Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി കൂട്ടായ്മ മലബാറിന്റെ രുചിപ്പെരുമ

fest മലബാർ അടുക്കള സംഘടിപ്പിച്ച പാചക മത്സരത്തിൽ നിന്ന്.

ദോഹ ∙ മലബാറിന്റെ രുചികൾ ലോകത്തിനു പരിചയപ്പെടുത്താൻ തുടങ്ങിയ ഫെയ്സ്ബുക് ഗ്രൂപ്പായ ‘മലബാർ അടുക്കള’ ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമാണിന്ന്. ദുബായ് ടിവിയിൽ ഉദ്യോഗസ്ഥനായ കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദലി ചക്കോത്തിലൂടെയായിരുന്നു പാചകത്തെയും പുതുരുചികളെയും സ്നേഹിക്കുന്ന ഈ കൂട്ടായ്മയുടെ തുടക്കം. 15 അംഗങ്ങളുമായി തുടങ്ങിയ കൂട്ടായ്മയിൽ അംഗങ്ങൾ രണ്ടര ലക്ഷം കവിഞ്ഞു.

പ്രവാസി മലയാളികൾക്കിടയിൽ തരംഗമായ അടുക്കളക്കൂട്ടത്തിന് പന്ത്രണ്ടു രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്. ഷഹാന ഇല്യാസും യൂനുസ് പാലക്കുനിയുമാണ് ഖത്തറിൽ മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഖത്തറിൽ ഒട്ടേറെ പാചക മത്സരങ്ങളും ഭക്ഷ്യോത്സവങ്ങളും സംഘടിപ്പിക്കാനായത് സംഘടനയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്. അംഗങ്ങളുടെ മികച്ച പാചകക്കുറിപ്പുകളും പ്രശസ്ത ഷെഫുകളുടെ പാചക വിധികളുമായി ഒരു രാജ്യാന്തര മലയാളം പാചക മാസികയും ഇവർ പ്രസിദ്ധീകരിക്കുന്നു.

ഒരു പാചക പുസ്തകവും ഇവരുടെ കലവറയിൽ ഒരുങ്ങുന്നുണ്ട്. റെസിപ്പീഡിയ എന്ന മലബാർ അടുക്കളയുടെ മൊബൈൽ ആപ്പിനും സ്വീകാര്യതയേറെ. പാചകവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കു മാത്രമേ മലബാർ അടുക്കളയുടെ ഫെയ്സ് ബുക് പേജിൽ സ്ഥാനമുള്ളൂ. കോപ്പിയടിച്ച പേസ്റ്റുകൾ അനുവദിക്കില്ല. ഫ്രണ്ട് റിക്വസ്റ്റുകൾ വ്യാജമല്ല എന്നുറപ്പു വരുത്തിയാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത്. കുടുംബ സംഗമങ്ങളിലൂടെയും, പ്രമുഖ ഹൈപ്പർമാർക്കറ്റുകളുമായി സഹകരിച്ച് നടത്തിയ ഭക്ഷ്യോത്സവങ്ങളിലൂടെയുമാണ് മലബാർ അടുക്കള ഖത്തറിൽ ശ്രദ്ധപിടിച്ചുപറ്റിയത്.

ഫെബ്രുവരി 17ന് ദോഹയിലെ റീജൻസി ഹാളിൽ ‘അടുക്കളക്കാര്യം അങ്ങാടിപ്പാട്ട്’ എന്ന പേരിൽ സംഗീതനിശയും സംഘടിപ്പിച്ചു. കണ്ണൂർ ഷെരിഫ്, സിന്ധു പ്രേം കുമാർ, സിയാവുൽ ഹഖ് തുടങ്ങിയവർ വേദിയിലെത്തിയ സംഗീതനിശ പാട്ടുകൾ കൊണ്ടുമാത്രമല്ല ആതിഥ്യ മര്യാദ കൊണ്ടും പ്രേക്ഷക മനം കവർന്നു. പ്രവാസി കുടുംബങ്ങളുടെ സജീവ സാന്നിധ്യമായിരുന്നു സംഗീത ഷോയുടെ ആകർഷണം. മലബാർ അടുക്കള മാഗസിന്റെ ഖത്തറിലെ പ്രകാശനവും, മൊബൈൽ ആപ്പിന്റെ റിലീസും ഇതോടനുബന്ധിച്ചു നടന്നു. തനതു മലബാർ വിഭവങ്ങൾ മാത്രമുൾപ്പെടുത്തി അംഗങ്ങൾ തയാറാക്കിയ ഭക്ഷ്യ പ്രദർശനവും വൻ വിജയമായിരുന്നു.

കേരളത്തിൽ തീരദേശ, മലയോര മേഖലകളിലെ ഏതാനും സർക്കാർ സ്കൂളുകളിൽ പോഷക ആഹാര പദ്ധതിക്കും കഴിഞ്ഞവർഷം തുടക്കം കുറിച്ചിരുന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ, ഫൈസൽ മുഹമ്മദ്, കമറുന്നിസ സക്കീർ, മുഹമ്മദ് എം.സി, ശ്രീജിത്ത് പുനത്തിൽ, അനസ് പുറക്കാട്, ഷാഹിദ ഫൈസൽ, നഫീസത്ത് പറ്റിലത്ത്, ലിജിയ റിയാസ്, ജെസ്‌ന ബക്കർ, സാജി തൻസീർ, ലീനു നൗഫൽ എന്നിവരാണ് മലബാർ അടുക്കളയുടെ മറ്റു സാരഥികൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.