Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ വിദേശികൾക്കു ഭൂമി സ്വന്തമാക്കാം; റിയൽ എസ്റ്റേറ്റിലും നിക്ഷേപിക്കാം

doha city

ദോഹ ∙ ഖത്തറിൽ വിദേശികൾക്കു ഭൂമി സ്വന്തമാക്കാവുന്ന 10 മേഖലകൾ റജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള നീതീന്യായ മന്ത്രാലയം വിജ്ഞാപനം ചെയ്തു. 99 വർഷത്തേക്ക് ഭൂമി പാട്ടത്തിനു ലഭിക്കുന്ന 16 മേഖലകളും പ്രസിദ്ധപ്പെടുത്തി. കാബിനറ്റ് കാര്യ സഹമന്ത്രി കൂടിയായ നീതിന്യായ മന്ത്രി ഡോ. ഈസ ബിൻ സാദ് അൽ ജഫാലി അൽ നുഅയ്മിയാണ് ഭൂമി വാങ്ങാനും പാട്ടത്തിനെടുക്കാനും പറ്റുന്ന മേഖലകൾ പ്രത്യേക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. 2018ലെ 16ാം നമ്പർ നിയമപ്രകാരം ഖത്തറിലെ ഏറ്റവും മുന്തിയ ആഡംബര മേഖലകളിലാണ് വിദേശികൾക്കു ഭൂമിയും പാർപ്പിടങ്ങളും ഓഫിസ് സമുച്ചയങ്ങളും സ്വന്തമാക്കാൻ അനുവാദം ലഭിച്ചിരിക്കുന്നത്.

വിദേശികൾക്കു തനിച്ചും സ്വദേശികളുമായി ചേർന്നും റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താം. ഖത്തറിലെ കണ്ണായ സ്ഥലങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ 10 മേഖലകൾക്കും വിനോദസഞ്ചാരപരമായും ഏറെ പ്രാധാന്യമുണ്ട്. ഗൾഫ് മേഖലയിൽ ഇതാദ്യമായാണ് ഒരു രാജ്യം വിദേശികൾക്ക് ഭൂമിയിൽ പരിപൂർണാവകാശം നൽകുന്നത്. റിയൽഎസ്റ്റേറ്റ് മേഖലയിൽ ഉണ്ടാകുന്ന വലിയ കുതിപ്പ് ദേശീയ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതാണു ഖത്തറിനുള്ള നേട്ടം. രണ്ടു ലക്ഷം ഡോളർ (1.35 കോടി രൂപ) മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്താമെന്നതു ഖത്തറിലെ സമ്പന്ന ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച് വലിയ നേട്ടമാണ്.

ഖത്തറിലെ മറ്റു വ്യവസായമേഖലകളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന പ്രമുഖ പ്രവാസി മലയാളികൾക്കും ഇനി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങാനാവും. ഈ 10 മേഖലകളിൽ ഭൂമി വാങ്ങുന്നവർക്ക് ഖത്തറിൽ ഭൂമി സ്വന്തമായുള്ള കാലത്തോളം സ്ഥിരതാമസാനുമതി ലഭിക്കും. ഖത്തറിന്റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന വിദേശികൾക്കും അവരുടെ മക്കൾക്കും ഖത്തറിൽ സ്ഥിരതാമസാനുമതി നൽകുന്നതിന് ഖത്തർ നേരത്തെ നിയമം നിർമിച്ചിരുന്നു. ആ നിയമത്തിലെ പല വ്യവസ്ഥകളും വളരെ കർശനമാണ്. മാത്രമല്ല 10 ലക്ഷം ഡോളറിലേറെ നിക്ഷേപമുള്ളവർക്കാണ് സ്ഥിരതാമസാനുമതി ലഭിക്കുക. എന്നാൽ താരതമ്യേന കുറഞ്ഞ നിക്ഷേപത്തിലൂടെ ഭൂമി വാങ്ങുന്നവർക്ക് താമസാനുമതിയും മറ്റാനുകൂല്യങ്ങളും ലഭിക്കുമെന്നത് വലിയ നേട്ടമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ഭൂമി സ്വന്തമാക്കാവുന്ന 10 മേഖലകൾ

ദോഹ ∙ ഡിപ്ലോമാറ്റിക് ഏരിയ എന്നു പൊതുവിൽ അറിയപ്പെടുന്ന വെസ്റ്റ്ബേ, ആഡംബര നഗരമായ പേൾ ഖത്തർ, അൽ ഖോർ റിസോർട്ട്, ഭരണനിർവഹണ പ്രദേശങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ള അൽ ഖസാർ, അൽ ദഫ്ന, ഒനയ്സ, നിക്ഷേപമേഖലകളായ റവ്ദ അൽ ജഹാനിയ,ജബാൽ തയിലീബ്, അൽ വാസിൽ, ഖരെയ്ജ് എന്നിവിടങ്ങളിലാണ് വിദേശികൾക്ക് ഭൂമിയിൽ പരിപൂർണ അവകാശം ലഭിക്കുന്നത്.

99 വർഷ പാട്ടം : 16 മേഖലകൾ

ദോഹ. ഖത്തറിൽ പാർപ്പിട മേഖലകൾ വികസിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ 16 മേഖലകളിലാണ് 99 വർഷത്തേക്ക് പാട്ടത്തിനു ഭൂമി നൽകുന്നത്. ഈ മേഖലകളിൽ ഭൂമി പാട്ടത്തിനു ലഭിക്കുന്നവർക്ക് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏതുവിധ നിർമാണപ്രവൃത്തികളും നടത്താനും പൂർണമായി ലാഭമെടുക്കാനുമാവും. ഖത്തറിലെ സാമ്പത്തിക സിരാകേന്ദ്രമെന്നറിയപ്പെടുന്ന മിഷൈരിബ്(ദോഹ ഡൗൺ ടൗൺ), ഫരീജ് അബ്ദുൽ അസിസ്, ദോഹ അൽ ജയ്ദ,ഓൾഡ് ഗാനീം, റിഫ, അൽ ഹാതീ അൽ അതീഖ്, സലാത്ത, ഫരീജ് ബിൻ മഹ്മൂദ് 22, ഫരീജ് ബിൻ മഹ്മൂദ് 23, അൽ ഖെയ് ൽ, മൻസൂറ, ഫരീജ് ബിൻ ദിർഹം, നജ്മ, ഉം ഗുഐലിന, അൽ ഖാലിഫാത്, അൽ സദ്ദ്, വിമാനത്താവളത്തോടു ചേർന്ന ന്യൂ അൽ മിർഖാബ്-ഫരീജ് അൽ നസർ മേഖലകൾ. ഇവയിലേറെയും ദോഹ നഗരത്തോടു തൊട്ടുചേർന്ന സ്ഥലങ്ങളാണ്.


നേട്ടങ്ങൾ  ഒട്ടേറെ, സുതാര്യം, സുഗമം

∙ഭൂമിയിൽ പരിപൂർണ ഉടമാവകാശം.

∙100% ലാഭമെടുക്കാനുള്ള സ്വാതന്ത്ര്യം

∙താമസ, ഓഫിസ്, വ്യാപാര, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി കെട്ടിട നിർമാണം.

∙എല്ലാ മേഖലകളും അടിസ്ഥാന സൗകര്യ വികസനം പൂർണമായവ.

∙ഹമദ് രാജ്യാന്തര വിമാനത്താവളം, ഹമദ് തുറമുഖം എന്നിവയോടുള്ള സാമീപ്യം.

∙ഭൂമിവിലയിൽ കാലാകാലങ്ങളിൽ ഉണ്ടാക്കുന്ന വർധന.

∙സ്വന്തംപേരിൽ ഭൂമിയുള്ള കാലം ഖത്തറിൽ താമസാനുമതി.

∙രോഗബാധിതരായാൽ സമ്പൂർണ ചികിൽസ.

*∙*സ്വദേശികളുടേതിനു സമാനമായ സർക്കാർ സേവനങ്ങൾ.

∙ഭൂമി വാങ്ങുന്നതിനും മറ്റു നടപടികൾക്കും ഏകജാലക സംവിധാനം.

∙ഭൂമിവില നിശ്ചയിക്കാൻ നീതിന്യായ മന്ത്രാലയത്തിനു കീഴിൽ മേൽനോട്ട സമിതി.


വിദേശികൾക്കു ഖത്തറിൽ ഭൂമി വാങ്ങാൻ അനുവാദം നൽകുന്നതിലൂടെ സഹവർത്തിത്വം നിലനിർത്താനും വിവിധ സംസ്കാരങ്ങളെ സ്വാംശീകരിക്കാനും കഴിയും.-ഡോ. ഈസ ബിൻ സാദ് അൽ ജഫാലി അൽ നുഅയ്മി നീതിന്യായ മന്ത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.