Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈക്കൂലി: സൗദി പ്രതിരോധ ഉദ്യോഗസ്ഥൻ പിടിയിൽ

റിയാദ്∙ കൈക്കൂലി കേസിൽ സൗദി പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അറസ്റ്റിൽ. പത്തുലക്ഷം റിയാൽ കൈക്കൂലി വാങ്ങുകയും ചട്ടവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത കേസിലാണ് പിടിയിലായത്. ഒരു കമ്പനിക്ക് നൽകാനുണ്ടായിരുന്ന തുക വിതരണം ചെയ്യുന്നതിൽ ക്രമവിരുദ്ധ നടപടി സ്വീകരിച്ചതിനുള്ള പാരിതോഷികമായാണ് കൈക്കൂലി വാങ്ങിയത്.

വിശ്വാസവഞ്ചന കാട്ടി കൈക്കൂലി വാങ്ങിയ കാര്യം ഉദ്യോഗസ്ഥൻ സമ്മതിച്ചതായി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുജീബ് പറഞ്ഞു. അറസ്റ്റിലായ മൂന്നുപേരുടെയും വിശദാംശങ്ങൾ  പുറത്തുവിട്ടിട്ടില്ല. അഴിമതിക്കേസിൽ രാജകുടുംബാംഗവും മന്ത്രിമാരും മുൻമന്ത്രിമാരും അടക്കം ഇരുനൂറോളം പേരെ കഴിഞ്ഞ നവംബറിൽ സൗദി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻെറ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയാണ് വമ്പൻമാർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

അഴിമതി, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ആറു മാസത്തിനിടെ നിയമലംഘനത്തിൻെറ പേരിൽ 71 പേർ അറസ്റ്റിലായി. മൊത്തം 40,000 കോടി റിയാലിൻെറ അഴിമതി നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ അഴിമതി തുടച്ചുനീക്കുന്നതിന് ഏപ്രിലിൽ ആരംഭിച്ച പ്രത്യേക ക്യാംപെയിൻ തുടരുമെന്നും അറ്റോർണി ജനറൽ പറഞ്ഞു. ചെറുതും വലുതുമായ അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല.

ശരീഅത്ത് നിയമം അനുസരിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. പൊതുധനവും അധികാരവും ദുരുപയോഗം ചെയ്ത് ദേശതാൽപര്യത്തിനെതിരെ പ്രവർത്തിച്ചവർ എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. നിയമത്തിന് ആരും അതീതരല്ലെന്ന് കാണിക്കുന്നതാണ് അഴിമതിക്കാർക്കെതിരെയുള്ള കടുത്ത നടപടിയെന്ന് ഭരണാധികാരി സൽമാൻ രാജാവും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.