Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ നഷ്ടപ്പെട്ട് ഒരു വർഷത്തോളം ദുരിതത്തിൽ; ഒടുവിൽ നിയമം തുണച്ചു, മലയാളികൾ നാട്ടിലേക്ക്

qatar-law

ദോഹ ∙ ഖത്തറിലെ നിർമാണക്കമ്പനിയിൽ തൊഴിൽ നഷ്ടപ്പെട്ട് ഒരു വർഷത്തോളമായി ബുദ്ധിമുട്ടിലായിരുന്ന 13 മലയാളികളുൾപ്പെടെയുള്ള തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. കോടതി നടപടികളിലൂടെ നഷ്ടപരിഹാരം ഉൾപ്പെടെ ലഭിച്ചശേഷമാണു തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്. ജോലി ചെയ്തിരുന്ന കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയും നാട്ടിലേക്കു മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണു തൊഴിലാളികൾ പ്രതിസന്ധിയിലായത്.

ആനുകൂല്യങ്ങൾ ലഭിക്കാതെ നാട്ടിലേക്കു മടങ്ങില്ലെന്ന നിലപാടെടുത്ത തൊഴിലാളികൾക്ക് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), കൾച്ചറൽ ഫോറം തുടങ്ങിയ സന്നദ്ധ സംഘടനകളാണു സഹായവുമായെത്തിയത്. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സഹായങ്ങൾ തൊഴിലാളികൾക്കു ലഭ്യമാക്കിയിരുന്നുവെന്നു കൾച്ചറൽ ഫോറം അറിയിച്ചു. തൊഴിലാളികളുടെ നാട്ടിലുള്ള കുട്ടികളുടെ പഠന കാര്യങ്ങളിലും സഹായം ലഭ്യമാക്കി. നിയമപ്രകാരമുള്ള സേവനാനന്തര ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ കോടതിയെ സമീപിച്ചു. അനുകൂല വിധിയിലൂടെ മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്താണു തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്. അധികൃതരുടെയും കോടതിയുടെയും ഭാഗത്തുനിന്നുള്ള ഇടപെടലിനു തൊഴിലാളികൾ നന്ദി പറഞ്ഞു.

കൾച്ചറൽ ഫോറം പ്രവർത്തകരായ സിദ്ദീഖ്, അസ്ഹർ അലി, സൈനുദ്ദീൻ, ഫാസിൽ, ഹാഷിം എന്നിവർ തൊഴിലാളികൾക്ക് ഉപഹാരങ്ങൾ നൽകി യാത്രയാക്കി. നിയമ പോരാട്ടത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിച്ചതു നേട്ടമാണെന്നും അൽപം കാത്തിരിക്കേണ്ടിവന്നാലും നിയമപരമായ നടപടികൾ സ്വീകരിക്കുകയാണു വേണ്ടതെന്നും കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.