Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താപനില 51 ഡിഗ്രി സെൽഷ്യസ് വരെ; ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

Temperature ചൂടിനെ പ്രതിരോധിക്കാൻ വസ്ത്രംകൊണ്ടു ശരീരം മൂടി നടന്നുപോകുന്ന ഫിലിപ്പീനി യുവതികൾ. ഷാർജയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: സിറാജ് കീഴ്മാടം

ഷാർജ∙ യുഎഇയിൽ വേനൽച്ചൂട് കനത്തു. അബുദാബി ലിവയ്ക്കടുത്തെ മെസൈറയിൽ ശനിയാഴ്ച 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻസിഎംഎസ് റിപ്പോർട്ടു ചെയ്തു. ഇത് ഇൗ വർഷത്തെ ഏറ്റവും കൂടിയ ചൂടാണ്. അതേസമയം, ഞായറാഴ്ചത്തെ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷ ഉൗഷ്മാവ് 95 ഡിഗ്രി വരെയും.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പകൽനേരങ്ങളിലെ താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ പോകുമെന്ന് എൻസിഎംഎസ് ട്വിറ്ററിൽ അറിയിച്ചു. പലയിടത്തും രാവിലെ ശക്തമായ മൂടൽമഞ്ഞും ഉണ്ടായിരുന്നു. മിക്ക എമിറേറ്റുകളിലും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്.

രാജ്യത്ത് ഞായറാഴ്ച ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടതു റക്നയിലാണ് – 22.5 ഡിഗ്രി സെൽഷ്യസ്. ചൂടും പൊടിക്കാറ്റും അസുഖങ്ങൾക്ക് കാരണമാകുന്നതിനാൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഗൾഫിൽ വേനൽച്ചൂട് അനുദിനം വർധിക്കുന്നതനുസരിച്ച് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതായി റിപ്പോർട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണു ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

∙ രോഗങ്ങളെ അകറ്റണം

dubai

സൂര്യതാപമേറ്റു ജോലി ചെയ്യുന്നവർക്കാണു കൂടുതലും പ്രശ്നങ്ങളുണ്ടാകുന്നത്. മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികൾ, ചപ്പുചവറുകളും മാലിന്യങ്ങളും ശേഖരിക്കുന്നവർ, ഡെലിവറി ബോയിമാർ, റോഡ് നിർമാണം, അറ്റകുറ്റപ്പണി എന്നിവയിൽ വ്യാപൃതരാകുന്നവർ, റസ്റ്ററന്റുകളിലെ അടുക്കള ജോലിക്കാർ തുടങ്ങിയവർക്കാണു ചൂടുകാലം ദുരിതംവിതയ്ക്കുന്നത്.

കുട്ടികളിൽ ചിക്കൻ പോക്സ്, കണ്ണുരോഗം എന്നിവ വേഗം പടരുന്നു. ജലദോഷവും പനിയും വ്യാപകമാണ്. ശരീരത്തിൽ ക്രമാതീതമായി ചൂട് അനുഭവപ്പെടുക, തൊലിയിൽ ചുവപ്പോടു കൂടിയ പൊങ്ങൽ ഉണ്ടാകുക (ചിക്കൻപോക്സ്–Heat rash), ചൊറിച്ചിൽ, തലവേദന, ഓക്കാനം, ഛർദ്ദി, തളർച്ച (Heat Exhaustion), മയക്കം, തലകറക്കം, മസിൽപിടിത്തം (Heat cramps), അപസ്മാരം തുടങ്ങി മസ്തിഷ്കാഘാതം മൂലം ഉണരാത്ത അവസ്ഥ (Coma) വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. കൊച്ചുകുട്ടികൾ, പ്രായമുള്ളവർ, അമിതവണ്ണമുള്ളവർ, വെളിയിൽ ജോലി ചെയ്യുന്നവർ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരിലാണ് ആരോഗ്യപ്രശ്നങ്ങൾ കൂടുതലും കണ്ടുവരുന്നത്.

ചൂടുകാലത്തു പലവിധ രോഗങ്ങൾ കണ്ടുവരുന്നതായും ഇതേക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ വേണമെന്നും ഷാർജ അൽ ഫരീദ് മെഡിക്കൽ സെന്ററിലെ ഡോ. ഗോകുലൻ പറഞ്ഞു. വേനൽച്ചൂടിന്റെ തീവ്രത അനുസരിച്ച് രോഗലക്ഷണങ്ങളും വ്യത്യസ്തമാകും. സാധാരണഗതിയിൽ താപനില സ്വമേധയ നിയന്ത്രിക്കാനുള്ള സ്വയം പ്രവർത്തിക്കുന്ന സംവിധാനം ശരീരത്തിലുണ്ട്. എന്നാൽ അന്തരീക്ഷ താപനില വർദ്ധിക്കുന്നതോടൊപ്പം ഈർപ്പത്തിന്റെ (Humidity) തോത് വർദ്ധിക്കുന്നഅവസ്ഥയിൽ ശരീരത്തിലെ വിയർപ്പിന്റെ ബാഷ്പീകരണം മന്ദഗതിയിലാകുന്നു. അതോടെ ശരീരത്തിലെ ചൂട് പ്രത്യേകിച്ച് ശരീരത്തിന്റെ ആന്തരിക ഊഷ്മാവ് ( Core temperature) ക്രമാതീതമായി വർദ്ധിക്കുന്നു.

∙ സൂര്യാഘാതം സംഭവിച്ചാൽ

സൂര്യാഘാതം ഏറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് തുറസ്സായ സ്ഥലത്തേക്കോ തണുപ്പുള്ള മുറിയിലേക്കോ മാറ്റി പ്രാഥമിക ശുശ്രൂഷ നൽകണം. വസ്ത്രങ്ങൾ മാറ്റിയശേഷം തണുത്ത വെള്ളത്തിൽ കഴുകുകയോ കുളിപ്പിക്കുകയോ ആവാം. അതിനോടൊപ്പം ണുത്ത കാറ്റ് കൊള്ളിക്കുന്നതും അഭികാമ്യം. കഴുത്തിലും കക്ഷത്തും ഇടുപ്പിലും ഐസ് പായ്ക്ക്  വയ്ക്കുന്നതുവഴി ചൂട് എളുപ്പത്തിൽ കുറയ്ക്കാനാവും. ഈ രീതിയിൽ തണുപ്പിക്കുന്നതിനോടൊപ്പം ശരീരോഷ്മാവ് നീരിക്ഷിക്കുകയും വേണം. ഊഷ്മാവ് സാധാരണ നിലയിൽ (37- 38 ഡിഗ്രി സെൽഷ്യസ്) എത്തിയാൽ ശരീരം തണുപ്പിക്കുന്നതു നിർത്തണം. അതിനുശേഷം തണുത്തത് കുടിക്കാൻ കൊടുക്കണം. പ്രാഥമികമായിട്ടുള്ള ഇത്തരം ചികിൽസയ്ക്കുശേഷം വിദഗ്ധ പരിശോധന ലഭ്യമാക്കേണ്ടതുണ്ട്.

അപസ്മാരമോ ഛർദ്ദിയോ ഉണ്ടെങ്കിൽ ഇടതുവശം ചരിച്ചുകിടത്തി ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വേനൽച്ചൂടിൽ പുറത്തു ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് ഇത്തരം സാഹചര്യവുമായി പരിചയിച്ചിട്ടില്ലാത്ത ആളുകൾക്ക് സൂര്യതാപം കഠിനമായി അനുഭവപ്പെടും. ശരീരത്തിൽനിന്നു ജലാംശവും ലവണങ്ങളും ധാരാളം നഷ്ടപ്പെടുന്നതുകൊണ്ട്  തളർച്ചയും മയക്കവും (Heat Exhaustion) അനുഭവപ്പെടുന്നു.

നേരത്തെ പറഞ്ഞ ചികിത്സാക്രമം ഇവിടെയും തുടരേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ ജോലി ചെയ്യുന്നയാളുകൾ ആവശ്യമായ മുൻകരുതലിന്റെ ഭാഗമായി ചൂട് മൂർധന്യമാകുന്ന സമയത്തു ജോലി ചെയ്യുന്നത്‌ ഒഴിവാക്കിയും ധാരാളം തണുത്ത വെള്ളം ( ഒആർഎസ് ലായനി) കുടിച്ചും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയും ഫലപ്രദമായി പ്രതിരോധിക്കാം.

∙ പ്രതിരോധ മാർഗങ്ങൾ

വ്യക്തമായ മുൻകരുതലുകളും ഒരുക്കങ്ങൾകൊണ്ടും വേനൽച്ചൂടിനെ പ്രതിരോധിക്കാനാവും. സൂര്യതാപവുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ ഏറ്റവുംവേഗം പരിചരണം ലഭിക്കേണ്ട ഒന്നാണ്  സൂര്യാഘാതം. സൂര്യതാപത്തിന്റെ കാതലായ പ്രശ്നം ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുക അഥവാ നിർജലീകരണം (Dehydration) എന്ന അവസ്ഥയാണ്. ധാരാളം വെള്ളം കുടിക്കുക, ചൂടിനനുയോജ്യമായ വസ്ത്രധാരണം, താപത്തെ അതിജീവിക്കാൻ ഉപയുക്തമായ ലേപനങ്ങൾ (Sunscreen) ഉപയോഗിക്കുക, വീതിയുള്ള ഷെയ്ഡോടുകൂടിയ തൊപ്പി ധരിക്കുക, തണുപ്പോതണലോ ഉള്ള സ്ഥലങ്ങളിൽ കഴിയുക തുടങ്ങിയവയാണു പ്രതിരോധ മാർഗങ്ങൾ.

സൂര്യതാപം ഏൽക്കുന്ന ഭാഗങ്ങളിൽ ചെറിയ ചുവപ്പുകുരുക്കളും പൊള്ളലുകളും ഉണ്ടാകാറുണ്ട്. ഇത്  ശരീരത്തിൽ അസഹ്യമായ ചൊറിച്ചിലും ഉണ്ടാക്കുന്നു. തണുത്ത വെള്ളത്തിലുള്ള കുളി, ഐസ് പായ്ക്ക് വയ്ക്കുക, കുളിക്കുന്ന വെള്ളത്തിൽ അല്പം സോഡാക്കാരം ഇട്ടശേഷം കുളിക്കുക, അയഞ്ഞ കോട്ടൺവസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് പരിഹാര മാർഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.