Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസിക‌ളുടെ ഭൂമി വാങ്ങൽ; മേഖലകൾ തീരുമാനമായി

doha city representative image

ദോഹ∙ പ്രവാസികൾക്ക്‌ ഖത്തറിൽ ഭൂമി വാങ്ങാവുന്ന മേഖലകൾ വിജ്‌ഞാപനം ചെയ്യുന്ന പട്ടികയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. 2018ലെ 16ാം നമ്പർ നിയമമാണ്‌ സർക്കാർ അനുവദിക്കുന്ന മേഖലകളിൽ വിദേശികൾക്കും ഖത്തറിൽ ഭൂമി വാങ്ങാൻ അനുവാദം നൽകുന്നത്‌. വിദേശ വ്യക്‌തികൾക്കും വിദേശ വാണിജ്യ കമ്പനികൾക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനും നിക്ഷേപം റിയൽ എസ്‌റ്റേറ്റ്‌ മേഖലയിൽ നിക്ഷേപം നടത്താനും മന്ത്രിസഭ അംഗീകരിച്ച പ്രമേയം അവകാശം നൽകുന്നു. 10 മേഖലകളിലാണ്‌ വിദേശികൾക്ക്‌ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുവാദം ലഭിക്കുക. ഇതിനു പുറമേ 16 മേഖലകളിലെ 99 വർഷത്തേക്ക്‌ ഭൂമി കൈവശം വച്ച്‌ ഉപയോഗിക്കാനുള്ള അനുവാദവും നൽകുന്നു.

താമസാവശ്യത്തിനുള്ള കെട്ടിടവും വാടകയ്‌ക്ക്‌ നൽകുന്നതിനായി വില്ലകളും ഫ്ലാറ്റുകളും ഉൾപ്പെട്ട സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഇനി വിദേശികൾക്ക്‌ സ്വന്തമാക്കാം. ഭൂമിയിൽ അവകാശമുള്ള കാലത്തോളം വിദേശികൾക്ക്‌ ഖത്തറിൽ താമസാനുമതിയും ഉറപ്പാക്കുന്നതാണ്‌ മന്ത്രിസഭ ഇന്നലെ അംഗീകരിച്ച പ്രമേയം. ഖത്തറിലെ സമ്പന്നരായ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയയമമാണിത്‌. 2018 ഒക്‌ടോബർ 31നാണ്‌ നിയമത്തിന്‌ അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി അംഗീകാരം നൽകിയത്‌. പ്രവാസികൾ വാങ്ങുന്ന ഭൂമിയുടെ വിപണിവില നിശ്‌ചയിക്കുന്നതിനും റജിസ്‌ട്രേഷൻ നടപടികൾക്കു മേൽനോട്ടം വഹിക്കുന്നതിനും റജിസ്‌ട്രേഷൻ വകുപ്പിന്‌ കീഴിൽ പ്രത്യേക സമിതി രൂപീരിക്കാൻ ഈ വർഷം ആദ്യം തീരുമാനമായിരുന്നു.

മാലിന്യ പുനഃസംസ്‌കരണ നിയമത്തിന്‌ അംഗീകാരം

ദോഹ∙ പരിസ്‌ഥിതി സംരക്ഷണത്തിൽ രാജ്യാന്തര നിലവാരം ഉറപ്പുവരുത്താൻ മാലിന്യ പുനഃസംസ്‌കരണം സംബന്ധിച്ച കരടു നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഗാർഹിക മാലിന്യങ്ങൾ മുതൽ വ്യാവസായിക മാലിന്യങ്ങൾ വരെ കരടു നിയമത്തിന്റെ പരിധിയിൽ വരും. പുനഃസംസ്‌കരണമേഖലയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളുടെ ലൈസൻസ്‌, ലൈസൻസ്‌ റദ്ദാക്കാവുന്ന സാഹചര്യങ്ങൾ, ഒരിക്കൽ റദ്ദാക്കിയ ലൈസൻസ്‌ പുനസ്‌ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയെല്ലാം കരടു നിയമത്തിൽ ഉൾപ്പെടുന്നു.

ഉപയോഗ ശൂന്യമായ ടയറുകൾ, ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക്‌ മാലിന്യങ്ങൾ, പാക്ക്‌ ചെയ്‌ത നിലയിലുള്ള ദ്രാവകങ്ങൾ, ആശുപത്രി മാലിന്യങ്ങൾ എന്നിവയുടെ പുനസംസ്‌കരണത്തിനായി നഗരസഭ പരിസ്‌ഥിതി മന്ത്രാലയം തയാറാക്കിയ കരടു നിർദേശങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. പ്ലാസ്‌റ്റിക്‌ ബാഗുകളുടെ നിയന്ത്രണം, ഖരമാലിന്യങ്ങളുടെ സംഭരണവും നീക്കവും, ജല ഗുണമേന്മയും സമുദ്ര, പരിസ്‌ഥിതി സംരക്ഷണം, കേടായ ബാറ്ററികളുടെ സംഭരണവും സംസ്‌കരണം എന്നിവ സംബന്ധിച്ച നിർദേശങ്ങൾക്കും അംഗീകാരമായി. പരിസ്‌ഥിതി സംരക്ഷണം ഉറപ്പാക്കുന്നിന്‌ 2002ലെ 30ാം നമ്പർ മന്ത്രാലയ ഉത്തരവിലും 2017ലെ 18ാം നമ്പർ പൊതുശുചിത്വ നിയമത്തിലും ഉള്ള വ്യവസ്‌ഥകൾ പ്രാബല്യത്തിൽ വരുത്താനും തീരുമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.