Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാദിൽ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറാകാതെ കുടുംബം

soman-thankappan

റിയാദ്∙  ഈ മാസം ഒന്നിന് റിയാദിൽ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയില്ലെന്നു കുടുംബം. പഴയ സനാഇയ്യയിൽ പാക്കിസ്ഥാനിയുടെ  വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി സോമൻ തങ്കപ്പൻ(61) ആണു ഹൃദയാഘാതം മൂലം നിര്യാതനായത്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്കായി സത്യവാങ്മൂലം  (അഫിഡവിറ്റ്) ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാർ വിസമ്മതിച്ചത്.

സാമൂഹിക  പ്രവർത്തകരുടെ നിരന്തര സമ്മർദത്തെ തുടർന്ന് നാട്ടിലേക്കയച്ചാൽ മൃതദേഹം ഏറ്റുവാങ്ങാമെന്ന് ബന്ധുക്കൾ സമ്മതം അറിയിച്ചെങ്കിലും ഇതുവരെ രേഖകളൊന്നും റിയാദിലേക്ക് അയച്ചിട്ടില്ല. ഇത്  സാമൂഹിക പ്രവർത്തകരെ  പ്രശ്നത്തിലാക്കി . ജോലിസ്ഥലത്താണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ സുഹൃത്തുക്കളായ പാക്കിസ്ഥാനികൾ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാനായില്ല. ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഇഖാമ ഉൾപ്പെടെയുള്ള രേഖകെളാന്നും ഇല്ലാത്തതിനാൽ ചികിത്സ ലഭിക്കുന്നതിന് തടസമുണ്ടായതായി സഹപ്രവർത്തകർ പറഞ്ഞു. പിന്നീട് മരണവും സംഭവിച്ചു.

മരണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും രേഖകളൊന്നും ഇല്ലാത്തതിനാൽ മൃതദേഹം കൊണ്ടുപോകാൻ ആദ്യം തയാറായില്ല. പിന്നീട് രാത്രിയിൽ ഉയർന്ന ഉദ്യോഗസ്ഥർ വന്നതിനുശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇഖാമയില്ലാത്ത സോമൻ ജവാസത്തിൽ വിരലടയാളവും നൽകിയിട്ടില്ല. സ്പോൺസർ  ആരാണെന്നും അറിയില്ല.

25 വർഷമായി സൗദിയിൽ കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാളുടെ നാട്ടിലെ കുടുംബത്തെ കണ്ടെത്താനും ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ എത്തിക്കുന്നതിനും സാമൂഹിക പ്രവർത്തകർ നാട്ടിലും സൗദിയിലും വ്യാപക അന്വേഷണം നടത്തി. മവേലിക്കര സ്വദേശിയാണെന്നും അവിടെ ചായക്കട നടത്തുന്ന ഗോപാലൻ എന്നൊരു സുഹൃത്തിനെകുറിച്ച് ഇയാൾ പറയാറുണ്ടായിരുന്നെന്നും മാത്രമായിരുന്നു ആകെ ലഭിച്ച വിവരം. ഈ  സൂചനയുമായി മാവേലിക്കരയിലേയും പരിസരങ്ങളിലേയും നഗരസഭ, വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ  ഗോപാലനെ കണ്ടെത്തി. അതോടെയാണ് സോമനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന് മുമ്പേ മുംബൈയിലേക്ക് പോയ സോമൻ്റെ കുടുംബം അവിടെയാണെന്ന വിവരവും അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ലഭിച്ചു. അഛനും അമ്മയും വർഷങ്ങൾക്ക് മുമ്പേ മരിച്ചു.

സോമൻറ ഭാര്യ പൊന്നമ്മയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് 20 വർഷത്തിലേറെയായി തങ്ങളുമായി ഇയാൾക്ക് ഒരു ബന്ധവുമില്ലായിരുന്നെന്ന് മനസിലായത്. അങ്ങനെയൊരാളുടെ മൃതദേഹം ഇനി കാണേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും ഭാര്യയും പെൺമക്കളും അറിയിച്ചു.  1995 ൽ നാട്ടിൽ പോയി വന്നതിന് ശേഷം 22 വർഷമായി കുടുംബാംഗങ്ങളുമായി സോമന് ബന്ധമില്ല. ഗൾഫിൽ വരുന്നതിന് മുമ്പ് മുംബൈയിൽ ജോലി ചെയ്തിരുന്ന കാലയളവിൽ അവിടെ വെച്ച് പരിചയപ്പെട്ട പൊന്നമ്മയെ വിവാഹം ചെയ്യുകയായിരുന്നു. രണ്ട് പെൺമക്കളും ഒരാൺകുട്ടിയുമാണ് സോമനുണ്ടായിരുന്നത്.

മകൻ 1995 ൽ മരണപ്പെട്ടതിനുശേഷമാണ് തങ്ങളുമായുള്ള ബന്ധം തങ്കപ്പൻ ഉപേക്ഷിച്ചതെന്ന് കുടുംബം പറയുന്നു. 1996 ൽ സോമൻ തങ്കപ്പനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്ക് കുടുംബം പരാതി നൽകിയിരുന്നെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്ന് ഉറപ്പുകൊടുത്തിട്ടും അനുകൂല നിലപാടെടുക്കാതിരുന്ന കുടുംബം ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ മൃതദേഹം സ്വീകരിക്കാമെന്നും സമ്മത പത്രം അയച്ചുതരാമെന്നും അറിയിച്ചിട്ടുണ്ട് .Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.