Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഹ്റാമ ശുദ്ധജല ലാബ് സന്ദർശിച്ച് പ്രധാനമന്ത്രി

pm-in-lab അൽ ദുഹൈലിലെ കുടിവെള്ള ഗുണമേന്മ പരിശോധന കേന്ദ്രത്തിൽ എത്തിയ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയോട് ഉദ്യോഗസ്ഥർ ലാബിന്റെ പ്രവർത്തനം വിശദീകരിക്കുന്നു.

ദോഹ ∙ ഖത്തർ ശുദ്ധജല, വൈദ്യുത വിതരണ കോർപറേഷന്റെ (കഹ്‌റാമ) അൽ ദുഹൈലിലെ കുടിവെള്ള ഗുണമേന്മ പരിശോധന കേന്ദ്രത്തിൽ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി സന്ദർശനം നടത്തി. രാജ്യത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഹ്‌റാമ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ ലാബിലെ വിദഗ്‌ധർ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ജല ഗുണമേന്മ അളക്കാൻ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ രാജ്യാന്തര നിലവാരത്തിലുള്ള പരിശോധനകളാണ്‌ ഇവിടെ നടത്തുന്നത്‌.

അൽ തുമാമയിലെ മെഗാ ജലശേഖരത്തിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മാ പരിശോധനകളെക്കുറിച്ചും ഉദ്യോഗസ്‌ഥർ  വിശദീകരിച്ചു. ഏറ്റവും ശുദ്ധമായ കുടിവെള്ളമാണ്‌ ഖത്തറിൽ കഹ്‌റാമ വിതരണം ചെയ്യുന്നത്‌. ജല ഗുണമേന്മ ഉറപ്പാക്കാൻ കഹ്‌റാമ നടത്തുന്ന ശ്രമങ്ങളിൽ സന്തുഷ്‌ടി അറിയിച്ച പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിരന്തര നിരീക്ഷണവും പരിശ്രമവും തുടരണമെന്നും നിർദേശിച്ചാണ്‌ മടങ്ങിയത്‌. റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ പ്രക്രിയയിലൂടെ കടൽജലം ശുദ്ധീകരിച്ചാണ്‌ ഖത്തറിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്‌.

റാസ്‌ അബു ഫോണ്ടാസ്‌, റാസ്‌ ലഫാൻ, ദൂഖാൻ, ഉം അൽ ഹൗൾ എന്നിവിടങ്ങളിലാണ്‌ ഖത്തറിലെ കടൽജലശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തിക്കുന്നത്‌. കടൽജലം തിളപ്പിച്ച്‌ നീരാവിയാക്കി അതു സാന്ദ്രീകരിച്ചു സംഭരിച്ചാണ്‌ കുടിവെള്ളമാക്കുന്നത്‌. വെള്ളം തിളയ്‌ക്കുന്ന നീരാവി ഉപയോഗിച്ച്‌ ജനറേറ്റർ ടർബൈനുകൾ കറക്കി ഇതിനൊപ്പം വൈദ്യുതിയും ഉൽപാദിപ്പിക്കും.

അണു വികരണം കണ്ടെത്താനും കഹ്റാമയിൽ  സംവിധാനം

ദോഹ ∙ തിളപ്പിച്ചു സാന്ദ്രീകരിച്ചു ശുദ്ധമാക്കുന്ന ജലത്തിൽ റേഡിയോ ആക്‌ടീവ്‌ മൂലകങ്ങളുടെ സാന്നിധ്യമുണ്ടോ എന്നറിയുവാൻ  പ്രത്യേക  മുന്നറിയിപ്പ്‌ സംവിധാനം സ്‌ഥാപിച്ച ആദ്യ ജിസിസി രാജ്യമാണ് ഖത്തർ. ഓരോ ജലശുദ്ധീകരണ പ്ലാന്റിലും ഈ സുരക്ഷാമുന്നറിയിപ്പു സംവിധാനം സ്‌ഥാപിക്കുന്നതിന്‌ 1.9 കോടി റിയാൽ വീതം ചെലവിട്ടാണ് കഹ്റാമ ഈ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

വിതരണ സംഭരണികളിലേക്ക്‌ എത്തുന്ന ജലത്തിൽ റേഡിയോ ആക്‌ടീവ്‌ വികിരണങ്ങൾ ഉണ്ടാക്കുന്ന വസ്‌തുക്കളൊന്നുമില്ലെന്ന്‌ ഉറപ്പാക്കാൻ മുന്നറിയിപ്പു സംവിധാനത്തിനാകും. റാസ്‌ അബു ഫോണ്ടാസ്‌, റാസ്‌ ലഫാൻ, ദൂഖാൻ, ഉം അൽ ഹൗൾ എന്നിവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകളിലെല്ലാം  സുരക്ഷാ മുന്നറിയിപ്പു സംവിധാനമുണ്ട്. ആൽഫ, ബീറ്റ, ഗാമ റേഡിയോ വികിരണം ഉണ്ടാക്കുന്ന വസ്‌തുക്കൾ ജലത്തിൽ കലർന്നിട്ടുണ്ടെങ്കിൽ ഈ സംവിധാനം മുന്നറിയിപ്പു നൽകും. ഇതിനു പുറമേയാണ് ശുദ്ധീകരിച്ച കുടിവെള്ള സാമ്പിൾ ലാബിലയച്ച്‌ ഗുണമേന്മ വീണ്ടും ഉറപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.