Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടോര്‍മകൾ നിറയ്ക്കും ഇൗ തായ് രുചിലോകം

dubai-item ഗ്ലോബൽ വില്ലേജിലെ തായ്‍ലൻഡ് പവിലിയനിലെ കൊണ്ടോ‍‌ട്ടലോകം

ദുബായ് ∙ ആരെടാ വലിയവൻ എന്ന മട്ടിൽ പുളിയും എരിവും മൽസരിച്ചു നിൽക്കുന്ന ഷാപ്പ് മീൻകറികളുടെ ആരാധകരായ മലയാളികൾ ‘തായ്’ കൈപ്പുണ്യത്തിനു മുന്നിൽ വാ പൊളിച്ചുനിൽക്കുന്നു. കറികളുടെയും കൊണ്ടാട്ടങ്ങളുടെയും ഉപ്പുമാങ്ങയുടെയുമൊക്കെ വിദൂരസാന്നിധ്യം പോലും മണത്തറിയുന്നവർ വെറുമൊരു ‘മൂക്കകലത്തിൽ’ കറങ്ങിനടക്കുമ്പോൾ തായ്‌ലൻഡ് അടുക്കളക്കാര്യങ്ങൾ അരങ്ങിലേക്ക്.

ഗ്ലോബൽ വില്ലേജിലെ തായ്‌ലൻഡ് പവിലിയനിൽ അപരന്മാരെ കണ്ട് അന്തംവിട്ടു നിൽക്കുകയാണു മലയാളികൾ. മലയാളിത്തമുള്ള ശീലങ്ങൾ തണുത്തകാറ്റുകൊണ്ട് കൂടുകളിൽ ഊഞ്ഞാലാടുന്നു. ശർക്കരപ്പാനിയിൽ നീന്തിത്തുടിച്ചു കരയ്‌ക്കു കയറി വെയിലത്തു കിടന്നു വടിപോലെയായ നത്തോലിയും കൂന്തലും ചെമ്മീനും പൊടിമീനുമൊക്കെയാണു കൂടുകളിലെ കൂട്ടുകാർ. കൂടുകൾക്കും അപ്പുറമാണ് ‘ഡ്രൈ’ കാഴ്‌ചകൾ.

മധുരപ്പുളി

അരിയും പച്ചക്കറിയും മീനുമൊക്കെ വീക്‌നെസ് ആയ തായ്‌ലൻഡുകാർ തനിനാടൻ ശീലങ്ങളെ പാത്രങ്ങളിലാക്കിയവരാണ്. മലയാളികളുമായി മനപ്പൊരുത്തമേറെ. വീടായാലൊരു പുളിമരം വേണമെന്ന് ഇവർക്കു നിർബന്ധം. വാളൻപുളിയിലെ മധുരപ്പുളിയിനത്തോടാണ് പ്രിയം. പഴുത്തുപാകമായ ചോക്‌ലേറ്റ് നിറമുള്ള വാളൻപുളി അടുക്കളയിൽ മാത്രമല്ല, മനസ്സിലും നിറഞ്ഞുനിൽക്കുന്നു. വെയിലത്തിട്ടു നന്നാക്കി ഉണക്കിയ പുളി ഉപ്പുചേർത്തിടിച്ചു കുടത്തിലും പ്ലാസ്‌റ്റിക് കൂടിലും സൂക്ഷിക്കുന്നതാണു പരമ്പരാഗത രീതി. കുരുസഹിതം കുഞ്ഞുരുളകളാക്കിയ പുളി നന്നായി ഉണക്കി പ്ലാസ്‌റ്റിക് കവറിലിട്ടു സൂക്ഷിച്ചു വച്ചതു കണ്ടാൽ പണ്ടത്തെ ശർക്കര മിഠായിയുടെ തനിപ്പകർപ്പ്. മധുരവും പുളിയും സമാസമം. നുണഞ്ഞുതുടങ്ങിയാൽ വായിലെ തൊലി പോകുന്നതു പോലും അറിയുകയേയില്ല. അത്രയ്‌ക്കാണു രുചി. ചെറുപ്പകാലത്ത് പുളിമരത്തിൽ ഒരിക്കലെങ്കിലും കല്ലെറിഞ്ഞിട്ടുള്ള മലയാളികൾ കടയ്‌ക്കു മുന്നിൽ വരിനിൽക്കുന്നതിൽ കാര്യമില്ലാതില്ല.

ഉണക്കുവിദ്യ

വാളൻപുളി മാത്രമല്ല, തക്കാളി, ഓറഞ്ച്, ചക്ക, ദുരിയൻ, കൂൺ തുടങ്ങിയവയും ഉണക്കിസൂക്ഷിക്കുന്ന ശീലമുണ്ട്. ഇവയെല്ലാം ചെല്ലുന്നതോടെ ദഹനരസങ്ങൾ ഉഷാറാകുമത്രെ. ആഹാരം കഴിക്കാൻ പ്രത്യേക ഉന്മേഷം കിട്ടുന്നു. ഉണക്കിയെടുത്ത ഈവക സാധനങ്ങൾ ലേശം വെള്ളമൊഴിച്ചു വേവിച്ചെടുത്താൽ വെജിറ്റബിൾ, ഫ്രൂട്ട്‌സ്, ഡ്രൈഫിഷ് സൂപ്പുകളായി. ഇതിലൊന്നും ഇറച്ചിക്കു സ്‌ഥാനമില്ല എന്നതാണു പ്രത്യേകത. മീനിനോടാണു മൊത്തത്തിൽ താൽപര്യം.

അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം തുടങ്ങിയവ ശർക്കരപ്പാനിയിൽ മുങ്ങി മിഠായി പരുവത്തിൽ ആരാധകരെ കാത്തിരിക്കുന്നു. പക്ഷേ, തായ് പവിലിയനിൽ എത്തുന്നവരുടെ നോട്ടം മുഴുവൻ സ്‌പെഷൽ കവറുകളിലേക്കാണ്. ചിപ്‌സുകളുടെ ലോകം എന്നാണ് തായ്‌ലൻഡുകാർ ഇതിനെ വിശേഷിപ്പിക്കുക. നന്നായി ഉണക്കിയെടുത്ത ഉണക്കമീനുകൾ ശർക്കരപ്പാനിയിലിട്ടു നന്നായി വരട്ടി വീണ്ടും വെയിലത്തിട്ട് ഉണക്കിയെടുക്കുന്നതാണ് മീൻകൊണ്ടാട്ടം. ശർക്കരയുപ്പേരി പോലെ കഴിക്കാം. കഴിച്ചു പകുതിയാകുമ്പോഴാണ് വായിൽ രുചിയുടെ വാലിട്ടടിക്കുന്നതു മീനാണെന്നു ബോധ്യമാകുക. നത്തോലിയും കൂന്തലുമാണ് മീൻകൊണ്ടാട്ടത്തിൽ സൂപ്പർ. കൂന്തൽ മോതിരം പോലെ മുറിച്ചെടുത്തും മൊത്തമായും പല പരുവത്തിലാക്കിയാണു കലാപരിപാടി. കണവയെ ശർക്കര പാനിയിൽ കിടത്തി മെഷീനിൽ കയറ്റി ചപ്പാത്തി പരുവത്തിലാക്കി വെള്ളം ലേശംപോലുമില്ലാതെ ഉണക്കി വായുകടക്കാത്തവിധം കവറിലാക്കുന്ന ജാലവിദ്യ നിസ്സാരമല്ല. രാജ്യാന്തര ആരാധകരുടെ താൽപര്യം കണക്കിലെടുത്ത് ഇതിൽ അൽപം കുരുമുളകുപൊടി തൂകുന്ന ശീലം ഈയിടെ തുടങ്ങി.

ചെമ്മീന്‍ സൂപ്പ്

ചെമ്മീൻ തോടുകളഞ്ഞ് പുഴുങ്ങി പ്രത്യേകരീതിയിൽ ഉണക്കിയെടുത്തുള്ള വിഭവങ്ങളും തായ്‌ലൻഡുകാർ ഇഷ്‌ടപ്പെടുന്നു. സോംടാം പപ്പായ സാലഡ് ഇതിൽ പ്രധാനം. പുഴുങ്ങി ഉണങ്ങിയ ചെമ്മീൻ, പച്ച പപ്പായ (കപ്പളങ്ങ), ചുവന്ന മുളക്, ബീൻസ്, ഉപ്പ്, തേൻ, സോസ് തുടങ്ങിയവയാണു മുഖ്യചേരുവകൾ. ഒറ്റനോട്ടത്തിൽ കളർഫുൾ സൂപ്പ് ആയി തോന്നാം. വയറിന് ഇത്രയും നല്ല മറ്റൊരു വിഭവമില്ലത്രേ. ഏതുവിഭവത്തിലും അൽപം പഞ്ചസാരയോ ശർക്കരയോ ചേർക്കുന്നതാണ് തായ്‌ലൻഡുകാരുടെ പൊതുവെയുള്ള ശീലം.

ഒറ്റമൂലി

തായ് പവിലിയനിൽ സർവരോഗസംഹാരിയായ തൈലങ്ങളും സുലഭം. മരുന്നുകൂട്ടുകളുടെ മണം പിടിച്ചെത്തുന്നവർ സ്‌റ്റാളിൽ തിങ്ങിനിറയുമ്പോൾ രോഗങ്ങൾക്കുള്ള തനിനാടൻ ചികിൽസകൾ നിശ്‌ചയിക്കുകയാണ് സൊജിത് ലൊഹാചാറ്റ. ഗ്ലോബൽവില്ലേജിൽ എല്ലാവർഷവും സ്‌റ്റാൾ തുറക്കുന്ന സൊജിത് ഏവർക്കും സുപരിചിത. ജലദോഷം, തലവേദന, നടുവുവേദന, മുട്ടുവേദന, തുമ്മൽ, ചുമ എന്നിങ്ങനെ എന്തിനും തൈലങ്ങൾ റെഡി. തനി നാടൻ മരുന്നാണത്രേ. പുല്ലുകളും പൂക്കളും വേരുകളുമൊക്കെ വാറ്റിയെടുക്കുന്ന അപൂർവ കോംപിനേഷൻ.

ദേഹത്തു നന്നായി തേച്ചുപിടിപ്പിച്ച് ആവികൊണ്ടാൽ ഒരുവിധം അസുഖങ്ങളൊക്കെ പമ്പകടക്കുമെന്നാണ് അവകാശവാദം. പലവിധ രോഗങ്ങൾക്കുള്ള പായ്‌ക്കറ്റുകൾ അടങ്ങിയ കിറ്റുകളുമുണ്ട്. സ്‌റ്റാളിലെ പതിവുകാരിലൊരാൾ പറയുന്നതിങ്ങനെ: ഒന്നുറപ്പിക്കാം–രോഗം മാറിയില്ലെങ്കിലും പാർശ്വഫലങ്ങൾ ഇല്ലേയില്ല. ശാരീരിക പ്രശ്‌നങ്ങൾക്കു പ്രധാനകാരണം ജീവിതരീതിയാണെന്ന് സൊജിത് പറയുന്നു. നല്ല കസേരയും കട്ടിലും ഉപയോഗിച്ചാൽ പകുതി പ്രശ്‌നങ്ങൾ മാറും. തലയണ ഒഴിവാക്കുക. പറ്റുമെങ്കിൽ കിടക്കയും. വിശാലമായൊന്നു നീന്തിക്കുളിക്കുക കൂടി ചെയ്‌താൽ ഒരുവിധം പ്രശ്‌നങ്ങൾ ഒഴിവാകും. കുളിക്കാൻ കുളമില്ലാത്ത നാടാണെങ്കിൽ നന്നായി നടക്കുക. തായ്‌ലൻഡിലെ നാട്ടുവിദ്യകളുടെ ബാലപാഠം ഇതാണെന്നും സൊജിത് പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.