Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുമാസം; സൗദിയിൽ ജോലി പോയത് 2.34 ലക്ഷം വിദേശികൾക്ക്

job-depression

ജിദ്ദ∙ സ്വദേശിവൽക്കരണം ഊർജിതമാക്കിയ സൗദിയിൽ ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് 2.34 ലക്ഷം വിദേശികൾക്ക്. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തിരുന്ന വിദേശികളാണ് തൊഴിൽ രഹിതരായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കു പ്രകാരം 2017 അവസാന പാദം 1.042 കോടി വിദേശ ജോലിക്കാരാണ് സൗദിയിൽ ഉണ്ടായിരുന്നത്. ഈ വർഷം ആദ്യ പാദം അവസാനിച്ചപ്പോൾ അത് 1.018 കോടിയായി കുറഞ്ഞു.

ദിവസേന 266 വിദേശ വനിതകൾക്കാണ് ജോലി നഷ്ടമാകുന്നത്. ആഴ്ചയിൽ 1859, മാസത്തിൽ 7966 എന്നിങ്ങനെ വിദേശ വനിതകൾ ജോലി നഷ്ടപ്പെട്ട് തൊഴിൽ വിപണിയിൽനിന്ന് പുറത്തേക്ക് പോകുന്നു. ഇതേസമയം ജോലി അന്വേഷിക്കുന്ന സ്വദേശികളുടെ എണ്ണം 1.33 ശതമാനമായി കുറഞ്ഞു. ദിവസേന 160 സ്വദേശികൾക്ക് ജോലി ലഭിക്കുന്നു എന്നർഥം.

കഴിഞ്ഞ പതിനഞ്ചു മാസത്തെ മൊത്തം കണക്കെടുത്താൽ ഏഴു ലക്ഷത്തിലേറെ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 2017 ആദ്യം മുതൽ ഈ വർഷം ആദ്യ പാദം വരെ തൊഴിൽ വിപണിയിലെ വിദേശികളുടെ എണ്ണത്തിൽ ഏകദേശം 7,00,200 പേരുടെ കുറവുണ്ടായി. ഇക്കാലയളവിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 89,000 പേരുടെ വർധനയുണ്ടായതായും ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശികളിൽ 72 ശതമാനവും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്തവരാണ്. ഇവരിൽ 18 ശതമാനം പേർ 30നും 34നും ഇടയിൽ പ്രായമുള്ളവരും 16.9 ശതമാനം പേർ 25-29 പ്രായക്കാരുമാണ്. 18 ശതമാനം പേർ ഭവന സഹായം കാത്തിരിക്കുന്നവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 65ന് മുകളിൽ പ്രായമുള്ള 0.4 ശതമാനം പേർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. സാമ്പത്തികം, ടെലികമ്യൂണിക്കേഷൻസ്, ഇൻഷുറൻസ്, ഡ്രൈവിങ്, റീട്ടെയിൽ മാർക്കറ്റ് തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ സ്വദേശിവൽക്കരണമാണ് ഇത്രയും പേർക്ക് ജോലി നഷ്ടപ്പെടാൻ ഇടയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.