Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കയും പുണ്യസ്ഥലങ്ങളും ഒരുങ്ങി; ഹാജിമാർ ചെയ്യേണ്ട കാര്യങ്ങൾ ഇവ

haj28

മക്ക ∙ അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ നാനാ ദിക്കുകളിൽനിന്നുമെത്തിയ തീർഥാടക ലക്ഷങ്ങളുടെ സംഗമത്തിന് സാക്ഷിയാകാൻ മക്കയും പുണ്യസ്ഥലങ്ങളും ഒരുങ്ങി. റോഡ്‌ മാർഗവും, വിമാനത്തിലും, കപ്പലിലുമായി ലക്ഷക്കണക്കിന് വിശ്വാസികൾ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകാൻ പുണ്യ ഭൂമിയിൽ എത്തിക്കഴിഞ്ഞു. ചെയ്തു പോയ പാപങ്ങളുടെ കുറ്റബോധവുമായി, സാമൂഹിക സാമ്പത്തിക ബാധ്യതകളിൽ നിന്നെല്ലാം മുക്തരായി നിറഞ്ഞ മനസ്സുമായി തീർഥാടക ലക്ഷങ്ങൾ ചൊവാഴ്ചയോടെ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകിത്തുടങ്ങും. മിനായിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ പ്രഭാത നമസ്‌കാരത്തോടെ തീർത്ഥാടക ലക്ഷങ്ങൾ അറഫയെ ലക്ഷ്യമാക്കി നീങ്ങും.

എല്ലാവർക്കും ഒരേ മനസ്, ഒരേ വേഷം, ഒരേയൊരു മന്ത്രം. സൃഷ്ടാവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് തീർഥാടകർ വ്യാഴാഴ്ച  അറഫ മൈതാനിയിൽ സംഗമിക്കും. മിനായിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ച്  ഉച്ചയോടെ അറഫയിലെത്തുന്ന ഹാജിമാർ അസ്തമയം വരെ പ്രാർഥനയുമായി അവിടെ കഴിഞ്ഞു കൂടും. സന്ധ്യയോടെ ഹജിന്റെ തുടർ കർമങ്ങൾക്കായി അവിടെ നിന്നും മടങ്ങും. അറഫയിലെ ഈ സംഗമത്തിൽ പങ്കെടുക്കാനെത്തുന്ന  ഓരോ മുസ്‍ലിമും വർണ - വംശ - ഭാഷാ - ദേശ വ്യത്യാസമില്ലാതെ ഏകനായ ദൈവത്തിനു മുന്നിൽ മനമുരുകി പ്രാർഥിക്കും.

മനുഷ്യ വംശത്തിനു ആരംഭം കുറിക്കപ്പെട്ട ആദം, ഹവ്വ ദമ്പതിമാരുടെ പുനഃസമാഗമം അറഫയിലാണെന്നാണ് വിശ്വാസം. അന്ത്യ നാളിൽ മാനവ സമൂഹത്തെ അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ‘മഹ്ഷറ’യെ ഓർമിപ്പിക്കും വിധം ഓരോ വർഷവും ഒരുമിച്ചു കൂടുന്ന ഈ ജനസഞ്ചയം അന്ത്യ നാളിന്റെ ഓർമപെടുത്തൽ കൂടിയാണ്. സ്മരണയുടെയും ത്യാഗത്തിന്റെയും പര്യായമായ ഹജ് കർമം, ക്ഷമയുടെയും സമഭാവനയുടെയും പാഠങ്ങളാണ് മാനവ സമൂഹത്തിനു പകർന്നു നൽകുന്നത് .

haj283

അറഫാ സംഗമത്തിന് ശേഷം സന്ധ്യയോടെ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാർ ഒരു രാത്രി മുഴുവൻ പ്രാർഥനകളും പശ്ചാത്താപവുമായി അവിടെ കഴിയുന്നു. അർധ രാത്രിക്ക് ശേഷം, പ്രഭാതത്തോടെ ഹജിന്റെ ബാക്കി കർമങ്ങൾ പൂർത്തിയാക്കാനായി ഹാജിമാർ കൂട്ടത്തോടെ മിനായിലേക്ക് നീങ്ങും. മിനായിൽ സാത്താന്റെ സ്‌തൂപമായ ജംറയിൽ കല്ലേറ് നടത്തിയ ശേഷം ബലിയറുക്കുകയും  മുടി നീക്കി ഇഹ്റാമിൽ നിന്ന് പ്രാഥമികമായി മോചിതരാവുകയും ചെയ്യും.

ഹജ് എന്നാൽ അറഫ; അറഫയില്ലെങ്കിൽ ഹജില്ല

ഹജുമായി ബന്ധപ്പെട്ട മറ്റേതൊരു കർമത്തിനും പരിഹാര മാർഗങ്ങളോ സാവകാശമോ ലഭ്യമാണ്. അറഫയുടെ കാര്യത്തിൽ അതില്ല. അത് തന്നെയാണ് അറഫയിൽ നിൽക്കുന്നതിന്റെ ഏറ്റവും വലിയ മഹത്വവും പുണ്യവും. അറഫ ഒരു സങ്കടക്കടലാണ്. മരുഭൂമിയും മലകളും ആണെങ്കിലും കണ്ണീരിന്റെ തിരയടിക്കുന്ന യദാർഥ കടലാണത്. അവിടെ ഒരുമിച്ചു കൂടുന്നത് ലക്ഷക്കണക്കിന്‌ സാധാരണ മനുഷ്യരാണ്. എല്ലാവരും അറഫയിൽ ഒരുമിച്ച് കണ്ണീർ പൊഴിക്കുന്നു. മനമുരുകി കരഞ്ഞു കരഞ്ഞ് കലങ്ങിയ കണ്ണുകളുമായുള്ള പ്രാർഥനകൾ മാത്രം

ഇരു കരങ്ങളും നീട്ടി പാപ മോചനവും പരലോക മോക്ഷവും ഇഹപര സൗഖ്യവും സൃഷ്ടാവിനോട് ഇരന്നു വാങ്ങാനുള്ള ഏറ്റവും അനർഘമായ നിമിഷങ്ങൾ. കരയാത്ത കണ്ണുകൾ അറഫയിൽ കാണാനാകില്ല. അറഫയിൽ ഒരുമിച്ചുകൂടുന്ന ജനസഹസ്രം വിളംബരം ചെയ്യുന്നത് സൃഷ്ടാവിന്റെ ഏകത്വവും പരമാധികാരവും മനുഷ്യന്റെ ബലഹീനതയും ദൗർബല്യവും മാത്രം. ധനികനും, ദരിദ്രനും, ഭരണാധികാരിയും, ഭരണീയനും, കറുത്തവനും, വെളുത്തവനും, ശക്തനും, അശക്തനും, സ്വാധീനമുള്ളവനും, ഇല്ലാത്തവനും എല്ലാവരും ഒരു മുണ്ടും മേൽമുണ്ടുമണിഞ്ഞ് പൊരി വെയിലിലാണ് അറഫയിൽ സംഗമിക്കുക. ഇസ്‌ലാം നിഷ്കര്ഷിക്കുന്ന ഈ ഐക്യത്തിനും സാഹോദര്യത്തിനും സമ ഭാവനയുടെ ദർശനത്തിനും മാനവ ചരിത്രത്തിൽ തുല്യതകളില്ല.

കരയടിക്കാത്ത രണ്ട് കഷണം  തുണികൾ ധരിച്ചു കൊണ്ടാണ് പുരുഷന്മാർ ഹജിന് പോകുന്നത്. ഇതിൽ ഒന്ന് ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്യുന്നു. ഇത് ത്വവാഫിന്റെ (പ്രദക്ഷിണം) സമയത്ത് വലത്തെ ചുമൽ വെളിവാകുന്ന രീതിയിൽ ധരിക്കുകയും ചെയ്യുന്നു  . അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം. സ്ത്രീകൾ അവരുടെ സാധാരണ ഹിജാബ് ധരിച്ചാൽമതി (മുൻ കയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങൾ മറയുന്ന രൂപത്തിൽ). ഇഹ്‌റാം കെട്ടുന്നതോടു‌കൂടീ രാജാവും പ്രജയും എല്ലാം തുല്യരായി. ഇതോടെ ഹജിൽ പ്രവേശിച്ചു.  നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല.

നിശ്ചിത മീഖാത്തുകളിൽ‌ വെച്ച് ഇഹ്‌റാം ചെയ്യുക, കഅബയെ ഏഴു പ്രാവശ്യം ത്വവാഫ് ചെയ്യുക, കഅബയെ മുൻ നിർത്തി പ്രാർഥിക്കുക,  കഴിയുന്നവർ ഹജറുൽ അസ്‌വദ് ചും‌ബിക്കുക, സഫാ മർവ്വ കുന്നുകൾക്കിടയിൽ പ്രയാണം നടത്തുക, സംസം വെള്ളം കുടിക്കുക, അറഫയിൽ പോയി ഭജനമിരിക്കുക, മുസ്ദലിഫയിൽ പോയി കല്ലുകൾ ശേഖരിക്കുക, മിനയിൽ പോയി രാപ്പാർത്ത് പിശാചിന്റെ സ്‌തൂപത്തിൽ കല്ലെറിയുക, തല മുണ്ഡനം ചെയ്യുക, മൃഗങ്ങളെ ബലി നൽകുക, ലിപെരുന്നാൾ ആഘോഷിക്കുക.എന്നിവയാണ് ഹജിന്റെ കർമങ്ങൾ.

ഇരുപതു ലക്ഷത്തോളം തീർഥടകർ ഇത്തവണ ഹജിൽ പങ്കു ചേരും. അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും  നിയന്ത്രണാതീതമാവാറുണ്ട്. ഹജറുൽ അസ്‌വദിൽ ചും‌ബിക്കുക നിർബന്ധമില്ലെങ്കിലും ഒരോ പ്രദക്ഷിണത്തിലും ഹജറുൽ അസ്‌വദിനെ ചും‌ബിക്കുന്നത് കൂടുതൽ തിരക്ക് സൃഷ്ടിച്ചേക്കും. മിനയിലെ കല്ലേറും ബുദ്ധിമുട്ടേറിയ കർമ്മമാണ്. 2004ൽ സൗദി സർക്കാർ മിനയിലെ കല്ലെറിയുന്ന ജംറകൾ കൂടുതൽ വിശാലമാക്കി പുതുക്കി പണിതു. ഹജ്ജിനു വരുന്നവർ ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറാ ബീവിയുടെയും ജീവിതത്തിന്റെ പ്രതികാത്മകമായി ഒരു കൂട്ടം കർമ്മങ്ങൾ  നിർവ്വഹിക്കുന്നു. തീർഥാടകർക്കു തങ്ങുന്നതിന്‌ സൗദി ഭരണകൂടം മിനയിൽ ലക്ഷക്കണക്കിന്  തമ്പുകളാണ്  വർഷം തോറും സജ്ജീകരിക്കുന്നത്.

ഹജിന്റെ ആദ്യ ദിവസമായ ദുൽഹജ് എട്ടിന് ബുധൻ - തീർഥാടകർ മക്കയിലെ കഅബയിൽ ഏഴു തവണ പ്രദക്ഷിണം ചെയ്‌ത്‌ ആദ്യ ത്വവാഫ് നിർവഹിക്കും. ത്വവാഫിനു ശേഷം സഫാ മർവ്വ മലകൾക്കിടയിൽ  ഏഴു പ്രാവശ്യം തീർത്ഥാടകർ ഓടും. സഫ മുതൽ മർവ്വ വരെയാണ് ഒരു ഓട്ടം കണക്കാക്കുന്നത്. പഴയകാലത്ത് ഇത്  ഹറം പള്ളിക്ക് പുറത്തായിരുന്നു. ഇപ്പോൾ  ഹറം പള്ളിക്കുള്ളിലാകുന്ന  രൂപത്തിൽ പുനർനിർമ്മിച്ചിരിക്കുകയാണ്. സഫാ മുതൽ മർവ്വ വരെ ഓടേണ്ടതില്ല. ഇടക്ക് രണ്ട്  പച്ച തുണികളും പച്ച ട്യൂബ് ലൈറ്റും പച്ച വരകളും ഉണ്ട്.  ഇവിടെ  നടത്തമല്ല ഓട്ടമാണ് എന്ന് മനസ്സിലാക്കത്തക്കവിധം നടന്നാൽ  മതി. സ്ത്രീകൾ ഓടേണ്ടതില്ല. പിന്നീട് തീർത്ഥാടകർ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങും. മിനായിൽ ളുഹർ നമസ്ക്കാരം മുതൽ ഫജ്ർ  വരെയുള്ള നമസ്‌കാരങ്ങൾ അതാത്  സമയങ്ങളിൽ ചുരുക്കി നിർവഹിച്ച് രാത്രി തമ്പുകളിൽ തങ്ങും.

പിറ്റേന്ന്  വ്യാഴം ദുൽഹജ് ഒൻപത് -അറഫാ ദിനം.- മിനായിൽ നിന്നും സൂര്യോദയ ശേഷം തീർത്ഥാടകർ  അറഫയിലേക്ക് പുറപ്പെടും , സൂര്യാസ്തമയംവരെ അറഫയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കും. പാപഭാരങ്ങളെല്ലാം നാഥനുമുന്നിൽ ഇറക്കിവെച്ച് പിറന്നു വീണ കുഞ്ഞിന്റെ മനസ്സുമായാണ് ഹാജിമാർ അറഫയിൽ നിന്നും തിരിക്കുക. അറഫയിലെ മസ്‌ജിദുന്നമിറയിൽ ഇമാമിന്റെ ഖുത്തുബ ശ്രവിക്കുകയും , ഖുതുബക്ക് ശേഷം ളുഹ്‌റും അസറും നമസ്‌കാരങ്ങൾ  ഒരുമിച്ച് നിർവഹിക്കും  . പ്രാർത്ഥിച്ചും തൗബ ചെയ്‌തും പാപമോചനം തേടിയുമാണ് തീർത്ഥാടകർ  അറഫയിൽ നിൽക്കുക. അറഫയിൽ നിന്ന് സൂര്യാസ്തമയ ശേഷം ഹാജിമാർ  മുസ്‌ദലിഫയിലേക്ക് പുറപ്പെടും ,  മഗ്‌രിബ്, ഇശാ നമസ്ക്കാരങ്ങൾ ഒരുമിച്ച്   മുസ്‌ദലിഫയിൽ വെച്ച് നിർവഹിച്ച്  ഹാജിമാർ അവിടെ  അന്തിയുറങ്ങും . പിറ്റേന്ന്   ഫജ്ർ നമസ്ക്കാരം അതിന്റെ ആദ്യത്തെ സമയത്ത് തന്നെ നിർവഹിച്ച് ഹാജിമാർ ജംറയിലേക്ക് പുറപ്പെടും .പിശാചിനെ എറിയാനായി കടലമണി വലുപ്പമുള്ള  49 കല്ലുകളും ഇതിനിടയിൽ മുസ്‌ദലിഫയിൽ നിന്ന് ശേഖരിക്കും. ഇടക്ക്  മശ്‌ഹറുൽ ഹറാമിലെത്തിയാൽ സുദീർഘമായ പ്രാർത്ഥിക്കുകയും ചെയ്യും.

ദുൽ ഹജ് പത്ത് - വെള്ളി - പെരുന്നാൾ ദിനം - ആദ്യ സമയത്ത് സുബ്ഹി നമസ്ക്കരിച്ച് സൂര്യോദയത്തിനു മുൻപായി മുസ്‌ദലിഫ വിടുന്ന തീർത്ഥാടകർ  സൂര്യോദയത്തിനു ശേഷം ജംറത്തുൽ അഖബയിൽ  കല്ലെറിയൽ കർമം നിർവഹിക്കും. ഇബ്രാഹിം നബി പിശാചിനു നേരെ കല്ലെറിഞ്ഞതിന്റെ  ഓർമ്മപുതുക്കലായാണ് ഹാജിമാർ എല്ലാ വർഷവും ജംറകളിൽ കല്ലേറ് നടത്തുന്നത്.മുസ്‌ദലിഫയിൽ നിന്നും ശേഖരിച്ച കല്ലുകളിൽ നിന്നും ഏഴു വീതം കല്ലുകളാണ് ജംറകളിൽ എറിയുക .  ഏഴു കല്ലും ഓരോന്നായി എറിയണം. ഏഴു കല്ലും പിടിച്ച് ഒറ്റ പ്രാവശ്യം എറിയാൻ പാടില്ല.

ജംറത്തുൽ അഖബയിലെ കല്ലേറു കഴിഞ്ഞാൻ ബലിയറുക്കുന്നവർ അത് ചെയ്യണം. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ്‌ ഈ ചടങ്ങ്.  അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം. എന്നാൽ പ്രായശ്ചിത്തമായി അറുത്ത ബലിമൃഗത്തിന്റെ മാംസം അറുക്കുന്ന ആളുകൾക്ക് ഭക്ഷിക്കാവുന്നതല്ല. അത് പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ്. ദുൽഹജ്ജ് 10, 11,12,13 ദിവസങ്ങളിൽ ബലിയറുക്കാവുന്നതാണ്. പത്തിന് തന്നെ ബലിയറുക്കുന്നതാണ് ഉത്തമം.സ്വയം ബലിയറുക്കുകയോ അതിന് മറ്റൊരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. ജിദ്ദ കേന്ദ്രമായുള്ള ഇസ്ലാമിക് ഡവലപ്മെൻറ് ബാങ്ക് (ഐ.ഡി.ബി)യുടെ നിയന്ത്രണത്തിലാണ് ഹജ്ജിലെ ബലി കർമം വിശ്വാസ്തമായും വ്യവസ്ഥാപിതമായും നിർവഹിക്കുന്നത്. ബലി നിർവഹണത്തിൻെറ വകാലത്തിന് സൗദി സർക്കാറിന്റെ അംഗീകാരമുള്ള ഏക ഏജൻസിയാണ് ഐ.ഡി.ബി. ബലിമാംസം ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന പേരിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പദ്ധതി ലാഭം ഉദ്ദേശിച്ചല്ല, തീർഥാടകർക്ക് വിശ്വസ്തതയോടെ അവലംബിക്കാവുന്ന സംവിധാനം എന്ന നിലക്കാണ് നടത്തുന്നത്. ബാങ്ക് വഴിയോ എ.ടി.എം, സദാദ് വഴിയോ പണമടക്കാവുന്നതാണ്. സൗദി പോസ്റ്റിൻെറ വിവിധ ശാഖകളിലും ഐ.ഡി.ബിയുടെ കൂപ്പൺ കൈപ്പറ്റാൻ സംവിധാനമുണ്ട്.

ബലിമാംസ വിതരണത്തിനുള്ള കർമശാസ്ത്രപരമായ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഐ.ഡി.ബി ഈ ഉത്തരവാദിത്തം നിർവഹിക്കുന്നത്. മക്കയിലെ അർഹരായവർക്ക് വിതരണം ചെയ്ത ശേഷവും ബാക്കിവരുന്ന ദശലക്ഷക്കണക്കിന് ബലിമൃഗങ്ങളുടെ മാംസം എഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില 25ലധികം രാഷ്ട്രങ്ങളിലെ മുസ്ലിം ദരിദ്രർക്ക് വിതരണം ചെയ്യാനും ഐ.ഡി.ബിക്ക് സംവിധാനമുണ്ട്. മിനായിലെ  അറവുശാലകളിൽ നിന്ന് ഇസ്ലാമികരീതിയിലും ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും ബലി നടത്തപ്പെടുന്ന മാംസം ശീതീകരിച്ചാണ് വിദേശത്തേക്ക് അയക്കുന്നത്. ഐ.ഡി.ബിക്ക് പുറമെ തദ്ദേശഭരണം, ധനകാര്യം, നീതിന്യായം, ഇസ്ലാമിക കാര്യം, കാർഷികം, ഹജ്ജ് തുടങ്ങിയ മന്ത്രാലയങ്ങൾ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മക്ക കേന്ദ്രമായുള്ള ഹജ് സേവന  രംഗത്തെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും സംരംഭത്തിൽ പങ്കാളികളാകാറുണ്ട് . മൃഗ ഡോക്ടർമാർ, അറവ് ജോലിക്കാർ തുടങ്ങി വിവിധ രംഗത്ത് അര ലക്ഷം  ജോലിക്കാർ ഐ.ഡി.ബിയുടെ സംരംഭത്തിൽ സേവനമനുഷ്ഠിക്കുന്നു. ബലി മാംസം അർഹരായവർക്ക് എത്തിക്കുക, ശരീഅത്ത്, ആരോഗ്യ നിബന്ധനകൾ പാലിക്കുക, പുണ്യനഗരിയുടെ പരിസ്ഥിതി ശുചിത്വം കാത്തുശൂക്ഷിക്കുക എന്നിവ ഈ സംരംഭം വഴി ഐ.ഡി.ബി ലക്ഷ്യമാക്കുന്നു. ബലിമൃഗങ്ങളുടെ   തുകൽ പോലുള്ളവയിൽ നിന്ന് ലഭിക്കുന്ന വരുമാനം മക്ക ഹറം പ്രദേശത്തെ ദരിദ്രർക്ക് വിതരണം ചെയ്യുന്നു.

ബലി അറുത്തതിന് ശേഷം തല മുണ്ഡനം ചെയ്‌ത്‌ ഹാജിമാർ മക്കയിൽ തിരികെയെത്തി ഹജിന്റെ ഭാഗമായ പ്രദക്ഷിണവും പ്രയാണവും  (ത്വവാഫും സഹ് യും) നിർവഹിക്കുന്നു. അന്നേദിവസം തന്നെയോ അതിനടുത്ത ദിവസമോ "ത്വവാഫ് അൽ സിയാറ" എന്നറിയപ്പെടുന്ന കർമ്മം ചെയ്യാം . ‘ത്വവാഫ് അൽ ഇഫാദാ’ എന്നും അറിയപ്പെടുന്ന ഈ ചടങ്ങ് അള്ളാഹുവിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനായാണ്‌ ഓരോ തീർത്ഥാടകനും വിനിയോഗിക്കുന്നത്. അന്നും തിരികെ മിനായിലെത്തുന്ന  തീർത്ഥാടകർ തമ്പുകളിൽ അന്തിയുറങ്ങുന്നു.

അടുത്ത ദിവസം ദുൽ ഹജ് 11 ശനിയാഴ്ച    ഉച്ചയ്ക്കു ശേഷവും, അതിനടുത്ത ദിവസവും മിനായിലെ മൂന്നു ജംറകൾക്കും നേർക്ക് ഏഴു കല്ലുകൾ വീതം എറിയേണ്ടതുണ്ട്. 12-ന്  സൂര്യാസ്തമയത്തിനു മുൻപേ തന്നെ തീർത്ഥാടകർ മിനായിൽ നിന്നും മക്കയിലേയ്ക്ക് യാത്ര തുടങ്ങിയിരിക്കണം. അതിനു കഴിയാത്തവർ ർ കല്ലെറിയൽ കർമ്മം ദുൽ ഹജ് 13 ന്   നിർവ്വഹിച്ച ശേഷം മാത്രമേ മിനാ വിടാൻ പാടുള്ളൂ.

ഹാജിമാർ ചെയ്യേണ്ട കാര്യങ്ങൾ

ദുൽ ഹജ് എട്ട് ബുധൻ യൗമുത്തർവിയ്യ - ഇഹ്‌റാം ചെയ്യുക, മിനായിലേക്ക് പുറപ്പെടുക, ളുഹ്ർ  മുതൽ ഫജ്ർ നമസ്‌കാരം വരെ അതാത് സമയങ്ങളിൽ ചുരുക്കി  നിർവഹിക്കുക , മിനായിൽ അന്തിയുറങ്ങുക. സൂര്യോദയത്തിനു ശേഷം അറഫയെ ലക്ഷ്യമാക്കി നീങ്ങുക. ദുൽഹജ് ഒൻപത്--വ്യാഴം-അറഫാ ദിനം -മിനായിൽ നിന്നും സൂര്യോദയ ശേഷം അറഫയിലേക്ക് പുറപ്പെടുക, സൂര്യാസ്തമയംവരെ അറഫയിൽ നിൽക്കുക, അറഫയിലെ മസ്‌ജിദുന്നമിറയിൽ  ഇമാമിന്റെ ഖുത്തുബ ശ്രവിക്കുക, ഖുതുബക്ക് ശേഷം ളുഹർ,അസർ നമസ്‌കാരങ്ങൾ ഒരുമിച്ച്  നിർവഹിക്കുക , പ്രാർത്ഥിച്ചും തൗബ ചെയ്‌തും പാപമോചനം തേടിയുമാണ് അറഫയിൽ നിൽക്കേണ്ടത്. സൂര്യാസ്തമയത്തിനു ശേഷം മുസ്‌ദലിഫയെ ലക്ഷ്യമാക്കി നീങ്ങുക.

ലൈലത്തുൽ ഈദ് -പെരുനാൾ രാവ്

അറഫയിൽ നിന്ന് സൂര്യാസ്തമയ ശേഷം മുസ്‌ദലിഫയിലേക്ക് പുറപ്പെടുക,  മഗ്‌രിബും ഇശാ നമസ്‌കാരങ്ങൾ ഒരുമിച്ച്   മുസ്‌ദലിഫയിൽ വെച്ച് നിർവഹിക്കുക , മുസ്‌ദലിഫയിൽ അന്തിയുറങ്ങുക , പ്രഭാത  നമസ്ക്കാരം അതിന്റെ ആദ്യത്തെ സമയത്ത് തന്നെ നിർവഹിച്ച്  ജംറയിലേക്ക് പുറപ്പെടുക.

ദുൽ ഹജ് പത്ത് , വെള്ളി -യൗമുൽ ഈദ് -പെരുന്നാൾ ദിനം - ആദ്യ സമയത്ത് സുബ്ഹി നമസ്ക്കരിച്ച് സൂര്യോദയത്തിനു മുൻപായി മുസ്‌ദലിഫ വിടുക, , സൂര്യോദയത്തിനു ശേഷം ജംറത്തുൽ അഖബയിൽ  കല്ല് എറിയുക, ബലി അറുക്കുക, മുടി കളയുക, മക്കയിലെ ഹറം പള്ളിയിലെത്തി ഹജിന്റെ   പ്രദക്ഷിണവും  ഹജിന്റെ പ്രയാണവും നടത്തുക  , തിരികെ മിനായിലെത്തി തമ്പുകളിൽ  രാപ്പാർക്കുക. ബലി അറുത്ത് മുടി കളയുകയും ചെയ്‌താൽ ഇഹ്‌റാം വേഷത്തിൽ നിന്നും മാറാം.

ദുൽഹജ് പതിനൊന്ന് , ശനി - അയ്യാമുത്തശ്‌രീഖ്‌ - സൂര്യൻ ആകാശ മധ്യത്തിൽ നിന്ന് തെറ്റിയ ശേഷം ജംറകളിൽ കല്ലെറിയുക, ആദ്യം ജംറത്തുൽ ഊലയിൽ, പിന്നീട് അൽപം മുന്നോട്ടുനീങ്ങി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക, തുടർന്ന് ജംറത്തുൽ വുസ്ത്വയിൽ എറിയുക, പിന്നീട് അൽപ്പം മുന്നോട്ടുമാറി ഖിബലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക , തുടർന്ന് ജംറത്തുൽ കുബ്‌റയിൽ എറിഞ്ഞ് പിരിഞ്ഞു പോകുക..

haj281

ദുൽഹജ് 12 ഞായർ  -അയ്യാമുത്തശ്‌രീഖ്‌-  സൂര്യൻ ആകാശ മധ്യത്തിൽ നിന്ന് തെറ്റിയ ശേഷം ജംറകളിൽ  കല്ലെറിയുക, ആദ്യം ജംറത്തുൽ ഊലയിൽ, പിന്നീട് അൽപം മുന്നോട്ടുനീങ്ങി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക, തുടർന്ന് ജംറത്തുൽ വുസ്ത്വയിൽ എറിയുക, പിന്നീട് അൽപ്പം മുന്നോട്ടുമാറി ഖിബലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക , തുടർന്ന് ജംറത്തുൽ കുബ്‌റയിൽ എറിഞ്ഞ് പിരിഞ്ഞു പോകുക..വേഗത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടവർക്ക്  മടങ്ങാം. പക്ഷെ മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പായി മിന വിട്ടുപോകണം.

ദുൽഹജ് 13  തിങ്കൾ - അയ്യാമുത്തശ്‌രീഖ്‌ -സൂര്യൻ ആകാശ മധ്യത്തിൽ നിന്ന് തെറ്റിയ ശേഷം ജംറകളിൽ എറിയുക, ആദ്യം ജംറത്തുൽ ഊലയിൽ, പിന്നീട് അൽപം മുന്നോട്ടുനീങ്ങി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക, തുടർന്ന് ജംറത്തുൽ വുസ്ത്വയിൽ എറിയുക, പിന്നീട് അൽപ്പം മുന്നോട്ടുമാറി ഖിബലക്ക് അഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക , തുടർന്ന് ജംറത്തുൽ കുബ്‌റയിൽ എറിഞ്ഞ് പിരിഞ്ഞു പോകുക. മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പായി മിന വിട്ടു പോകുക.

ഓരോ ജംറയിലും ഏഴ് കല്ലുകൾ വീതമാണ് എറിയേണ്ടത് . ഏഴു കല്ലും ഓരോന്നായി എറിയണം.ഏഴു കല്ലും പിടിച്ച് ഒറ്റ പ്രാവശ്യം എറിയാൻ പാടില്ല. ഇഹ്‌റാം കെട്ടിയതിന് ശേഷം  നിഷിദമായവ പ്രവർത്തിച്ചാലോ നിർബന്ധകാര്യം ഉപേക്ഷിച്ചാലോ പ്രായശ്ചിത്തം നൽകണം.  മുടിയോ നഖമോ നീക്കം ചെയ്യുക, തല മറക്കുക, സുഗന്ധം പൂശുക, തുന്നിയ വസ്‌ത്രം ധരിക്കുക, എന്നിവ ചെയ്തുപോയാൽ ആറ്‌ പാവപ്പെട്ടവർക്ക്  ഭക്ഷണം നൽകണം, മൂന്നു  ദിവസം നോമ്പനുഷ്ഠിക്കണം,  ഒരാടിനെ അറുത്ത് ദരിദ്രരായ മക്കക്കാർക്ക് വിതരണം ചെയ്യുകയും വേണം .

ഹജിൽ നിന്നും അർധ വിരാമത്തിനു മുമ്പായി ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ ഹജ് അസാധുവാകും. അങ്ങനെ സംഭവിച്ചാൽ  ഒരൊട്ടകത്തെ അറുത്ത് മക്കയിലെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും അടുത്ത വർഷം ഹജ് പൂർത്തിയാക്കുകയും വേണം. ഹജിനിടയിലെ അർധ വിരാമത്തിനു ശേഷം ഹജിന്റെ പ്രദക്ഷിണത്തിനും പ്രയാണത്തിനും  മുമ്പായി ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ ഹജ് അസാധുവാകുകയില്ല. അദ്ദേഹം ഒരാടിനെ അറുത്ത് മക്കയിലെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യണം .

ഹജിനിടെ വേട്ട നടത്തിയാൽ  വേട്ടയാടപ്പെട്ട മൃഗത്തിന് സമാനമായ മൃഗത്തെ അറുത്ത് മക്കയിലെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യണം. വേട്ടയാടപ്പെട്ട മൃഗത്തിന് സമാനമായതിനെ ലഭിച്ചില്ലെങ്കിൽ അതിന്റെ വില കണക്കാക്കി തുല്യമായ സംഖ്യക്ക് ഭക്ഷ്യവസ്‌തുക്കൾ വാങ്ങി അളവ് കണക്കാക്കി മക്കയിലെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യണം. അതിനും സാധ്യമല്ലെങ്കിൽ തുല്യമായ സംഖ്യക്ക് എത്ര പേർക്ക് ഭക്ഷ്യവസ്തുക്കൾ നൽകാമെന്ന് നോക്കി അത്രയും എണ്ണം നോമ്പ് അനുഷ്‌ഠിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.