്ത് ആന്‍ഡ് ഫുട്ട് പെയ്ന്റിങ് ആര്‍ട്ടിസ്റ്റ്‌സ് ഓഫ് ദി വേള്‍ഡ് (എഎംഎഫ്പിഎ) എന്ന സംഘടനയില്‍ അംഗമാണ് ജെസ്ഫര്‍. 74 രാജ്യങ്ങളില്‍ നിന്നായി എണ്ണൂറ് അംഗങ്ങളാണ് സംഘടനയിലുള്ളത്. ഇന്ത്യയില്‍നിന്ന് ഇരുപത് അംഗങ്ങളുണ്ട്. ജെസ്ഫര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും സംഘടനയാണ്.

jesfer-painting2

2012-ല്‍ സിംഗപ്പൂര്‍ സണ്‍ടെക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന രാജ്യാന്തര ചിത്രപ്രദര്‍ശനത്തില്‍ ജെസ്ഫര്‍ പങ്കെടുത്തിരുന്നു. 2005-ലും 2007-ലും കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം നടത്തിയിരുന്നു. നിരവധി അവാര്‍ഡുകളും ജെസ്ഫറിനെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യകാരിയായ ഭാര്യ ഫാത്തിമ ദൊഫാറിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ജെസ്ഫര്‍ കഴിയുന്നത്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട് ജെസ്ഫറിന്റെ ജീവിതസഖിയായ ഫാത്തിമ ‘അദൃശ്യരേഖ’ എന്ന പുസ്‌തകത്തിന്റെ രചയിതാവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.