Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരാർ പൂർത്തിയാക്കുന്നത് നിബന്ധനകളെ ആശ്രയിച്ച്

law

ഖത്തർ സിവിൽ നിയമ പ്രകാരം(2004ലെ 22–ാം നമ്പർ നിയമം) പാർട്ടികൾ തമ്മിൽ സമ്മതിച്ച വ്യവസ്ഥകൾ അനുസരിച്ചു ചില പ്രത്യേക നിബന്ധനകൾ പാലിച്ചു മാത്രം നടപ്പാക്കേണ്ട കരാറിന്റെ പൂർത്തീകരണം അത്തരത്തിലുള്ള നിബന്ധനകളെ ആശ്രയിച്ചിരിക്കും. കരാർ പ്രകാരം സമ്മതിച്ച നിബന്ധനകൾ പാലിക്കാതെ ആ കരാർ പൂർത്തിയാക്കാൻ സാധിക്കില്ല. പാർട്ടികൾ തമ്മിൽ സമ്മതിച്ച നിബന്ധനകൾ പൊതു നയത്തിന് എതിരാവുകയോ, നിബന്ധനകൾ പാലിക്കാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ ആ കരാർ നടപ്പാക്കാൻ സാധിക്കില്ല. പക്ഷേ, കരാർ ഒരേ ഒരു നിബന്ധനയെ മാത്രം ആശ്രയിക്കുന്ന ഒന്നല്ലെങ്കിൽ അങ്ങനെയുള്ള നിബന്ധന അസാധുവാകും. ആ നിബന്ധന മാത്രം ഒഴിവാക്കിയിട്ടു കരാർ നടപ്പാക്കാനും സാധിക്കും. ഒരു കരാർ ഭാവിയിൽ നടക്കാൻ സാധ്യതയുള്ള ഒരു കാര്യത്തെ മാത്രം ആശ്രയിക്കുന്ന ഒന്നാണെങ്കിൽ ഭാവിയിൽ അതു സംഭവിക്കുന്നതു വരെ ആ കരാറിന് നിയമസാധുത ഉണ്ടായിരിക്കില്ല.

വായനക്കാരുടെ ചോദ്യങ്ങളും മറുപടിയും

ഗ്രാറ്റുവിറ്റി ബാധ്യത പഴയ കമ്പനിക്ക്

ഞാൻ 2012 മുതൽ ജോലി ചെയ്യുന്ന കമ്പനി മാറാൻ ആഗ്രഹിക്കുന്നു. അങ്ങനെ മാറുമ്പോൾ ഇതുവരെയുള്ള ഗ്രാറ്റുവിറ്റി പഴയ കമ്പനി തന്നു തീർക്കുമോ? അതോ, ഗ്രാറ്റുവിറ്റി ബാധ്യത പുതിയ കമ്പനി ഏറ്റെടുക്കുമോ? വീസ മാറുകയാണെങ്കിൽ പഴയ കമ്പനി ഗ്രാറ്റുവിറ്റി തന്നു തീർക്കേണ്ടതുണ്ടോ? ലീവ് സാലറി 2005-ലെ നിയമപ്രകാരം 5 വർഷത്തെ സർവ്വീസിന് മുകളിൽ 4 ആഴ്ചയിലെ ശമ്പളമാണോ? ശമ്പളമെന്നു പറയുന്നത് അടിസ്ഥാന ശമ്പളം മാത്രമാണോ? മറ്റ് അലവൻസുകൾ ഉൾപ്പെടുത്തുമോ?

തൊഴിൽ നിയമത്തിലെ(2004ലെ 14–ാം നമ്പർ നിയമം) 54–ാം വകുപ്പു പ്രകാരം കുറഞ്ഞത് ഒരു വർഷത്തെ സർവീസുള്ള തൊഴിലാളിക്ക് എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. തൊഴിൽ കരാറിൽ ഉയർന്ന ഗ്രാറ്റുവിറ്റി സമ്മതിച്ചിട്ടില്ലെങ്കിൽ, ഓരോ വർഷത്തെ സർവീസിനും ചുരുങ്ങിയത് 3 ആഴ്ചത്തെ അടിസ്ഥാന ശമ്പളമാണു തൊഴിലാളിക്ക് അർഹതപ്പെട്ടത്. തൊഴിൽ മറ്റൊരു കമ്പനിയിലേക്കു മാറിയാലും പഴയ കമ്പനിയിൽ ജോലി ചെയ്തതിനുള്ള ഗ്രാറ്റുവിറ്റി നൽകേണ്ടതു പഴയ തൊഴിലുടമയുടെ ബാധ്യതയാണ്. 79–ാം വകുപ്പ് അനുസരിച്ച് 5 വർഷത്തിനു മുകളിൽ സർവീസ് ഉണ്ടെങ്കിൽ 4 ആഴ്ചത്തെ ശമ്പളമാണു ലീവ് സാലറി. ലീവ് സാലറി കണക്കാക്കേണ്ടതു അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണെന്ന് 72–ാം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കരാറിനു ശേഷവും തുടർന്നാൽ അൺലിമിറ്റഡ്

ഞാൻ ഖത്തറിൽ‌ 2 കൊല്ലവും എട്ടു മാസവുമായി ജോലി ചെയ്യുന്നു. രണ്ടു കൊല്ലത്തെ കരാർ കാലാവധി 2018 ജൂലൈയിൽ അവസാനിച്ചു. ഐടി സപ്പോർട്ട് എൻജിനീയറായാണു കമ്പനിയിൽ ജോലി ചെയ്യുന്നത്. പക്ഷേ, ഖത്തർ ഐഡിയിൽ ജോലി ഇലക്ട്രീഷ്യൻ ആണ്. ഇപ്പോൾ ഖത്തർ ഐഡിയിൽ‍ ജോലി മാറ്റാൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടിയുള്ള രേഖകളെല്ലാം ശരിയാക്കിയിട്ടുണ്ട്. എന്നാൽ, ഐ‍‍ഡിയിൽ ജോലി മാറ്റുകയാണെങ്കിൽ പുതിയ അൺലിമിറ്റഡ് കരാർ ഒപ്പുവയ്ക്കണമെന്നാണു കമ്പനി പിആർഒ പറയുന്നത്. അങ്ങനെയെങ്കിൽ പുതിയ കരാറിൽ ഒപ്പുവച്ച ശേഷം എനിക്കു മറ്റൊരു കമ്പനിയിലേക്കു ജോലി മാറ്റം സാധ്യമാകുമോ? ഏതെല്ലാം തരത്തിൽ ഇതു സാധ്യമാകും?

കരാർ കാലാവധി പൂർത്തിയായ ശേഷവും ജോലിയിൽ തുടർന്നതിനാൽ തൊഴിൽ കരാർ സ്വയം അൺലിമിറ്റഡ് കാലാവധിയിലേക്കുള്ളതായി. സർവീസ് 5 വർഷത്തിൽ താഴെയായതിനാൽ 1 മാസത്തെ നോട്ടീസ് പീരിയഡ് നൽകി ജോലിയിൽ നിന്നു രാജിവയ്ക്കുകയും നാട്ടിലേക്കു മടങ്ങി മറ്റൊരു വീസയിൽ തിരിച്ചു വരുകയും ചെയ്യാം. പുതിയ അൺലിമിറ്റഡ് കരാറിൽ ഒപ്പുവച്ചാലും ഇതേ രീതിയിൽ ജോലിയിൽ നിന്നു രാജിവയ്ക്കാം. ജോലി ലോക്കലായി മാറണമെങ്കിൽ 5 വർഷം പൂർത്തിയാവേണ്ടതുണ്ട്. അല്ലാത്തപക്ഷം തൊഴിലുടമയുടെ അനുമതിയോടെ മാത്രമേ ജോലി മാറ്റം സാധ്യമാവുകയുള്ളൂ.

advt-nisar-kechari അഡ്വ. നിസാർ കോച്ചേരി

പുതിയ തൊഴിൽ നിയമം സംബന്ധിച്ച വായനക്കാരുടെ സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിൽ ശനിയാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.