Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ ഫുട്ബോൾ റാങ്കിങ്: ഗൾഫിൽ ഖത്തർ നമ്പർ 1

Asian-Cup-Winners ഏഷ്യൻ കപ്പിൽ കന്നിക്കിരീടം സ്വന്തമാക്കിയ ഖത്തർ ടീം ട്രോഫിയുമായി. (ഫയൽ ചിത്രം)

ദോഹ ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട നേട്ടത്തോടെ ഫിഫ ലോക റാങ്കിങ്ങിൽ ഖത്തറിനു വൻ മുന്നേറ്റം. ഇന്നലെ പുറത്തിറക്കിയ റാങ്കിങ് പട്ടിക പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതാണു ഖത്തർ. ലോക റാങ്കിങ്ങിൽ 55–ാം സ്ഥാനത്തും ഏഷ്യൻ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുമാണു ഖത്തറുള്ളത്.

പുതിയ പട്ടിക പ്രകാരം റാങ്കിങ്ങിൽ 38 സ്ഥാനങ്ങൾ മുന്നേറിയാണു ഖത്തറിന്റെ നേട്ടം. ഫിഫ റാങ്കിങ്ങിൽ ഖത്തറിന്റെ ഏറ്റവും മികച്ച റാങ്കാണിത്. ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ 5നുള്ളിൽ എത്തുന്നത് ആദ്യം. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളിനു തയാറെടുക്കുന്ന ഖത്തറിന് ആവേശം പകരുന്നതാണു റാങ്കിങ്ങിലെ മുന്നേറ്റം.

ഈ സീസണിൽ റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതു ഖത്തറാണ്. 140 പോയിന്റുകളാണു ഖത്തർ നേടിയത്; ഒപ്പം, 38 റാങ്കുകളും കയറി. ഇത്തവണത്തെ പട്ടികയിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളാണ് ഇവ രണ്ടും. ഈ സീസണിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മൽസരങ്ങൾ കളിച്ചതും ഖത്തറാണ്, 11 മൽസരങ്ങൾ.

ഏഷ്യൻ കപ്പിൽ ഫൈനലിസ്റ്റുകളായ ജപ്പാൻ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27–ാം റാങ്കിലെത്തി. ഇറാൻ (22-ാം റാങ്ക്), ദക്ഷിണ കൊറിയ (38), യുഎഇ (67), ഇറാഖ് (80), ഉസ്ബെക്കിസ്ഥാൻ (89), ജോർദാൻ (97) എന്നീ രാജ്യങ്ങളാണ് ഏഷ്യയിൽ നിന്ന് മുന്നേറ്റമുണ്ടാക്കിയത്.

ഏഷ്യയിൽ നിന്ന് 4 രാജ്യങ്ങളാണ് ഇത്തവണ ആദ്യ 50 റാങ്കുകൾക്കുള്ളിൽ ഇടം നേടിയത്. അതേ സമയം, ആദ്യ 20 സ്ഥാനങ്ങളിൽ മാറ്റമില്ല. ബെൽജിയം, ഫ്രാൻസ്, ബ്രസീൽ, ക്രൊയേഷ്യ ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. ഏഷ്യൻ കപ്പിൽ നോക്കൗട്ട് റൗണ്ടിലേക്കു കടക്കാൻ കഴിയാതിരുന്ന ഇന്ത്യ റാങ്കിങ്ങിൽ 6 സ്ഥാനങ്ങൾ പിന്നാക്കം പോയി, 103–ാം റാങ്കിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.