Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് തബൂക്കിൽ പ്രവർത്തനം തുടങ്ങി

lulu-hypermarket-saudi

തബൂക് ∙ ലുലു ഗ്രൂപ്പിന്റെ സൗദിയിലെ പതിനാലാമത്തെ ഹൈപ്പർമാർക്കറ്റ് തബൂക്കിൽ പ്രവർത്തനമാരംഭിച്ചു. വടക്കുപടിഞ്ഞാറൻ മേഖലയിൽ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർ മാർക്കറ്റാണിത്. തബൂക്ക് മേയർ എൻജിനീയർ ഫാരിസ് എം. അൽ ഷർഹാനി ഉദ്ഘാടനം ചെയ്തു. തബൂക് ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ അഹ്മദ് അസീരി സന്നിഹിതനായിരുന്നു. ഇതോടെ ഗ്രൂപ്പിന്റെ കീഴിലുള്ള മൊത്തം ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 154 ആയി ഉയർന്നു.

തബൂക്കിലെ കിങ് ഫൈസൽ റോഡിൽ പുതുതായി ആരംഭിച്ച പാർക്ക് മാളിൽ 1,45,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഹൈപ്പർമാർക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. പലചരക്ക് സാധനങ്ങൾ, പാൽ ഉൽപന്നങ്ങൾ, മത്സ്യം, മാംസം, വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങൾ, കായിക, ഐടി ഉൽപന്നങ്ങൾ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ ഉപഭോക്താക്കളുടെ സൗകര്യാർഥം വിവിധ മേഖലകളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റ് തുടങ്ങുകയാണു തങ്ങളുടെ നയമെന്നും ഇതുമൂലം സാധനങ്ങൾ വാങ്ങാൻ ജനങ്ങൾക്ക് അധികം ദൂരം വാഹനമോടിച്ചു പോകേണ്ടിവരില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

ലോകോത്തര ഷോപ്പിങ് അനുഭവമാണു ലുലു ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്കു രാജ്യാന്തര നിലവാരമുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

നിയോം സിറ്റി പദ്ധതിയിൽ ലുലുവിന് 50,000 കോടി ഡോളർ നിക്ഷേപം

വികസനത്തിന്റെ വാതായനങ്ങൾ തുറന്ന് സൗദി പ്രഖ്യാപിച്ച വിഷൻ 2030നൊപ്പം ലുലു ഗ്രൂപ്പും പങ്കുചേരും. രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ നിയോം സിറ്റിയിൽ ലുലു ഗ്രൂപ്പ് 50,000 കോടി ഡോളർ (37 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്നും യൂസഫലി പറഞ്ഞു. വരും നാളുകളിൽ കൂടുതൽ നിക്ഷേപ പദ്ധതി പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു.

രണ്ടു വർഷത്തിനകം 100 കോടി റിയാൽ ചെലവിൽ സൗദിയിൽ 15 പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം ഇതോടകം തുറന്നു. നാലു ഹൈപ്പർമാർക്കറ്റുകൾ വർഷാവസാനത്തോടെ തുറക്കും. ഇതിൽ രണ്ടെണ്ണം ജിദ്ദയിലും ഒരെണ്ണം വീതം ദമാമിലെ അൽഖർജിലും വടക്കൻ റിയാദിലുമാണു തുറക്കുക. 100 കോടി റിയാലാണ് ഇതുവരെ സൗദിയിൽ നിക്ഷേപിച്ചത്.

പതിനാലു ഹൈപ്പർമാർക്കറ്റുകളിൽ എട്ടെണ്ണം ആരോംകോയുടെ സ്ഥലത്തായിരിക്കും. രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാകുന്നതിനു സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നല്ല പിന്തുണയാണ് നൽകുന്നതെന്നും പറഞ്ഞു. ലുലു പദ്ധതികളിലൂടെ കൂടുതൽ സ്വദേശികൾക്ക് ജോലി നൽകാനും സാധിക്കുന്നതായി യൂസഫലി കൂട്ടിച്ചേർത്തു.

നിലവിൽ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന 3000 സ്വദേശികളിൽ 1200 പേരും വനിതകളാണ്. രണ്ടായിരത്തിഇരുപതോടെ സ്വദേശി ജീവനക്കാരുടെ എണ്ണം 6000 ആക്കി വർധിപ്പിക്കും. റീട്ടെയിൽ മേഖലയിൽ ജോലിചെയ്യാനാവശ്യമായ പരിശീലനവും നൽകുന്നുണ്ട്. 20 കോടി സൗദി റിയാൽ ചെലവിൽ കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിൽ പത്തുലക്ഷം ചതുരശ്ര അടി വലുപ്പത്തിൽ ലോജിസ്റ്റിക് സെന്ററും തുടങ്ങുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.