Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം കുറിച്ച് ഖത്തർ; ജപ്പാനെ വീഴ്ത്തി ആദ്യ എഎഫ്സി ഏഷ്യൻ കപ്പ് കിരീടം

Asian-Cup-Winners നാലുവട്ടം ചാംപ്യന്മാരായ ജപ്പാനെ തകർത്ത് (3–1) ഏഷ്യൻ കപ്പിൽ കന്നിക്കിരീടം സ്വന്തമാക്കിയ ഖത്തർ ടീം ട്രോഫിയുമായി.

ദോഹ ∙ ഏഷ്യൻ ഫുട്ബോളിൽ ഇതാ പുതിയ ചാപ്യന്മാർ; ഖത്തർ. നാലു തവണ ചാംപ്യൻമാരായ ജപ്പാനെ അട്ടിമറിച്ചു നേടിയ കന്നിക്കിരീടത്തിന് (3–1) ഇരട്ടിമധുരം. ഏഷ്യൻ കപ്പ് ഫൈനലിൽ ആദ്യമായി ജപ്പാനു പരാജയം. അൽമോസ് അലി, അബ്ദുൽ അസീസ് ഹാത്തിം, അക്രം അഫിഫ് എന്നിവരാണു ഖത്തറിനു വേണ്ടി ഗോളുകൾ നേടിയത്. തകുമി മിനാമിനോയുടേതായിരുന്നു ജപ്പാന്റെ ആശ്വാസ ഗോൾ.

Almoez-Goal ഏഷ്യൻ കപ്പ് ഫൈനലിൽ ജപ്പാനെതിരെ അൽമോസ് അലി ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടുന്നു.

അൽമോസ് അലിയാണ് ഏഷ്യൻ കപ്പിലെ ഏറ്റവും മികച്ച കളിക്കാരനും കൂടുതൽ ഗോൾ നേടിയ താരവും. ഖത്തർ ഗോൾ കീപ്പർ സാദ് അൽ ഷീബ് ഏറ്റവും മികച്ച ഗോൾ കീപ്പറുമായി. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ കളിയാരംഭിച്ചതു മുതൽ വിജയത്തിനു വേണ്ടി ആക്രമിച്ചു കളിച്ച ഖത്തർ 12–ാം മിനിറ്റിൽ അൽമോസ് അലിയിലൂടെ ആദ്യ ഗോൾ നേടി(1–0). ഈ ഏഷ്യൻ കപ്പിൽ അൽമോസിന്റെ 9–ാം ഗോൾ. ഇതോടെ, ഏഷ്യൻ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി അദ്ദേഹം. ഇറാന്റെ അൽ ദാഈയുടെ 1996ലെ 8 ഗോൾ റെക്കോർഡാണുമറികടന്നത്. 27–ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹാത്തിമിലൂടെ ഖത്തറിനു വീണ്ടും ഗോൾ. മുന്നേറ്റ നിരയിലെ അക്രം അഫിഫിന്റെ മനോഹരമായ പാസിൽ നിന്നു പിറന്ന ഗോൾ. രണ്ടാം പകുതിയിൽ ജപ്പാൻ കരുതിയാണ് ഇറങ്ങിയത്.

Almoez-and-Afiff ഫൈനൽ മൽസരത്തിൽ ഗോൾ നേടിയ ശേഷം അക്രം അഫിഫും അൽമോസ് അലിയും.

ഖത്തർ പെനൽറ്റി ബോക്സിനുള്ളിൽ പലതവണ ജപ്പാൻ താരങ്ങൾ അപകട ഭീഷണി മുഴക്കി. എന്നാൽ, ഖത്തർ പ്രതിരോധ നിരയും ഗോൾ കീപ്പർ സാദ് അൽ ഷീബും പിടിച്ചു നിന്നു. എന്നാൽ, 69–ാം മിനിറ്റിൽ ഏഷ്യൻ കപ്പിൽ ആദ്യമായി ഖത്തറിന്റെ ഗോൾ വല കുലുങ്ങി (2–1). ഒരു ഗോൾ മടക്കിയതിന്റെ ആവേശത്തിൽ ജപ്പാൻ താരങ്ങൾ ആക്രമിച്ചു കളിച്ചതോടെ ഖത്തർ പ്രതിരോധക്കോട്ട ശക്തമാക്കി. ഇതിനിടെ, ക്യാപ്റ്റൻ മയ യോഷിദയുടെ ഹാൻഡ്ബോളിൽ നിന്നു ലഭിച്ച പെനൽറ്റി അക്രം അഫിഫ് വലയിലെത്തിച്ചതോടെ ജപ്പാന്റെ പതനം പൂർണം(3–1).

ഗോളുകൾ പിറന്നതിങ്ങനെ

ഗോൾ 1-12–ാം മിനിറ്റ്; അൽമോസ് അലി

ഇടതു പാർശ്വത്തിലൂടെ അക്രം അഫിഫിന്റെ മുന്നേറ്റം. പെനൽറ്റി ബോക്സിൽ അൽമോസ് അലിക്ക് പന്ത് നൽകുന്നു. ഇടതു കാലിൽ പന്ത് സ്വീകരിച്ച് വലതുകാൽ കൊണ്ട് തട്ടിയുയർത്തി അൽമോസ് അലിയുടെ വലംകാലൻ ബൈസിക്കിൾ കിക്ക്. പോസ്റ്റിന്റെ വലതു ഭാഗത്തു തട്ടി വലയിലേക്ക്(1–0).


ഗോൾ 2-27–ാം മിനിറ്റ്; അബ്ദുൽ അസീസ് ഹാത്തിം

മധ്യവരയ്ക്കടുത്തു നിന്ന് അക്രം അഫിഫിലേക്ക് പന്ത്. അഫിഫ് മുന്നോട്ടു തട്ടി അബ്ദുൽ അസീസ് ഹാത്തിമിന് പാസ് ചെയ്യുന്നു. പന്തുമായി ചെറുതായി മുന്നോട്ടു നീങ്ങിയ അസീസ് പെനൽറ്റി ബോക്സിനു പുറത്തു നിന്ന് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിർക്കുന്നു. (2–0).


ഗോൾ 3-83–ാം മിനിറ്റ്; അക്രം അഫിഫ്

ജപ്പാൻ ക്യാപ്റ്റൻ മയ യോഷിദയ്ക്കു സംഭവിച്ച പിഴവാണു ഖത്തറിന്റെ മൂന്നാം ഗോളിനു കാരണമായത്. കോർണറിൽ നിന്നു വന്ന പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ മയ യോഷിദയുടെ ഇടതു കൈയിൽ പന്തു തട്ടി. വിഡിയോ പരിശോധിച്ച റഫറി പെനൽറ്റി വിധിച്ചു. പെനൽറ്റിയെടുത്ത അക്രം അഫിഫിനു പിഴച്ചില്ല (3–1).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.