Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ര മെഡിസിൻ പിന്നിട്ടത്‌ നേട്ടങ്ങളുടെ ഒരുവർഷം; റോബട്ടിക് സഹായത്തോടെ 2700 ശസ്ത്രക്രിയകൾ

sidra-medicine സിദ്ര മെഡിസിൻ

ദോഹ ∙ ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള സിദ്ര മെഡിസിന്റെ ഔപചാരിക ഉദ്‌ഘാടനം അടുത്ത ആഴ്ച നടക്കും. സ്‌ത്രീകൾക്കും കുട്ടികൾക്കും ലോകോത്തര നിലവാരത്തിലുള്ള ചികിൽസ ലഭ്യമാക്കുന്ന ആശുപത്രിയുടെ ഉദ്‌ഘാടനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു ഖത്തർ ഫൗണ്ടേഷൻ. ക്യുഎഫ്‌ ചെയർപഴ്‌സൻ ഷെയ്‌ഖ മോസയുടെ സ്വപ്‌നപദ്ധതിയായ സിദ്ര ഗർഭിണികൾക്കും കുട്ടികൾക്കുമായുള്ള മേന മേഖലയിലെ ഏറ്റവും മികച്ച ആശുപത്രിയാണ്‌. സിദ്രയിൽ 50 ഒപികളാണ്‌ ഇപ്പോഴുള്ളത്‌.

sidra സിദ്ര മെഡിസിന്റെ ഒരു വർഷത്തെ നേട്ടങ്ങളെ കുറിച്ച് അധികൃതർ വിശദീകരിക്കുന്നു. പീഡിയാട്രിക് സർജറി ചെയർ ഡോ. മൻസൂർ അലി, റീപ്രൊഡക്ടീവ് സർജറി ഡയറക്ടർ ഐഷ അഹമ്മദ് യൂസഫ്, സിഇഒ പീറ്റർ മോറിസ്, ചീഫ് റിസർച് ഓഫിസർ പ്രഫ. ക്രിസ്റ്റോഫ് വോൻ കല്ലേ, മെഡിക്കൽ എജ്യുക്കേഷൻ ചെയർ പ്രഫ. ഇബ്രാഹിം ജനാഹി എന്നിവർ.

പല ഒപികളും വളരെ നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ഈ വർഷമാണ്‌ കിടത്തിച്ചികിൽസ തുടങ്ങിയത്‌. ഒരു വർഷം പിന്നിടുമ്പോഴേക്കും സയമീസ്‌ ഇരട്ടകളെ വിജയകരമായി വേർപെടുത്തിയത്‌ ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സിദ്രയ്ക്കായി. റോബട്ടിക് സഹായത്തോടെ 2700ൽ ഏറെ ശസ്‌ത്രക്രിയകളാണ്‌ നടന്നത്‌. മുൻപു വിദേശത്തു മാത്രം ലഭ്യമായിരുന്ന സേവനങ്ങളാണ്‌ സിദ്രയിലൂടെ ഇപ്പോൾ ഖത്തറിലും ലഭിക്കുന്നതെന്ന്‌ സിഇഒ പീറ്റർ മോറിസും പീഡിയാട്രിക്‌ സർജറി വിഭാഗം മേധാവി ഡോ. മൻസൂർ അലിയും പറഞ്ഞു.

ഗർഭസ്‌ഥശിശുവിന്റെ ത്രിമാന സ്‌കാനിങ്ങും ഗർഭിണികൾക്കു താക്കോൽദ്വാര ശസ്‌ത്രക്രിയകളും സാധ്യമാണ്‌. ഗർഭകാല പരിചരണത്തിനും ബോധവൽക്കരണത്തിനുമായി 10 മൂൺസ്‌ എന്ന മൊബൈൽ ആപ്പിനും രൂപം നൽകിയിരുന്നു. വന്ധ്യതാ നിവാരണത്തിനുള്ള ഐവിഎഫ്‌ ക്ലിനിക്‌ അടുത്തവർഷം തുറക്കും. ഖത്തരികളുടെ ജീനോം മാപ്‌ തയാറാക്കുന്നതുൾപ്പെടെ ഒട്ടേറെ ഗവേഷണങ്ങൾക്കും സിദ്ര നേതൃത്വം നൽകുന്നുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.