Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1.16 ലക്ഷത്തോളം ഇന്ത്യൻ ഹാജിമാർ തിരിച്ചെത്തി

hajj

മക്ക ∙ ഹാജിമാർക്കു സൗദി വിടാനുള്ള കാലാവധി രണ്ടാഴ്ച ശേഷിക്കെ 1.16 ലക്ഷത്തോളം ഇന്ത്യൻ ഹാജിമാർ നാട്ടിലെത്തി. സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള 46,294 പേരും കേന്ദ്ര ഹജ് കമ്മിറ്റി വഴി എത്തിയ 69,892 ഹാജിമാരും അടക്കമുള്ള 1,16,186 പേരാണ് ഇതോടകം മടങ്ങിയത്. കേന്ദ്ര ഹജ് കമ്മിറ്റി വഴി എത്തിയ മലയാളികളടക്കം അവശേഷിക്കുന്ന 58,672 ഹാജിമാരെ ഈ മാസം 25ന് അകം ഇന്ത്യയിലെത്തിക്കുമെന്നു ഹജ് മിഷൻ അറിയിച്ചു. 

ഹജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ച് 17 ദിവസം പിന്നിട്ടപ്പോൾ 266 വിമാനങ്ങളിലായി ഇന്നലെ വൈകിട്ടുവരെ 69,892 ഹാജിമാരെയാണു നാട്ടിലെത്തിച്ചത്. ഇനി അവശേഷിക്കുന്ന 58,672 പേരിൽ 46,383 പേരും മദീനാ സന്ദർശനത്തിലാണുള്ളത്. ഇവരെ മദീനയിൽനിന്നുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും. കേന്ദ്ര ഹജ് കമ്മിറ്റി വഴി എത്തിയ മലയാളി ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച ആരംഭിച്ചിരുന്നു. അവസാന വിമാനം ഈ മാസം 25നു രാത്രി 11.15ന് ആയിരിക്കും പുറപ്പെടുക. 1,75,025 പേരാണ് ഇത്തവണ ഇന്ത്യയിൽനിന്നു ഹജ് നിർവഹിക്കാനെത്തിയത്.

ഇവരിൽ 155 പേർ പുണ്യനഗരിയിൽ മരണപ്പെട്ടു. സ്വകാര്യ ഗ്രൂപ്പിലെത്തിയ 29 പേരും ഹജ് കമ്മിറ്റി വഴി എത്തിയ 126 പേരുമാണു മരിച്ചത്. വിദേശ രാജ്യങ്ങളിൽനിന്നെത്തിയ 13 ലക്ഷത്തോളംപേർ ഇതോടകം മടങ്ങിയതായാണു റിപ്പോർട്ട്. അവശേഷിക്കുന്ന മുഴുവൻ ഹാജിമാരും 25ന് അകം രാജ്യംവിടണമെന്നു ഹജ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അഭ്യർഥിച്ചു. നിശ്ചിത സമയത്തിനകം രാജ്യംവിടാത്ത ഹാജിമാർക്കു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.