Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിദ്ദ ഇന്ത്യൻ സ്കൂൾ അടുത്ത ആഴ്ച മുതൽ തുറന്നേക്കും

dub-international-indian-school,-jeddah

ജിദ്ദ ∙ വാടക വർധനയിൽ കെട്ടിട ഉടമ വിട്ടുവീഴ്ച ചെയ്തതോടെ ജിദ്ദ ഇന്ത്യൻ സ്കൂളിലെ പ്രശ്നത്തിനു താൽക്കാലിക പരിഹാരമായി. സ്കൂൾ അടുത്തയാഴ്ച തുറന്നു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ സമയോചിത ഇടപെടലാണു സ്കൂളിനും വിദ്യാർഥികൾക്കും ആശ്വാസമായത്.

കെട്ടിട ഉടമയുമായി കോൺസുലേറ്റ് ഉദ്യോഗസ്ഥർ നടത്തിയ അനുരഞ്ജന ചർച്ചയിൽ വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് വാടക വർധനയിലും കുടിശികയിലും അൽപം വിട്ടുവീഴ്ച ചെയ്യാൻ ഉടമ സന്നദ്ധമാവുകയായിരുന്നു. 2019 ജൂലൈ 31 വരെയുള്ള സാവകാശമാണു സ്കൂളിനു ലഭിച്ചിരിക്കുന്നത്. രണ്ടു വർഷത്തെ വാടക കുടിശികയായ 1.2 കോടി ദിർഹം രണ്ടു ഗഡുക്കളായി നൽകാനും ധാരണയായി എന്നാണ് അറിയുന്നത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2019 ജൂലൈ 31നകം ഉടമയുമായി ചർച്ച നടത്തി പുതിയ കരാറുണ്ടാക്കണമെന്നു കോൺസുലേറ്റ് അറിയിച്ചു.

കെട്ടിട ഉടമയുമായി കോൺസുലേറ്റ് ഉണ്ടാക്കിയ താൽക്കാലിക ഉപാധികൾക്ക് ഇന്ത്യൻ എംബസിയും അംഗീകാരം നൽകി. ഇതോടെ ആൺകുട്ടികളുടെ പഠനം ഇതേ സ്കൂളിൽ തന്നെ തുടരാൻ തീരുമാനമായി. വർധിപ്പിച്ച വാടകയും കുടിശികയും നൽകാത്തതിനാൽ ചൊവ്വാഴ്ച കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു കോടതി മുഖേന ഉടമയുടെ അന്ത്യശാസനം. അടുത്ത ജൂലൈ വരെ സ്കൂളിൽ തുടരാമെന്ന സന്തോഷവാർത്ത സ്കൂൾ മാനേജിങ് കമ്മിറ്റി എസ്എംഎസ് സന്ദേശത്തിലൂടെ രക്ഷിതാക്കളെ അറിയിച്ചു.

സ്കൂളിലും വെബ്സൈറ്റിലും അറിയിപ്പുണ്ട്. തീരുമാനത്തെ വിദ്യാർഥികളും അധ്യാപകരും സ്വാഗതം ചെയ്തു. എത്രയുംവേഗം സ്കൂൾ തുറന്നു പ്രവർത്തിക്കുമെന്നു വ്യക്തമാക്കിയെങ്കിലും പ്രത്യേക തീയതി പരാമർശിച്ചിട്ടില്ല. പുതിയ തീരുമാനത്തോടെ സ്കൂൾ കെട്ടിടത്തിൽനിന്ന് സാധനങ്ങൾ മാറ്റുന്നതു നിർത്തിവച്ചു. മാറ്റിയ സാധനങ്ങൾ തിരിച്ചുകൊണ്ടുവന്നു പുനഃസ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. വാടകത്തർക്കത്തിൽപെട്ട് ആടിയുലയുന്ന തങ്ങളുടെ വിദ്യാഭ്യാസ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. സേവ് ഇന്ത്യൻ സ്കൂൾ എന്ന പ്രമേയത്തിലായിരുന്നു വീണ്ടെടുക്കൽ ക്യാംപെയിൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.