Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്‌കാരം മലയാള മനോരമയ്ക്ക്

news-award സമഗ്ര കവറേജിനുള്ള ഗ്ലോബൽ വില്ലേജ് മീഡിയാ പുരസ്‌കാരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രിൻസ് ബി.നായർക്ക് സമ്മാനിക്കുന്നു.

ദുബായ് ∙ ദുബായ് ഗവൺമെന്റ് ഏർപ്പെടുത്തിയ ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്‌കാരം തുടർച്ചയായ മൂന്നാം വർഷവും മലയാള മനോരമയ്ക്ക്. മധ്യപൂർവദേശത്തെ ഏറ്റവും മികച്ച കുടുംബ വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ സമഗ്ര കവറേജിന് ഏഷ്യൻ പ്രസിദ്ധീകരണങ്ങളുടെ വിഭാഗത്തിൽ മനോരമ ദുബായ് ബ്യൂറോയിലെ പ്രിൻസ് ബി.നായർ എഴുതിയ ഫീച്ചറുകളാണ് അവാർഡിനർഹമായത്.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശിയായ പ്രിൻസ് തുടർച്ചയായ മൂന്നാം തവണയാണ് പുരസ്‌കാരം നേടുന്നത്. 10,000 ദിർഹവും (1.75 ലക്ഷം രൂപ) ഫലകവും ഉൾപ്പെടുന്ന പുരസ്കാരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമ്മാനിച്ചു. ഏഷ്യനെറ്റിലെ ഫൈസൽ ബിൻ അഹമ്മദിനു (10,000 ദിർഹം) മികച്ച ടിവി കവറേജിനുള്ള പുരസ്‌കാരവും മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം മാധ്യമം ദിനപത്രത്തിലെ എം.ഫിറോസ് ഖാനും (7,000 ദിർഹം) ലഭിച്ചു.

വൈവിധ്യമാർന്ന കാഴ്ചകളും ഷോപ്പിങ് അനുഭവവും സാംസ്‌കാരിക പരിപാടിയുമൊരുക്കിയ ഇന്ത്യ പവിലിയന് ഏറ്റവും മികച്ച പവിലിയനുള്ള പുരസ്‌കാരം ലഭിച്ചു. ഇന്ത്യ പവിലിയൻ സിഇഒ: സുനിൽ ഭാട്ടിയയും ഇന്ത്യൻ പവിലിയനിലെ മറ്റു പ്രതിനിധികളും ചേർന്നു പുരസ്‌കാരം ഏറ്റുവാങ്ങി. ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങളിൽ മികച്ച റിപ്പോർട്ടിങ്ങിന് അഞ്ജന കുമാർ (ഗൾഫ് ന്യൂസ് എക്‌സ്പ്രസ്), മികച്ച ലേഖനത്തിന് ഡെറക് ബാൽഡ്‌വിൻ (ഗൾഫ് ന്യൂസ്), ഗ്ലോബൽ വില്ലേജ് അനുഭവത്തിനുള്ള സമഗ്ര റിപ്പോർട്ടിങ്ങിന് ക്രിസ്റ്റഫർ മാക്‌സ്‌വെൽ (ടൈം ഔട് ദുബായ്) എന്നിവരും അവാർഡിനർഹരായി.

രാജ്യത്തിന്റെ പൈതൃകം വിളംബരം ചെയ്യുന്ന മാതൃകയൊരുക്കിയതിന് ഈജിപ്ത് പവിലിയനും മികച്ച സംഗീതപരിപാടിയൊരുക്കിയതിന് പാക്കിസ്ഥാൻ പവിലിയനും കരകൗശല വിദ്യകൾക്കും മറ്റും പ്രത്യേക മേഖലയൊരുക്കിയതിന് മൊറോക്കോ പവിലിയനും പുരസ്‌കാരം നേടി. അറബിക് പ്രസിദ്ധീകരണങ്ങളിൽ പുരസ്‌കാരം നേടിയവർ: മുഹമ്മദ് അബ്ദുൽ മഖ്‌സൂദ് (ഇമറാത് അൽ യാം), മഹാ ആദിൽ (അൽ ഖലീജ്), ഇമാദ് അലാ ഇദ്ദിൻ (അൽ ബയാൻ), ഷിറീൻ ഫറൂഖ്, മുസ്തഫ അബ്ദുൽ അസിം.

prince-b-nair പ്രിൻസ് ബി.നായർ

മറ്റു പുരസ്‌കാരങ്ങൾ: യുകി നോ ഹന (ജാപ്പനീസ് വിഭവങ്ങളുടെ മികച്ച കിയോസ്‌ക്), സദഫ് (മികച്ച റസ്റ്ററന്റ്), സമ അറഫ കിച്ചൻ (മികച്ച സ്വദേശി വിഭവങ്ങൾ), എസ്‌കേപ്പ് ഹണ്ട് (ഗെയിമിനുള്ള ഔട്‌ലെറ്റ്). ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ്, ജനറൽ ഡിപാർട്‌മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി, ജനറൽ ഡിപാർട്‌മെന്റ് ഓഫ് ഓപറേഷൻസ്, ജനറൽ ഡിപാർട്‌മെന്റ് ഓഫ് ട്രാഫിക്, അൽ ബർഷ പൊലീസ് സ്‌റ്റേഷൻ, സിവിൽ ഡിഫൻസ്, എമിഗ്രേഷൻ, ആർടിഎ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത് അതോറിറ്റി, ആംബുലൻസ് സർവീസ്, ദീവ, ഡിപാർട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റ്, അൽ അമീൻ സർവീസ്, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ, ദുബായ് എസ്എംഇ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, സാമൂഹിക വികസന മന്ത്രാലയം, അറേബ്യൻ റേഡിയോ നെറ്റ്‌വർക്, ഗ്രൂപ്പ് സെക്യൂരിറ്റി എന്നിവയുടെ പ്രതിനിധികളെയും ആദരിച്ചു.

ഗ്ലോബൽ വില്ലേജിൽ ഓരോവർഷവും ലോകരാജ്യങ്ങളുടെ പങ്കാളിത്തം കൂടിവരികയാണെന്ന് സിഇഒ: അഹമ്മദ് ഹുസൈൻ പറഞ്ഞു. സർക്കാർ വകുപ്പുകൾക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തമുണ്ട്. വിനോദവും വിജ്ഞാനവും കാഴ്ചകളുടെ സമൃദ്ധിയുമുള്ള ലോകസംഗമമാണ് ഗ്ലോബൽ വില്ലേജെന്നും ചൂണ്ടിക്കാട്ടി. ദുബായ് ഗവൺമെന്റിന്റെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ആഭിമുഖ്യത്തിലുള്ള ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഗ്ലോബൽ വില്ലേജ്. 21-ാമത് സീസണിൽ ഇന്ത്യയുൾപ്പെടെ 75ൽ ഏറെ രാജ്യങ്ങളാണു പങ്കെടുത്തത്. ഗ്ലോബൽ വില്ലേജിന്റെ 22-ാമത് സീസൺ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. 158 ദിവസം നീണ്ടുനിൽക്കുന്ന മേള ഏപ്രിൽ ഏഴിന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.