Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷണ്ടിത്തലയിൽ ഇനി ‘ചൈനീസ് മുടി’ വിപ്ലവം

chinees-vig ഗ്ലോബൽ വില്ലേജ് ചൈനീസ് പവിലിയനിലെ വിഗ്ഗ് ലോകം.

ദുബായ് ∙ മുടി വെട്ടിയൊതുക്കുന്ന കത്രികയുടെ ‘കിറുകിറു’ ശബ്‌ദം ചീനക്കാരുടെ തലയിൽനിന്ന് ഇനി ഉയരില്ല. നീട്ടിവളർത്തിയ മുടിയുമായി ഊഴംകാത്ത് ബാർബർഷോപ്പിൽ കാത്തിരിക്കുന്നവരുടെ കാലം കഴിഞ്ഞുവെന്നു ചൈനീസ് സുന്ദരിമാർ പ്രഖ്യാപിക്കുമ്പോൾ തലപ്പൊക്കമുള്ള കാഴ്‌ചകൾ നിറയുകയാണ് ഗ്ലോബൽ വില്ലേജിലെ ചൈനീസ് പവിലിയനിൽ. പലനിറങ്ങളിലും നീളത്തിലുമുള്ള വിഗ്ഗുകൾ ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ പ്രായത്തെ ചീകിയിറക്കുകയാണിവിടെ. ‘നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം’ എന്നു ചീനന്മാർ പ്രഖ്യാപിക്കുമ്പോൾ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം.

ഗൾഫുകാർ പെയിന്റടിച്ചു തലകറുപ്പിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞാണ് നൂതന വിഗ്ഗുകളുമായി ഇവർ എത്തിയത്. തലയിൽ ചായം പൂശിയാൽ പ്രശ്‌നങ്ങൾ പലതാണെന്ന് സ്‌റ്റാളിലെ സുന്ദരിമാർ പറയുന്നു. അസഹ്യമായ ചൊറിച്ചിലാണു പലരുടെയും പ്രശ്‌നം. ആദ്യമൊന്നും ചൊറിച്ചിൽ ഉണ്ടാകില്ലെങ്കിലും ‘പെയിന്റിങ്’ ശീലമാക്കിയാൽ നഖം നീട്ടി വളർത്താതെ രക്ഷയില്ലെന്നാണ് ഇവരുടെ ആക്ഷേപം.

എത്രയൊക്കെ സൂക്ഷിച്ച് ഡൈ ചെയ്‌താലും നഖത്തിലും വിരലുകളിലും കറുത്ത അടയാളങ്ങൾ കാണുമെന്നതാണ് മറ്റൊരു ദുരന്തം. ഈവക പ്രശ്‌നങ്ങൾക്കൊക്കെ സിംപിൾ പരിഹാരമാണ് ചൈനീസ് വിഗ്ഗ്. കഴുകിയാൽ നിറം പോയി ചകിരിനാരുപോലെയാകുന്ന അവസ്‌ഥയില്ല. ലൈഫ് ടൈം ഗാരന്റി. പ്രത്യേകതരം നാരുകൾകൊണ്ടാണു നിർമാണം. പ്ലാസ്‌റ്റിക് അല്ലേയല്ല. ഏതുപ്രായക്കാർക്കും തലയിൽ പിടിപ്പിക്കാം. നീട്ടാനും ചുരുട്ടാനും കഴിയും.

ഷാംപൂ ഉപയോഗിച്ചു കഴുകുകയും ചെയ്യാം. സ്വാഭാവിക മുടിയിൽ ചെയ്യുന്നതൊക്കെയും ഇതിൽ പരീക്ഷിക്കാമത്രേ. ചുവപ്പ്, ബ്രൗൺ, കറുപ്പ്, വയലറ്റ് എന്നിങ്ങനെ പല നിറങ്ങളിൽ ലഭ്യമാണ്. കഴുകാനുള്ള ഷാംപുവും തിളക്കം കിട്ടാനുള്ള പോളിഷും സ്‌റ്റാളിലുണ്ട്. വേഷത്തിനു യോജിക്കും വിധമുള്ള വിഗ്ഗുകൾ ധരിക്കാം. കാറ്റടിച്ചാൽ പറന്നുപോകുമെന്ന പേടിയും വേണ്ട. ക്ലിപ്പുകൾ പോലുമില്ലാതെ തലയിൽ ഉറച്ചിരിക്കും. ശക്‌തമായ കാറ്റടിച്ചാൽ പറന്നുപോകുന്ന തൊപ്പി വിഗ്ഗുകൾ പലരുടെയും പ്രതിച്‌ഛായ തകർക്കുന്ന സാഹചര്യത്തിൽ ചൈനീസ് വിഗ്‌ഗുകൾക്കു വൻ സ്വീകാര്യത. മലയാളികൾ ഉൾപ്പെടെയുള്ളവർ വിഗ്ഗുകളുടെ മാസ്‌മരിക ലോകത്തു മതിമറന്നു നിൽക്കുന്നു. നീളൻ മുടിയുള്ള വിഗ്ഗിന് 120 ദിർഹം, ബോയ്‌കട്ട് ആണെങ്കിൽ 90 ദിർഹം മാത്രം.

തല തരിശായവർ മൂന്നോ നാലോ വിഗ്ഗുകൾ വാങ്ങിയാൽ ഓരോ ദിവസവും വെറൈറ്റി ഭാവങ്ങൾ പരീക്ഷിക്കാം. നെറ്റിയിലേക്കും കവിളിലേക്കും പടർന്നുകിടക്കുന്ന നേർത്ത മുടികൾ സഹിതമുള്ള വിഗ്ഗ് ആണിത്. വെയിലത്തുകൂടി നടന്നാൽ നരച്ചുപോകുകയോ മഴയത്തു നടന്നാൽ നിറമിളകുകയോ ഇല്ല. കഷണ്ടിത്തലകളുടെ എണ്ണം ലോകമെങ്ങും കുതിച്ചുയരുന്ന സാഹചര്യത്തിൽ വിഗ്ഗുകൾക്ക് അനന്ത സാധ്യതകളാണുള്ളതെന്നു സ്‌റ്റാളിലെ സുന്ദരി ലീൻ പറയുന്നു.

ഏഷ്യൻ മുടി, ആഫ്രിക്കൻ മുടി, യൂറോപ്യൻ മുടി എന്നിങ്ങനെ വിഗ്ഗിനെ പൊതുവെ തിരിക്കാം. ആഫ്രിക്കൻ സ്‌പ്രിങ് മുടിവരെ സ്‌റ്റാളിലുണ്ട്. ആണുങ്ങൾക്കുള്ള വിഗ്ഗുകളും ധാരാളം. മുടിയുള്ളവർക്കും ചൈനീസ് വിഗ്ഗ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഷർട്ടും പാന്റ്‌സുമൊക്കെ മാറും പോലെ തലയിലും ചില വേഷംകെട്ടുകൾ എന്നു ചിന്തിച്ചാൽ വിഗ്ഗിന്റെ സാധ്യതകൾ അപാരമെന്നു ബോധ്യമാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.