Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ മൂല്യം താഴുന്നു; പ്രതീക്ഷയിൽ പ്രവാസികൾ

rupee-fall2

ദോഹ ∙ രൂപയുടെ മൂല്യം കുത്തനെ താഴോട്ടു വീഴുമ്പോൾ പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, ഒരു ഖത്തർ റിയാൽ എന്നാണ് 20 രൂപയെന്ന കടമ്പ താണ്ടുക? ഡോളറിനെതിരെ രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുമ്പോൾ റിയാലിന്റെ വിനിമയ നിരക്ക് ഏറെ വൈകാതെ 20 രൂപ മറികടക്കുമെന്നുതന്നെയാണു പ്രവാസികളുടെ പ്രതീക്ഷ. ഇന്നലെ ചില മണി എക്സ്ചേഞ്ചുകളിൽ റിയാലിന് 19.81 രൂപ വരെ ലഭിച്ചു.

പ്രതീക്ഷയുടെ ഉയർച്ച റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നതിനാൽ കഴിഞ്ഞ മാസം അയച്ച അതേ തുക മാത്രമേ ഈ മാസവും അയയ്ക്കാനുള്ളൂവെങ്കിലും നാട്ടിൽ കൂടുതൽ കിട്ടുമെന്നത് പ്രവാസികൾക്കു സന്തോഷം പകരുന്നു. ഒരു മാസത്തിനുള്ളിൽ വിനിമയ നിരക്കിൽ വന്ന വർധന 70 പൈസയോളമാണ്. 1000 റിയാൽ നാട്ടിലേക്ക് അയയ്ക്കുന്ന ഒരാൾക്ക് കഴിഞ്ഞ മാസത്തേതിനേക്കാൾ 700 രൂപ കൂടുതൽ കിട്ടും. അതിനാൽ ഏറ്റവും കൂടുതൽ നിരക്ക് നൽകുന്ന മണി എക്സ്ചേഞ്ചുകളെക്കുറിച്ചാണു പ്രവാസികൾ അന്വേഷിക്കുന്നത്.

അതേ സമയം, വിനിമയ നിരക്ക് 19.50ൽ എത്തിയപ്പോൾ തന്നെ പരമാവധി തുക നാട്ടിലേക്ക് അയച്ച ചില പ്രവാസികൾ വീണ്ടും വിനിമയ നിരക്ക് ഉയരുന്നതു കണ്ടു നിരാശപ്പെടുന്നു. ഓരോ ദിവസവും വിനിമയ നിരക്കിൽ വലിയ വ്യത്യാസമുണ്ടാകുന്നതാണു കാരണം. അതുകൊണ്ടു തന്നെ വിനിമയ നിരക്ക് പരമാവധിയിലെത്തിയിട്ടു പണമയയ്ക്കാമെന്നു കരുതിയിരിക്കുന്നവരുമുണ്ട്. ആശങ്കയുടെ താഴ്ച രൂപയുടെ മൂല്യം കുറയുമ്പോൾ ആശങ്കയിലാവുന്ന ഒരു ചെറുവിഭാഗവും പ്രവാസികളിലുണ്ട്‌. ബാങ്ക്‌ വായ്‌പയെടുത്ത്‌ തിരിച്ചടവു തീർന്നിട്ടില്ലാത്ത പ്രവാസികൾ.

2017 ഓഗസ്‌റ്റ്‌ 30ന്‌ ഒരു റിയാലിന്‌ 17.48 രൂപയായിരുന്നു വിനിമയ നിരക്ക്‌. അന്നു രണ്ടു ലക്ഷം റിയാൽ വായ്‌പയെടുത്തവർക്ക്‌ ലഭിച്ചത്‌ 34.96 ലക്ഷം രൂപയാണ്‌. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ ഉടനടി ഈ വായ്പ തിരിച്ചടയ്ക്കേണ്ടിവന്നാൽ ഇപ്പോഴത്തെ നിലയിൽ 39.50 ലക്ഷം രൂപ വേണം. മുതലിൽ മാത്രം നാലര ലക്ഷത്തിന്റെ വ്യത്യാസം. വായ്പ പലിശ ഇതിനു പുറമെ. നാട്ടിൽ വീടുനിർമിക്കുന്ന പ്രവാസികൾക്കും രൂപയുടെ മൂല്യശോഷണം അനുകൂലമല്ല. നിർമാണസാമഗ്രികൾക്കെല്ലാം ഇനിയങ്ങോട്ടു വില കൂടും. ഓഹരി വിപണിയിൽ നേരിട്ടു നിക്ഷേപം നടത്തുന്ന ഒരു ചെറു ന്യൂനപക്ഷം പ്രവാസികളുണ്ട്‌.

ഓഹരിവിപണിയിലെ ഇടിവ്‌ അവർക്കും ആശങ്ക തന്നെ. സ്‌ഥിരനിക്ഷേപങ്ങൾക്കു പലിശ കുറവായതിനാൽ ഓഹരിയധിഷ്ഠിത നിക്ഷേപ പദ്ധതികളിൽ പണം മുടക്കുന്നവരുണ്ട്. രൂപയുടെ മൂല്യം ഇടിയുമ്പോൾ ഗൾഫ്‌ ബാങ്കുകളിൽ നിന്നു വായ്‌പയെടുത്ത്‌ നാട്ടിൽ സ്‌ഥിരനിക്ഷേപം നടത്താൻ നാട്ടിലെ ചില ബാങ്ക്‌ മാനേജർമാർ പ്രവാസികളെ ഉപദേശിക്കാറുണ്ട്. ഗൾഫ് ബാങ്കുകളിൽ വായ്പ പെട്ടെന്നു പാസാകുമെന്നതിനാൽ ഉയർന്ന നിരക്കിന്റെ ഗുണഫലം ലഭിക്കും. പക്ഷേ, രൂപയുടെ മൂല്യം സ്ഥിരതയില്ലാതെ നിൽക്കുന്ന ഘട്ടത്തിൽ ഇത് ഉചിതമാണോയെന്ന് ആലോചിക്കണം. ഗൾഫ്‌ ബാങ്കുകളിലെ വായ്‌പാ പലിശയും ഇന്ത്യൻ ബാങ്കുകളിലെ സ്‌ഥിരനിക്ഷേപ പലിശയും തമ്മിൽ ഇപ്പോൾ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നും ഓർക്കണം. 

‘‘രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറിന് 73 വരെയെത്താമെന്നാണു കണക്കുകൂട്ടിയിരുന്നത്.ഇപ്പോൾ അതിന് അടുത്തെത്തിക്കഴിഞ്ഞു. രൂപയുടെ മൂല്യശോഷണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും ഇടപെടലൊന്നും നടത്തിയിട്ടില്ല. വിനിമയ നിരക്കിൽ വർധനയുണ്ടാവുമെങ്കിലും രൂപയുടെ മൂല്യം താഴ്ന്നുനിൽക്കുന്നത് ദീർഘകാലത്തേക്ക് ഗുണകരമായ കാര്യമല്ല.’’- കെ.വി.സാമുവൽ, മുൻ എക്സിക്യൂട്ടീവ് മാനേജർ, ദോഹ ബാങ്ക് ട്രഷറി-ഇൻവെസ്റ്റ്മെന്റ് വിഭാഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.