Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖുമായുള്ള സൗഹൃദം ശക്തമാക്കും: അമീർ

ameer അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇറാഖ് പ്രസിഡന്റ് ഡോ. ബർഹം സാലിഹുമായി കൂടിക്കാഴ്ച നടത്തുന്നു.

ദോഹ ∙ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇറാഖ് പ്രസിഡന്റ് ഡോ. ബർഹം സാലിഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കാൻ ഇറാഖ് പ്രസിഡന്റിന്റെ സന്ദർശനം സഹായിക്കുമെന്ന് അമീർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും അതു കൂടുതൽ വിശാലമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഡോ. ബർഹം സാലിഹ് പറഞ്ഞു.

സാമ്പത്തികം, വാണിജ്യം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ഇറാഖിന്റെ പുനർനിർമാണം തുടങ്ങിയ മേഖലകളിലെ സഹകരണം മുൻനിർത്തിയുള്ള ചർച്ചകൾ നടന്നു. മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിവിധ പ്രശ്നങ്ങളെ കുറിച്ചും അമീറും പ്രസിഡന്റും ചർച്ച ചെയ്തു. അമീറിനെ ഇറാഖ് സന്ദർശിക്കാനായി പ്രസിഡന്റ് ക്ഷണിച്ചു. നേരത്തേ അമീരി ദിവാനിൽ പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം നൽകി. ഉച്ചഭക്ഷണ വിരുന്നും ഒരുക്കിയിരുന്നു. ഇന്നലെ വൈകിട്ട് ഡോ. ബർഹം സാലിഹ് ദോഹയിൽ നിന്നു മടങ്ങി. വാണിജ്യ, വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, ഇറാഖിലെ ഖത്തർ എംബസി ആക്റ്റിങ് ചാർജ് ഡിഫയേഴ്സ് ഹുസൈൻ അലി അൽ ഫദാല, ഖത്തറിലെ ഇറാഖ് എംബസി ആക്റ്റിങ് ചാർജ് ഡിഫയേഴ്സ് ഡോ. അബ്ദുൽ സത്താർ അൽ ജനാബി എന്നിവർ പ്രസിഡന്റിനെ വിമാനത്താവളത്തിൽ യാത്രയയച്ചു.

ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി ഇറാഖ് വിദേശകാര്യ മന്ത്രി മുഹമ്മദ് അലി അൽ ഹക്കിമുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും മേഖല, രാജ്യാന്തര തലത്തിലെ സംഭവ വികാസങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.