Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പ്രവാസികൾക്കു നഷ്ടങ്ങളുടെ വർഷം; ആറു മാസത്തിനിടെ തൊഴിൽ പോയത് 5.24 ലക്ഷം പേർക്ക്

job-loss representative image

റിയാദ് ∙ സൗദിയിൽ സ്വദേശിവൽകരണം മുമ്പെങ്ങുമില്ലാത്തവിധം ശക്തമാക്കിയതോടെ പ്രവാസികൾക്ക് 2018 നഷ്ടങ്ങളുടെ വർഷം. എന്നാൽ സ്വദേശിവൽകരണം ശക്തമാകുമ്പോഴും വിദഗ്ധ ജോലിക്കാർക്കു പുതുവർഷം ആശാവഹമായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21 മാസത്തെ കണക്കനുസരിച്ച് സൗദിയിൽ 15 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം 2017ൽ 4.66 ലക്ഷം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. 2018 ആദ്യ ആറു മാസത്തിനിടെ മാത്രം 5.24 ലക്ഷം വിദേശികൾക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുപ്രകാരം സ്വകാര്യ മേഖലകളിലെ പ്രവാസികളുടെ എണ്ണത്തിൽ 5.5 ലക്ഷത്തിന്റെ കുറവുണ്ടായതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ (ഗോസി) റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു പറയുന്നു.

ഇതെല്ലാം ഉൾപ്പെടെ ഒന്നേമുക്കാൽ വർഷത്തിനിടെ 15 ലക്ഷം പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയത്. അവിദഗ്ധർക്കു മാത്രമല്ല വിദഗ്ധ ജോലിക്കാരായ വിദേശികളും സമീപഭാവിയിൽ തിരിച്ചുപോകേണ്ടിവരുമെന്നാണു സൗദിയുടെ നടപടികൾ സൂചിപ്പിക്കുന്നത്. 4 വർഷത്തിനകം സ്വകാര്യ തൊഴിൽ മേഖലയിൽ സൗദി പൗരന്മാരുടെ എണ്ണം 30 ലക്ഷമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തിലേക്കാണ് സൗദി കുതിക്കുന്നത്. 12 മേഖലകളിൽ സ്വദേശിവൽകരണം പ്രഖ്യാപിച്ച് നിതാഖാതിന്റെ ഏറ്റവും പുതിയ ഘട്ടത്തിന് സെപ്റ്റംബറിൽ തുടക്കം കുറിച്ചിരുന്നു.


സൗദി പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നതിൽ കുറവ്


ജിദ്ദ ∙ സൗദിയിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ 17.6 ശതമാനം കുറവ്. നവംബറിൽ 990 കോടി റിയാലാണ് സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്ക് അയച്ചത്. 2017 നവംബറിൽ ഇത് 1202 കോടി റിയാലായിരുന്നുവെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ)യുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ സൗദികളുടെ പണമിടപാടുകളിൽ 39.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2017ൽ 790 കോടി റിയാൽ പണമിടപാട് നടത്തിയപ്പോൾ 2018ൽ ഇത് 480 കോടിയായി കുറയുകയായിരുന്നു.


പ്രവാസി സമ്മാൻ അവാർഡ് ജേതാവും സൗദിയിലെ സാമൂഹിക പ്രവർത്തകനുമായ ഷിഹാബ് കൊട്ടുകാട് പറയുന്നു

ലെവി, ആശ്രിത ലെവി, സ്വദേശിവൽകരണം, സേവന ഫീസ് വർധന തുടങ്ങിയവ മൂലം 2018 ആശങ്കകൾ നിറഞ്ഞതായിരുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് പിടിച്ചുനിൽക്കാനാവാതെ പ്രയാസപ്പെടുന്നത്. ഇതു ഏറ്റവും കൂടുതൽ ബാധിച്ചതും മലയാളികളെ തന്നെ. ആശ്രിത ലെവി മൂലം നല്ലൊരു ശതമാനം പേരും കുടുംബാംഗങ്ങളെ നാട്ടിലേക്കയച്ചു. പ്രഫഷനലുകൾക്കും തൊഴിൽ നഷ്ടപ്പെട്ടു തുടങ്ങി. സ്വദേശികൾക്ക് ജോലി കണ്ടെത്തേണ്ടത് രാജ്യത്തിന്റെ ബാധ്യതയായതിനാൽ പുതിയ മേഖലകളും അവസരങ്ങളും കണ്ടെത്തുകയാണ് പ്രവാസി ഇന്ത്യക്കാർ ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.