Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പന്തുരുളുന്നിടം ഇന്ന് പാദസരമണിയും

women-in-saudi-stadiums

ജിദ്ദ∙ 2018  ജനുവരി  12, വെള്ളിയാഴ്ച.  രാജ്യത്തെ ആറ് പ്രമുഖ സോക്കർ ക്ലബ്ബുകൾ മാറ്റുരക്കുന്ന  പതിനേഴാമത്  സൗദി  പ്രഫനൽ  ലീഗ് ടൂർണമെന്റിന്  തുടക്കമിട്ട് അൽഅഹ്‌ലി ക്ലബ്ബും  അൽബാത്തിൻ  ക്ലബും ഇന്ന് ഏറ്റുമുട്ടും. പന്തുകളികൾക്കൊരു  പഞ്ഞവുമില്ലാത്ത നാട്ടിൽ അതിലെന്തിരിക്കുന്നു  എന്ന്  ചോദിക്കാൻ വരട്ടെ - സൗദി  അറേബ്യയ്ക്ക്  അതൊരു കേവലം കളി മാത്രമായിരിക്കില്ല,  മറിച്ച് അവിസ്മരണീയമായ  ചരിത്രനാളായിരിക്കും.

അനുസ്യൂതം പരിഷ്കരണങ്ങൾ  പരീക്ഷിക്കുന്ന ഒരു മതാധിഷ്ഠിത രാജദേശത്തിന്റെ കിരീടത്തിൽ തിളങ്ങുന്ന  മറ്റൊരു  താരകമായി  അന്നേ  ദിവസം മാറും.  ആക്ഷേപകരുടെ  വായ  അടപ്പിച്ചു  കൊണ്ട് ചരിത്രത്തിലൊലാദ്യമായി അന്നത്തെ  മത്സരത്തിന്  വനിതാ പ്രേക്ഷകരും സ്റ്റേഡിയം  നിറയും.  അന്ന്  തൊട്ട് സൗദിയിലെ  കളിക്കളങ്ങളിൽ  കൈവളകൾ കിലുങ്ങും, മൈതാനങ്ങൾ  പാദസരമണിയും.  

women-in-saudi-stadiums-2

പൊതുമത്സരങ്ങൾക്ക്  ദൃസാക്ഷികളാകാൻ അംഗനമാർ  കളിക്കളത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ചരിത്രത്തിലേക്കാണ്   രാജ്യം  വലതുകാൽ  വെച്ച്  കയറുന്നത്. ഗ്രൗണ്ടുകളും  പൊതുമത്സരങ്ങളും സൗദിയിലെ  വനിതകളുടെ അജണ്ടയിലേ  ഇല്ലാതിരുന്നത്  അതോടെ വെറുമൊരു  ചരിത്രം  മാത്രമാകും.  ആധുനിക  സൗദി അറേബ്യയിൽ  അരങ്ങേറിക്കൊണ്ടിരിക്കുന്ന  പരിഷ്കരണ  പാതയിലെ  സുപ്രധാന  നാഴികല്ലായി ഭവിക്കും  ഇന്നത്തെ അൽഅഹ്‌ലി -  അൽബാതിൻ മത്സരം.  കഴിഞ്ഞ  സെപ്റ്റംബറിൽ ദേശീയ  ദിനാഘോഷ  പരിപാടികൾ  കാണാൻ സ്ത്രീകൾക്ക് പ്രവേശനാനുമതി  നൽകിയിരുന്നു.

ഇസ്‌ലാമിക രാജ്യമായ സൗദി അറേബ്യ വനിതകളുടെ വിഷയത്തിൽ  രാജാന്തര  തലത്തിൽ കേട്ടുകൊണ്ടിരിക്കുന്ന പഴി കനത്ത  തോതിലുള്ളതാണ്.   ആക്ഷേപകരുടെ  പരിഷ്കൃത  സമൂഹങ്ങളിലാകട്ടെ, സ്ത്രീ  സമൂഹം  ലൈംഗികവും മറ്റുമായ  ചൂഷണങ്ങൾക്കും ബലാത്കാരങ്ങൾക്കും  നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്നു എന്ന  വസ്തുതകൾ പോലും പരിഗണിക്കാതെയാണ് സൗദി സമൂഹത്തിനു  നേരെ  പരിഹാസം  ചൊരിയുന്നത്.

എന്നാൽ  തന്നെയും, ഇസ്‌ലാം  അനുവദിക്കുന്ന അതിരുകളിൽ നിന്ന് കൊണ്ട് രാജ്യത്തെ  വനിതാ സമൂഹത്തിന് ഇനിയും കൂടുതൽ  സ്വാതന്ത്ര്യവും  അവസരങ്ങളും  നൽകാനാവും എന്ന തിരിച്ചറിവിലാണ് സൗദി  നേതൃത്വം. ജനസംഖ്യയിൽ  പകുതിയിലധികവും  ഇരുപത്തി അഞ്ചു  വയസ്സിനു താഴെ  മാത്രം പ്രായമുള്ള രാജ്യത്തെ മുപ്പത്തിരണ്ടുകാരനായ  വരുംകാല സാരഥി  സ്വന്തവും വ്യത്യസ്തവുമായ  വഴികളിലൂടെ തേര്  തെളിക്കുകയാണ്,  എമ്പതുകാരനായ  പിതാവിന്റെ  മാർഗരേഖയിലും പണ്ഡിത  ശ്രേഷ്ഠരുടെ ആശീർവാദത്തോടെയും.   

സ്ത്രീ  ജനങ്ങൾക്ക് പന്തുകളി കാണാൻ  അനുമതി ലഭിച്ചത്  ലോക കപ്പു  ഫുട്ബാൾ മത്സരം നടക്കുന്ന  വർഷത്തിലാണ്. ജൂണിൽ  റഷ്യയിൽ നടക്കുന്ന ലോകകപ്പ്  ഫൈനൽ  റൗണ്ടിൽ ഇടം നേടിയ  സൗദി അറേബ്യ സ്വന്തം നാട്ടിന്  നൽകുന്ന  സമ്മാനമാണ് വനിതകൾക്കുള്ള   സ്റ്റേഡിയം  പ്രവേശനാനുമതി

വെള്ളി,  ശനി, അടുത്ത  വെള്ളി എന്നീ ദിവസങ്ങളിലായി നടക്കുന്ന മൂന്ന്  മത്സരങ്ങളിലും ദൃക്‌സാക്ഷികളായി  സ്റേഡിയങ്ങളിൽ വനിതകൾ  നിറയും.  റിയാദിലെ കിങ്  ഫഹദ് സ്റ്റേഡിയം ,  ജിദ്ദയിലെ കിങ്  അബ്ദുല്ല സ്പോർട്സ്  സിറ്റി   അൽജൗഹർ  സ്റ്റേഡിയം, ദമാമിലെ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വനിതകൾക്കുള്ള എല്ലാ  സൗകര്യങ്ങളും  പ്രത്യേകമായി  ഒരുക്കിയിട്ടുണ്ട്. സ്ത്രീകളായ സൂപ്പർവൈസർമാർ, മറ്റു  ജീവനക്കാർ, പ്രാർത്ഥനാ സ്ഥലം, കഫറ്റീരിയകൾ,  പുകവലിക്കാനുള്ള  സ്ഥലം തുടങ്ങിയവ പ്രത്യേകം  ഏർപ്പെടുത്തിയിട്ടുണ്ട്.  വരും  നാളുകളിൽ  രാജ്യത്തെ  എല്ലാ  സ്റേഡിയങ്ങളിലും വനിതാ  പ്രവേശം  അനുവദിക്കാനാണ്  സർക്കാർ നീക്കം. 

പരിചിതമല്ലാത്ത പാതകളിലൂടെ  പരിഷ്കരണങ്ങളുടെ പുതിയ  പാഠങ്ങൾ തുന്നിച്ചേർക്കുകയാണ് സൗദി അറേബ്യ - പ്രഖ്യാപിത  മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ. അത്തരമൊരു ഈടുറ്റ അധ്യായമാണ്  ഇന്ന്( വെള്ളിയാഴ്ച)  ആരംഭിക്കുന്ന കളിക്കളങ്ങളിലെയ്ക്കുള്ള വനിതാ  പ്രവേശനം.  സ്റേഡിയങ്ങളിലേക്ക് പ്രവേശിച്ചു  മത്സരങ്ങൾക്ക് ദൃക്‌സാക്ഷികളാകാനുള്ള അനുമതി  സ്ത്രീകൾക്കും  ലഭിക്കുന്നു  എന്നത് സൗദി  അറേബ്യയെ  സംബന്ധിച്ചിടത്തോളം വിപ്ലവം  തന്നെയാണ്.

എണ്ണയെ ആശ്രയിക്കാതെ  മുന്നോട്ടു  പോകാൻ  ശീലിക്കുന്ന  സൗദി അറേബ്യ അതിന്റെ  യുവകിരീടാവകാശിയുടെ ഭരണനൈപുണ്യത്തിൽ  കെട്ടിപ്പടുത്ത "വിഷൻ  2030 "  എണ്ണമറ്റ  നന്മകളാണ്  രാജ്യത്തിനും  നാട്ടുകാർക്കും  സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.  ഈ  ഗണത്തിലെ ഒരു  പ്രധാന  കാര്യം  സ്ത്രീ  ശാക്തീകരണമാണ്. അതുപോലെ  മറ്റൊന്നാണ്, വേണ്ടവിധം  ചൂഷണം  ചെയ്തിട്ടില്ലാത്ത  വിനോദ  മേഖല. മാർച്ചിൽ  തുടങ്ങാനിരിക്കുന്ന  പൊതു  സിനിമാ തിയറ്ററുകളും സിനിമാ  പ്രവർത്തനങ്ങളും സമ്പദ്ഘനയ്ക്കു  ഒരു  പുതുപുത്തൻ  വരുമാന  സ്രോതസ്സായിരിക്കും. 

സാമ്പ്രദായിക വികസനകളെന്നതിലുപരി പരിവർത്തനോന്മുഖമായ  കാൽവയ്പുകളാണ് സൗദി അറേബ്യയിൽ  ലോകം  കണ്ടുകൊണ്ടിരിക്കുന്നത്. നികുതി  എന്നത്  കേട്ടറിവ് മാത്രമായിരുന്നു  ഇതുവരെ  സൗദിയിലുള്ളവർക്കെങ്കിൽ, പുതുവർഷം സൂര്യനുദിച്ചത്   മൂല്യവർദ്ധിത നികുതിയിയുടെ കിരണങ്ങൾ  ഏറ്റു  കൊണ്ടായിരുന്നു.  അത്തരം  പരിഷ്കരണങ്ങളുടെ ഘോഷയാത്രയാണിപ്പോൾ സൗദി  സമൂഹത്തിൽ. ഉന്നത  ക്രിസ്തീയ പുരോഹിതന്റെ  ഔദ്യോഗികമായ  സന്ദർശനം,  വിദ്യാലയങ്ങളിലെ  വനിതാ കായിക പരിശീലനം, വനിതകളുടെ  ഡ്രൈവിങ്  അനുമതി, പരിഷ്കരണങ്ങൾ പന്തുപോലെ  ഇനിയുമുരുളും,  കളിക്കളത്തിലും  കളത്തിന് പുറത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.