Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ വീസ: സെമിനാർ നടത്തി

job-visa സെമിനാറിൽ ആഭ്യന്തര മന്ത്രാലയത്തിലെ വീസ സപ്പോർട്ട് സർവീസസ് വിഭാഗം ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദി പദ്ധതിയെ കുറിച്ചു വിശദീകരിക്കുന്നു

ദോഹ ∙ ഖത്തറിലേക്കുള്ള തൊഴിൽ വീസ നടപടിക്രമങ്ങൾ അതതു രാജ്യങ്ങളിൽ തന്നെ പൂർത്തിയാക്കുന്ന പദ്ധതിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ വീസ സപ്പോർട്ട് സർവീസസ് വിഭാഗമാണു സെമിനാർ സംഘടിപ്പിച്ചത്.

ഇന്ത്യയുൾപ്പെടെ എട്ടു രാജ്യങ്ങളിലാണു പുതിയ പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ വീസയിൽ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കൽ പരിശോധന, ബയോമെട്രിക് വിവരശേഖരണം, തൊഴിൽ കരാർ ഒപ്പുവയ്ക്കൽ എന്നീ കാര്യങ്ങളാണ് സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ അതതു രാജ്യങ്ങളിൽ തന്നെ പൂർത്തിയാക്കുക. സിംഗപ്പുർ ആസ്ഥാനമായ ബയോമെറ്റ് എന്ന കമ്പനിയുമായി ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചിരുന്നു. പുതിയ സംവിധാനം തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരു പോലെ സംരംക്ഷിക്കുന്നതാണെന്ന് വീസ സപ്പോർട്ട് സർവീസസ് വിഭാഗം ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദി പറഞ്ഞു.

തൊഴിലാളി ഖത്തറിൽ എത്തുന്നതിനു മുൻപുതന്നെ അവരുടെ തൊഴിൽ കരാറുകൾ ഉൾപ്പെടെയുള്ളവ ഔദ്യോഗികമായി രേഖപ്പെടുത്തും. കരാറിലെ വ്യവസ്ഥകൾ ഇരു പാർട്ടികളും പാലിക്കുന്നുവെന്ന് ഇതുമൂലം ഉറപ്പുവരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്മെന്റ് നടപടികൾ ലളിതമാക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി തൊഴിലുടമ അപേക്ഷ സമർപ്പിക്കുന്നതിലൂടെയാണു വീസ നടപടിക്രമങ്ങൾ ആരംഭിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ തൊഴിലാളിക്കു മറ്റൊരു വെബ്സൈറ്റ് വഴി സ്വദേശത്ത് അപ്പോയിന്റ്മെന്റ് എടുക്കാം.

അതനുസരിച്ച് നാട്ടിലെ സർവീസ് സെന്ററിൽ മെഡിക്കൽ പരിശോധന, ബയോമെട്രിക് വിവരശേഖരണം, തൊഴിൽ കരാർ ഒപ്പുവയ്ക്കൽ എന്നിവ പൂർത്തിയാക്കാം. പുതിയ സംവിധാനം റിക്രൂട്മെന്റ് നടപടികൾ ലളിതമാക്കും. റിക്രൂട്മെന്റ് സേവനങ്ങളും നടപടിക്രമങ്ങളും ഒരു ചാനലിലൂടെ തന്നെ പൂർത്തിയാക്കാം. അതുവഴി സമയം ലാഭിക്കാനും അധ്വാനം കുറയ്ക്കാനും കഴിയും. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, തുനീസിയ എന്നീ രാജ്യങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽ കൊച്ചിയുൾപ്പെടെ ഏഴു സർവീസ് കേന്ദ്രങ്ങളാണുണ്ടാവുകയെന്നു നേരത്തേ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.