Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിമം ചാർജിൽ കുറവ്; പ്രതിസന്ധിയെന്ന്‌ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ

DUB-TAXI-taxi-3CLMCLR representative image

ദോഹ ∙ ഓൺലൈൻ ടാക്‌സി കമ്പനികൾ വാടക കുറച്ചതോടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നും നിലനിൽപുതന്നെ പ്രതിസന്ധിയിലായെന്നും ഡ്രൈവർമാർ. ഖത്തറിലെ പൊതുമേഖലാ ടാക്‌സി കമ്പനിയായ കർവയേക്കാൾ കുറഞ്ഞ നിരക്കിലാണ്‌ ഖത്തറിലെ 2 ഓൺലൈൻ ടാക്‌സികളും (കരീം, യൂബർ) ഇപ്പോൾ ഓടുന്നത്‌. കർവയുടെ മിനിമം ചാർജ്‌ 10 റിയാലാണ്‌. ഓൺലൈൻ ടാക്‌സികൾക്ക്‌ ഒരാഴ്‌ചയായി മിനിമം ചാർജ്‌ 8 റിയാലാണ്‌. 10 റിയാലിന്‌ ഓടിയിരുന്നപ്പോൾ 8 റിയാൽ ഡ്രൈവർക്കു ലഭിക്കുമായിരുന്നു. മിനിമം ചാർജ്‌ 8 ആയതോടെ ഡ്രൈവർക്ക്‌ ലഭിക്കുന്നത്‌ 6 റിയാൽ മാത്രം.

എന്നാൽ മിനിമം ചാർജ്‌ 10 റിയാൽ ആയിരുന്നപ്പോഴുള്ള 2 റിയാൽ കമ്മിഷൻ ഇപ്പോഴും ഓൺലൈൻ കമ്പനികൾക്കു ലഭിക്കുന്നു. തങ്ങളുടെ പ്രതിഫലം കുറച്ച ഓൺലൈൻ ടാക്‌സി കമ്പനികൾ അവരുടെ കമ്മിഷൻ തുകയിൽ കുറവുവരുത്താത്തത്‌ അനീതിയാണെന്ന്‌ ഡ്രൈവർമാർ പറയുന്നു. ഒരു സേവനവും സഹായവും ഓൺലൈൻ കമ്പനികളിൽ നിന്നു ലഭിക്കുന്നില്ലെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണി ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഡ്രൈവർ സ്വയം വഹിക്കണം. രണ്ടാഴ്‌ചയിലൊരിക്കൽ ടാക്‌സികൾ ഓഫിസിലേക്ക്‌ വിളിച്ചുവരുത്തി വാഹനങ്ങൾ പരിശോധിക്കും. വാഹനത്തിനുള്ളിൽ ഉപയോഗിക്കുന്ന പെർഫ്യൂം വരെയുള്ള കാര്യങ്ങൾ പരിശോധനാ വിധേയമാക്കും. ഇതിനെല്ലാം ഡ്രൈവർ സ്വന്തം കയ്യിൽ നിന്നു കാശുമുടക്കണം.

ഈ സ്‌ഥിതിയിൽ ഈ രംഗത്ത്‌ ഇനിയും തുടരുക ബുദ്ധിമുട്ടാണെന്നാണ്‌ പല മലയാളി ഡ്രൈവർമാരും പറയുന്നത്‌. ബാങ്ക്‌ വായ്‌പയിൽ വാഹനം സ്വന്തമാക്കി ഓടിക്കുന്നവരും ലീമോസിൻ കമ്പനികളിൽ നിന്ന്‌ വാടകയ്‌ക്ക്‌ വണ്ടിയെടുത്ത്‌ ഓടിക്കുന്നവരുമാണ്‌ ഓൺലൈൻ ടാക്‌സി ഡ്രൈവർമാരിൽ ഭൂരിഭാഗവും. വായ്‌പയെടുത്ത്‌ വാഹനം വാങ്ങിയവർക്ക്‌ മാസം 2,500-3,000 റിയാൽ തവണയടക്കണം. രണ്ട്‌ ഓൺലൈൻ ടാക്‌സികളും പരമാവധി യാത്രക്കാരെ സ്വന്തം ഭാഗത്തേക്ക്‌ ആകർഷിക്കാൻ മൽസരിച്ച്‌ ഇളവുകൾ പ്രഖ്യാപിക്കുന്നതാണ്‌ കർവയേക്കാൾ ഓൺലൈൻ ടാക്‌സി വാടക കുറയ്‌ക്കുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.