Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധശിക്ഷ കാത്ത് 13 വർഷം ജയിലിൽ; സൗദിയിൽ മലയാളിയുടെ മോചനത്തിന് വഴി തെളിയുന്നു

saudi-riyal representative image

റിയാദ് ∙ സൗദിയിൽ വധശിക്ഷ കാത്തു കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനു വഴി തെളിയുന്നു. സ്പോൺസറുടെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പു നൽകാൻ സന്നദ്ധത അറിയിച്ചതോടെയാണിത്. ദിയാധനം എത്രയാണെന്നു കോടതി തീരുമാനിക്കും. 3 മുതൽ 5 ലക്ഷം റിയാൽ വരെയാകാനാണു സാധ്യതയെന്ന് റഹീമിന്റെ അഭിഭാഷകൻ അലി അൽ മിസ്ഫർ അൽ ഹാജിരി സൂചിപ്പിച്ചു. 2006 ഡിസംബർ 24ന് സുവൈദിയയിലെ ട്രാഫിക് സിഗ്നലിനടുത്താണു കേസിനാസ്പദമായ സംഭവം നടന്നത്.

ഹയ്യുൽ മൻസൂറയിൽ സ്വദേശിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റഹീം. സ്വദേശിയുടെ ബുദ്ധി വൈകല്യമുള്ള മകൻ അനസിനോടൊപ്പം കാറിൽ പോകുന്നതിനിടെ അയാൾ അക്രമാസക്തനാകകയും കഴുത്തിൽ ശസ്ത്രക്രിയ ചെയ്തു ഘടിപ്പിച്ചിരുന്ന ഉപകരണം റഹീമിന്റെ കൈ തട്ടി ഇളകുകയും ചെയ്തു. ഇതോടെ അനസ് ബോധരഹിതനായി. സഹായത്തിനായി ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തിയെങ്കിലും കേസ് ഭയന്ന് അദ്ദേഹം തിരിച്ചുപോയി. തുടർന്ന് അനസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ അബ്ദുൽ റഹീമിന് വധശിക്ഷ ലഭിക്കുകയായിരുന്നു.

കുറ്റം മറച്ചുവച്ചതിന് പിടിയിലായ നസീർ രണ്ടു വർഷത്തെ തടവു കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.13 വർഷമായി തടവ് അനുഭവിക്കുന്ന റഹീമിന്റെ മോചനത്തിനു റിയാദിൽ നിയമ സഹായ സമിതി രൂപീകരിച്ചിരുന്നു. കേസിൽ ഇന്ത്യൻ എംബസിയും ഇടപെടുന്നുണ്ട്. മോചനത്തിനുള്ള സാധ്യത തെളിഞ്ഞതിനാൽ ദിയാധനത്തിനുള്ള തുക സ്വരൂപിച്ച് എത്രയും വേഗം അബ്ദുൽ റഹീമിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണു സഹായ സമിതിയും റിയാദിലെ പ്രവാസി മലയാളികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.