Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണികാണാനൊരുങ്ങി പ്രവാസി മലയാളികൾ

dub-vishu-3 representative image

ദോഹ ∙ കണികണ്ടും കൈനീട്ടം നൽകിയും ഇന്നു പ്രവാസി മലയാളികൾ വിഷുപ്പുലരി കെങ്കേമമാക്കും. ഇന്നു പ്രവൃത്തി ദിവസമായതിനാൽ വിഷു സദ്യയ്ക്കുള്ള ഒരുക്കങ്ങളും ഇന്നലെ സന്ധ്യയ്ക്കു തന്നെ പൂർത്തിയാക്കിയിരുന്നു. ഇത്തവണ ഖത്തറിൽ കൊന്ന പൂത്തിട്ടില്ല. അതിനാൽ മാളുകളിൽ പായ്ക്കറ്റിലാക്കിയ കൊന്നപ്പൂക്കൾക്ക് നല്ല കച്ചവടമായിരുന്നു. മുല്ലപ്പൂവിനും നല്ല വിൽപന ലഭിച്ചു. കണിവെള്ളരിയും കസവുമുണ്ടും വറുത്തുപ്പേരികളും വലിയ പപ്പടവും മാളുകൾ 3 ദിവസം മുമ്പേ എത്തിച്ചതിനാൽ ഒന്നിനും ഒരു കുറവുമില്ല. വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഫെയ്‌സ്‌ബുക്കിലും നിറയെ വിഷുക്കണിയും ആശംസകളും മാത്രം.

റിയാലായും ഇന്ത്യൻ കറൻസിയായും കൈനീട്ടവുമുണ്ട്. നമ്മുടെ അടുക്കളത്തോട്ടം ദോഹ, കൃഷിയിടം ഖത്തർ തുടങ്ങിയ കൃഷിയെ സ്‌നേഹിക്കുന്ന മലയാളികളുടെ ഫെയ്സ്ബുക് കൂട്ടായ്മകൾ സ്വന്തം കൃഷിയിടത്തിലെ വെള്ളരിയും മറ്റു ഫലങ്ങളും കൊണ്ടാണ്‌ കണിവച്ചതും സദ്യ ഒരുക്കിയതും.  ജോലിത്തിരക്കേറെയുള്ളവർ മാളുകളിൽ നിന്ന് ഇൻസ്റ്റന്റ് കണിത്താലം വാങ്ങി അതിൽ പുതുവസ്‌ത്രം മുതൽ പുസ്‌തകം വരെ കൂട്ടിച്ചേർത്ത് കണിക്കാഴ്‌ചയ്‌ക്ക്‌ പാരമ്പര്യത്തനിമ ഉറപ്പാക്കി. വീസ രഹിത സന്ദർശന സാധ്യത പരമാവധി ഉപയോഗപ്പെടുത്തി നാട്ടിൽ നിന്നു പലരും ബന്ധുക്കളെ ഇവിടേക്കെത്തിച്ചത് കുട്ടികൾക്ക് ഏറെ സന്തോഷമേകുന്നു. മുതിർന്ന ബന്ധുക്കളുടെ സാന്നിധ്യം കുട്ടികളുടെ കണിക്കും കൈനീട്ടത്തിനും പൊലിമയേറ്റിയിട്ടുണ്ട്. പ്രവൃത്തി ദിനമായതിനാൽ ഓഫിസുകൾ കേന്ദ്രീകരിച്ചും ആഘോഷമുണ്ട്‌.

ഓഫിസുകളിൽ പക്ഷേ സദ്യ വിളമ്പുന്നത് റസ്റ്ററന്റുകളാണ്. ജോലിത്തിരക്കിനോ ഷിഫ്‌റ്റിനോ മാറ്റമില്ലെങ്കിലും ലേബർ ക്യാംപുകളിലും വിഷുവൊരുക്കങ്ങൾ തകൃതിയായിരുന്നു. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഇഷ്ട വിഭവങ്ങൾ ചൂടോടെ വീട്ടിലെത്തിച്ചതും  ഹോട്ടലുകൾ പായസമേള സംഘടിപ്പിച്ചതും പലർക്കും സഹായകമായി. റസ്‌റ്ററന്റുകളുടെ സദ്യ ഓഫറിനും മികച്ച പ്രതികരണമായിരുന്നു. ഉപ്പുതൊട്ടു കുപ്പിവെള്ളവും തൂശനിലയും വരെ ഉൾപ്പെടുന്നതാണ് ഇവരുടെ കോംബോ പായ്ക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.