Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദരംകൊണ്ട്‌ ഒന്നായി ഒട്ടിപ്പിറന്ന കുരുന്നുകൾ രണ്ടായി; ആനന്ദക്കണ്ണീരോടെ മാതാപിതാക്കൾ

sayamis വേർപെടുത്തിയ സയാമീസ് ഇരട്ടകൾ മാതാപിതാക്കൾക്കും ഡോക്ടർമാർക്കുമൊപ്പം

ദോഹ∙ ഉദരംകൊണ്ട്‌ ഒന്നായി ഒട്ടിപ്പിറന്ന കുരുന്നു തമീമിനെയും ഹമദിനെയും രണ്ടാക്കി അമ്മയുടെയും അച്ഛന്റെയും കൈകളിലേകി സിദ്ര മെഡിസിൻ ചരിത്രനേട്ടത്തിൽ. ആനന്ദക്കണ്ണീരോടെ പശ്‌ചിമാഫ്രിക്കൻ വംശജരായ മാതാപിതാക്കൾ കുരുന്നുമക്കളെ ചേർത്തണച്ചപ്പോൾ ശസ്‌ത്രക്രിയയ്‌ക്കു നേതൃത്വം നൽകിയ ഡോ. മൻസൂർ അലിക്കു മാത്രമല്ല, അതു കണ്ടുനിന്നവർക്കെല്ലാം അഭിമാനനിറവിൽ ഉള്ളംതുടിച്ചു.

സയാമീസ്‌ ഇരട്ടകളെ വേർപെടുത്താൻ ഖത്തറിൽ നടന്ന ആദ്യ ശസ്‌ത്രക്രിയയായിരുന്നു ഇത്‌. മാലി സ്വദേശിയായ യുവതി ഭർത്താവിനൊപ്പം ഖത്തർ സന്ദർശനത്തിന്‌ എത്തുമ്പോൾ ഭ്രൂണത്തിന്‌ 29 ആഴ്‌ച വളർച്ചയെത്തിയിരുന്നു. എച്ച്‌എംസിയുടെ വിമൻസ്‌ വെൽനെസ്‌ ആൻഡ്‌ റിസർച്‌ സെന്ററിൽ നടത്തിയ സ്‌കാനിങ്ങിലാണു നെഞ്ചിനു താഴെ വയറും കരളും ഒന്നായൊട്ടിയ നിലയിലാണ്‌ ഇരട്ടകളുടെ കിടപ്പെന്നു മനസിലായത്‌. ദുർവിധിയിൽ മനംനൊന്തുതേങ്ങിയ ഇവർക്ക്‌ ആശ്വാസമേകി എച്ച്‌എംസിയിലേയും സിദ്രയിലേയും വിദഗ്‌ധ ഡോക്‌ടർമാർ ഉൾപ്പെട്ട ടീം തുടർപരിചരണമേറ്റെടുത്തു.

ജനിച്ചയുടൻ സയാമീസ്‌ ഇരട്ടകളെ സിദ്ര മെഡിസിനിലേക്കു മാറ്റി. കുട്ടികൾക്കു നാലുമാസം വളർച്ചയെത്തിയ ശേഷമായിരുന്നു ശസ്‌ത്രക്രിയ. ഒട്ടിച്ചേർന്ന വയറും കരളുമായി ജനിക്കുന്ന ഒംഫാലോപാഗസ്‌ ഇരട്ടകളിൽ വേർപെടുത്തൽ ശസ്‌ത്രക്രിയയ്ക്കു വിജയ സാധ്യത തീരെ കുറവാണ്‌. രണ്ടായി പകുക്കാവുന്ന കരളും രണ്ട്‌ ദഹനേന്ദ്രിയ വ്യൂഹവും ഉണ്ടെങ്കിലേ ഇവർ ശസ്‌ത്രക്രിയയെ അതിജീവിക്കൂ. ഭാഗ്യവശാൽ പരിശോധനാഫലങ്ങൾ അനുകൂലമായിരുന്നു. അതു പീഡിയാട്രിക്‌സ്‌, നിയോനേറ്റൽ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്‌ടർമാർക്കും സർജന്മാർക്കും പ്രത്യാശയേകി.

പിന്നെ നാലുമാസം നീണ്ട നിരന്തര തയാറെടുപ്പുകളിലായിരുന്നു സിദ്രയിലെ മെഡിക്കൽ സംഘമൊന്നാകെ. സർജന്മാരും പീഡിയാട്രീഷ്യന്മാരും ഉൾപ്പെട്ട മെഡിക്കൽ ടീമിനു കീഴിൽ അനസ്‌തെറ്റിസ്‌റ്റുകൾ മുതൽ ശസ്‌ത്രക്രിയാമുറിയിലും ഐസിയു പരിചരണത്തിലും വിദഗ്‌ധരായ ഡോക്‌ടർമാരും നഴ്‌സുമാരും റെസ്‌പിറേറ്ററി തെറപ്പിസ്‌റ്റുകളും ഉൾപ്പെട്ട വിവിധ ടീമുകളെ വേറെയും സജ്‌ജമാക്കി. പിഴവില്ലാത്ത തയാറെടുപ്പുകളിൽ ശസ്‌ത്രക്രിയ പൂർണ വിജയമായതോടെ ഒന്നാംഘട്ടം കടന്നു.

മികച്ച ശസ്‌ത്രക്രിയാനന്തര പരിചരണമായിരുന്നു രണ്ടാംഘട്ടത്തിൽ. ആധുനിക സാങ്കേതിക വിദ്യകളുടേയും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടേയും സഹായത്തോടെ നിയോനേറ്റൽ ഐസിയുവിൽ 10 ദിവസം നീണ്ട പരിചരണം. അപ്പോഴേക്കും കുട്ടികൾ പാൽ കുടിച്ചുതുടങ്ങി. അതോടെ ഇരുവരും അപകടഘട്ടം തരണം ചെയ്‌തുവെന്നു മെഡിക്കൽ സംഘത്തിനു ബോധ്യമായി. വേർപെടുത്തപ്പെട്ട കുരുന്നുകൾ പാൽ കുടിച്ചുതുടങ്ങിയതായും ഇനി സാധാരണജീവിതം സാധ്യമാകുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.രണ്ടു ലക്ഷം കുട്ടികളിൽ ഒന്ന്‌ എന്നതോതിലാണ്‌ സയാമീസുകളുടെ പിറവി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.