Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ നൂറു വേദികളിലായി കലാപരിപാടികൾ;‌ കിഴക്കൻ പ്രവിശ്യ ഉത്സവ ലഹരിയിൽ

saudi-festival

ദമാം ∙ സൗദിയിലെ കലാസ്വാദന രംഗത്തെ പുതിയ മാറ്റത്തിന്റെ ഭാഗമായി ദമാം കേന്ദ്രമായ കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിക്കുന്ന 'പ്രവിശ്യ ഉൽസവ'ത്തിന്‌ വർണാഭമായ തുടക്കം. 101 വേദികളിലായി നാലു പട്ടണങ്ങളിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികൾ‌ സൗദിയുടെ സംസ്കാരിക ചരിത്രത്തിൽ പുതിയ നാഴിക്കല്ലാകും. ദമാം, അൽ ഖോബാർ, അൽ ജുബൈൽ, അൽ ഹസ്സ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാണ്‌ പരിപാടികൾ‌. ഉത്സവം മാർച്ച്‌ 30 വരെ നീണ്ടു നിൽക്കും. 

രാജ്യ–രാജ്യാന്തര തലത്തിലെ കലാകാരന്മാരും പ്രതിഭകളും ആസ്വാദകരും സംഗമിക്കുന്ന‌ ഉത്സവത്തിൽ നവീനാനുഭവങ്ങളിലൂടെ കിഴക്കൻ പ്രവിശ്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിക്കാട്ടുകയാണ്‌  ലക്ഷ്യം. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കുകയും അറബ്‌ മേഖലയിലെ 2019 ലെ വിനോദ സഞ്ചാര തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അൽ ഹസ്സയുടെ ചരിത്രപരവും പൈതൃക സൗന്ദര്യവുമടങ്ങിയ പരിപാടികൾ അവതരിപ്പിക്കുതിലൂടെ പ്രാദേശികവും അന്തർദേശീയവുമായ സന്ദർശകരെ ആകർഷിക്കാനാവുമെന്ന് സംഘാടകർ കരുതുന്നു‌. ഇത് മേഖലയിൽ ശ്രദ്ധേയമായ മാനുഷികവും സാമ്പത്തികവുമായ ഫലമുളവാക്കും. 

saudi-festival1

കായിക പരിപാടികളിലൂടെയും വിനോദങ്ങളിലൂടെയും ജീവിത നിലവാരം ഉയർത്തുക, ജീവിതശൈലി പ്രോൽസാഹിപ്പിക്കുക എന്നിവയാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. സംസ്കാരം, പാരമ്പര്യം, കല, വിനോദം, വിശ്രമം, കായികം, സാമൂഹിക പങ്കാളിത്തം എന്നിവ ഉൾപ്പെടുത്തിയാണ്‌ ഉത്സവ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 

റെഡ്ബുൾ എയർ റേസ്‌, വാങ്‌ഗോക്ക് ചിത്ര‌ പ്രദർശനം, രാജ്യാന്തര സംഗീത മേള, ലോക സിനിമ പ്രദർശനം, മൾടി മീഡിയ വാട്ടർ ഷോ, വെടിക്കെട്ട്‌, കലാ പ്രദർശനം, ലിനാർഡോ ഡാവിഞ്ചി ഗ്യാലറി, മോക (കാപ്പി ഷോ), കോമഡി ഷോ, സാംസ്കാരിക ഗ്രാമം, ഈജിപ്ഷ്യൻ സംഗിത നാടകം, തുറന്ന സിനിമ, അക്വാ ബൈക്‌ റൈസ്‌, സെയിൽ ബോട്ട്‌‌ റൈസ്‌, ഇത്‌റ ലാബ്‌, ലൈറ്റിംഗ്‌ ഗിഫ്റ്റ്‌, ഡ്രോൺസ്‌ ഷോ, റോബോടിക്‌ കോൺഫറൻസ്‌, ഫിലിം ഫെസ്റ്റിവൽ, ടോയ്സ്‌ ഫെസ്റ്റ്‌, ഡ്രിഫ്റ്റ്‌ ചലഞ്ച്‌, അഡ്വൻച്വർ പാർക്ക്‌, കവിയരങ്ങ്‌, സാംസ്കാരിക സായാഹ്നം, ആരോഗ്യ-ഗതാഗത ബോധവൽകരണ പരിപാടി, പക്ഷി പ്രദർശനം തുടങ്ങി വൈവിധ്യം നിറഞ്ഞതും ചരിത്രപരവുമായ മെഗാ പരിപാടികളാണ്‌ പ്രവിശ്യ ഉത്സവത്തിലുള്ളത്‌. 

saudi-festival2

കോബാർ, ദമാം, ജുബൈൽ, ഹസ കടൽ തീരങ്ങൾ, പ്രത്യേക വേദികൾ എന്നിവയ്ക്കൊപ്പം ഹുഫൂഫ്‌, ഖഫ്ജി, ഹഫർ ബാതിൻ, നാരിയ, ഇത്‌റ (ലോക സാംസ്കാരിക കേന്ദ്രം) എന്നിവിടങ്ങളിലാണ്‌ വേദികൾ. 'ഇപി ഇവന്റ്സ്‌' മൊബൈൽ ആപിലൂടെ പരിപാടികളുടെ വിശദമായ പട്ടികയും സമയ ക്രമവും ലഭിക്കും. വിനോദ സഞ്ചാര വകുപ്പും പൊതു ആസ്വാദന വിഭാഗവും ചേർന്നാണ്‌ സന്ദർശകരെ ഏറെ ആകർഷിക്കുന്ന പ്രവിശ്യോൽസവം മൂസിമുശ്ശർഖിയ (കിഴക്കൻ പ്രവിശ്യ വസന്തം) എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.