Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറോണ വൈറസ് ഭീതിയിൽ സൗദി; ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

saudi-Coronavirus

റിയാദ് ∙ സൗദി അറേബ്യയിൽ അഞ്ചു ദിവസത്തിനിടെ 20 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 13 പേരും വാദി ദവാസിർ നിവാസികളാണ്. റിയാദ് 4, ഖമീസ് മുഷൈത്ത്, ഖുറയ്യാത്ത്, ബുറൈദ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 

2012 സെപ്റ്റംബറില്‍ സൗദിയിലെ അമ്പതോളം പേരില്‍ പ്രത്യക്ഷപ്പെട്ട രോഗത്തെക്കുറിച്ച് ഇന്‍റര്‍നാഷണല്‍ കമ്മ്യൂണിറ്റി ഫോര്‍ ടക്സോണമി വൈറസ് സ്റ്റഡി നടത്തിയ പഠനത്തിലാണ് മെര്‍സ് വൈറസിനെ കണ്ടെത്തിയത്. ഇതോടകം 27 രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2012 മുതൽ 2018 നവംബർ 30 വരെ 2274 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 806 പേർ മരിക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ചവരിൽ 80% സൗദിയിലുള്ളവരാണെന്നതാണ് മേഖലയിൽ ഇതിന്‍റെ ഗൗരവം വർധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒമാനിൽ രണ്ടു പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു.

എന്താണ് ഈ വൈറസ്? ലക്ഷണങ്ങൾ ഇവ

മധ്യപൂര്‍വദേശത്ത് കണ്ടുവരുന്ന വൈറസിനെയാണ് മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം അഥവാ മെര്‍സ് കൊറോണ എന്ന പേരിൽ അറിയപ്പെടുന്നത്. ഒട്ടകത്തിൽനിന്നാണ് വൈറസ് പകരുന്നതെന്നാണ് റിപ്പോർട്ട്. കടുത്ത ശരീര വേദന, പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ രോഗം കണ്ടെത്താതെ വരുമ്പോള്‍ ന്യൂമോണിയ ആയി മാറും. മതിയായ ചികില്‍സ ലഭ്യമായില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടുകയും സ്ഥിതി ഗുരുതരമായി മരണത്തിലേക്ക് നയിക്കുകയും ചെയ്യും. 

രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശം തുടങ്ങിയ രോഗമുള്ളവരിലാണു മെര്‍സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുട്ടികളെ ഇതു വേഗത്തില്‍ ബാധിക്കും. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുക എന്നതാണ് പ്രധാനം. അതേസമയം കൊറോണ വൈറസിനെക്കുറിച്ച് ഭീതിവേണ്ടെന്നും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികില്‍സിച്ച് മാറ്റാനാവുമെന്നും ഡോക്ടര്‍മാർ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.