Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിയുടെ ആകാശത്ത് ചിറക് വിടർത്താൻ 'പറക്കും ടാക്സികൾ' (വിഡിയോ)

-dub-air-taxi-dc ദുബായിലെ ഓട്ടോണമസ് എയർ ടാക്‌സി

ദുബായ് ∙ ഹൈടെക് വാഹനങ്ങൾ ചീറിപ്പായുന്ന ദുബായിൽ ‘പറക്കും ടാക്‌സികൾ’ ചിറകു വിടർത്താനൊരുങ്ങുന്നു. രണ്ടുപേർക്കു കയറാവുന്ന ഓട്ടോണമസ് എയർ ടാക്‌സി (എഎടി) എന്ന പറക്കും ടാക്‌സി ഈവർഷാവസാനത്തോടെ പരീക്ഷണപ്പറക്കൽ നടത്തും. സുരക്ഷയും പ്രവർത്തനക്ഷമതയുമായി ബന്ധപ്പെട്ട ഓരോ ഘടകത്തിന്റെയും മികവുകൾ കൂടുതൽ വ്യക്‌തമാകാൻ പരീക്ഷണപ്പറക്കൽ ആർടിഎ കുറച്ചുകൂടി നീട്ടുകയായിരുന്നു.

എയർ ടാക്‌സി പദ്ധതിക്കു ജർമൻ വോളോകോപ്‌റ്റർ കമ്പനിയുമായാണ് ആർടിഎ കരാർ ഉണ്ടാക്കിയത്. ഇത്തരം വാഹനങ്ങൾ നിർമിക്കുന്നതിൽ വൈദഗ്‌ധ്യം നേടിയ കമ്പനിയാണിത്. വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന എയർടാക്‌സിക്ക് 18 റോട്ടറുകൾ ഉണ്ടാകും. സുരക്ഷ ഏറ്റവും ഉറപ്പാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. ഏതെങ്കിലും റോട്ടറിനു കേടു സംഭവിച്ചാലും സുരക്ഷിതമായി ഇറങ്ങാൻ കഴിയും. ഓട്ടോപൈലറ്റ് സംവിധാനവുമുണ്ട്. സഞ്ചാരപഥവും മറ്റും മുൻകൂട്ടി സെറ്റ് ചെയ്യാം.

air-taxi-inside-dc എയർടാക്‌സിയുടെ ഉൾഭാഗം

വിമാനം പറത്താനുള്ള ലൈസൻസ് വേണമെന്നില്ല. എയർടാക്‌സിയുടെ സഞ്ചാരപഥം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദുബായ് വ്യോമയാന അതോറിറ്റിയുമായി ആർടിഎ ചർച്ചകൾ നടത്തിവരികയാണ്. പറന്നുയരാനും ലാൻഡ് ചെയ്യാനുമുള്ള പ്രത്യേക കേന്ദ്രങ്ങളൊരുക്കും. നിയമപരമായ കാര്യങ്ങളിലടക്കം വ്യക്‌തമായ രൂപരേഖ തയാറാക്കും. ലോകോത്തര നിലവാരമുള്ള സേവനമായിരിക്കും ലഭ്യമാക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ താൽപര്യപ്രകാരമാണു പദ്ധതി നടപ്പാക്കുന്നതെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

ദുബായിയെ ലോകത്തെ ഏറ്റവും മികച്ച സ്‌മാർട് നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ഗതാഗത മേഖലയിൽ വൻപദ്ധതികൾ പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്കും ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കും. എയർടാക്‌സി പദ്ധതിയുമായി ബന്ധപ്പെട്ട് ആർടിഎ സംഘം വിവിധ നിർമാണക്കമ്പനികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സുരക്ഷയ്‌ക്കും സാങ്കേതിക മികവിനും യാത്രാസുഖത്തിനും ഉൾപ്പെടെ കർശന വ്യവസ്‌ഥകൾ നിഷ്‌കർഷിക്കുന്ന ജർമൻ ഏവിയേഷൻ അതോറിറ്റി മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന കമ്പനിയാണ് വോളോകോപ്‌റ്റർ. എയർ ടാക്‌സിയുടെ ഓരോ ഘടകത്തിന്റെയും മികവ് ബോധ്യപ്പെടാനുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും ചൂണ്ടിക്കാട്ടി.

മികവുകൾ, പുതുമകൾ

air-taxi-loota ആർടിഎ ചെയർമാൻ മത്തർ അൽ തായർ

1. ഉന്നതനിലവാരമുള്ള യന്ത്രഘടകങ്ങളാകും ഓട്ടോണമസ് എയർ ടാക്‌സിയിൽ ഉണ്ടാകുക. പ്രൊപ്പല്ലറുകൾ, മോട്ടോർ, ഊർജസ്രോതസ്സ്, ഇലക്‌ട്രോണിക് സംവിധാനങ്ങൾ, ഗതിനിയന്ത്രണ സംവിധാനം എന്നിങ്ങനെ വിമാനത്തിന്റെ പോലുള്ള പ്രധാനപ്പെട്ട എല്ലാ ഘടകങ്ങളും ഇതിനുമുണ്ട്.

∙ ഒൻപത് ബാറ്ററി യൂണിറ്റുകൾ, പാരഷൂട്ട്, ബാറ്ററി ക്യുക് ചേഞ്ച്–പ്ലഗ് ഇൻ സംവിധാനം എന്നിവയുമുണ്ടാകും. 40 മിനിറ്റ് കൊണ്ടു ബാറ്ററി ചാർജ് ചെയ്യാം.

∙ ആഡംബരപൂർണമായ വാഹനമാണിത്. രണ്ടുപേർക്ക് സുഖമായി യാത്രചെയ്യാം. ലതർ സീറ്റുകൾ.

∙ പൂർണമായും പരിസ്‌ഥിതി സൗഹൃദ വ്യോമയാനം. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇതിനു ശബ്‌ദം തീരെ കുറവാണ്.

∙ രണ്ടു മീറ്റർ ഉയരമുള്ള എഎടിക്ക് മണിക്കൂറിൽ 100 കിലോമീറ്ററാണ് പരമാവധി വേഗം. ഏഴുമീറ്റർ ചുറ്റളവിലാണു പ്രൊപ്പല്ലറുകൾ കറങ്ങുക.

∙ തിരക്കേറിയ നഗരവീഥികളിൽ ഗതാഗതക്കുരുക്കു രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം ഉയർന്നുവന്നത്. ചരക്കുഗതാഗതം ഉൾപ്പെടെ സാധ്യമാകുന്ന വിധത്തിൽ പദ്ധതി വിപുലമാക്കാനും പ്രമുഖരാജ്യങ്ങൾ ഒരുങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.