Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തനാകും പ്രവാസി

pravasi-vote

ദോഹ ∙ പ്രവാസികൾക്കു വോട്ടവകാശം ഉറപ്പാക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതു പ്രവാസ രാഷ്ടീയത്തിന് പുതിയ ഊർജം പകരും. പകരക്കാരെ ഉപയോഗിച്ചു വോട്ടു ചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്ലാണു ലോക്സഭ പാസാക്കിയത്.

വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ നാട്ടിൽ പോകാതെ തന്നെ വോട്ടു ചെയ്യാമെന്ന ഭേദഗതിയെ ഏറെ പ്രതീക്ഷയോടെയാണു പ്രവാസികൾ കാണുന്നത്. മുൻപു വിദേശ ഇന്ത്യക്കാർക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവകാശമുണ്ടെങ്കിലും നേരിട്ടെത്തി മാത്രമേ വോട്ടു രേഖപ്പെടുത്താൻ കഴിയുമായിരുന്നുള്ളൂ. നാട്ടിലേക്കു പോകാൻ സാധിക്കാത്ത പലർക്കും  വോട്ടു െചയ്യാനും കഴിയാറില്ല. അല്ലെങ്കിൽ യാത്രയ്ക്കു വേണ്ടി വൻ തുക ചെലവാക്കേണ്ടി വരും.

അവധി, എക്സിറ്റ് പെർമിറ്റ് തുടങ്ങിയ കടമ്പകൾ വേറെയും. വോട്ടവകാശം ലഭിക്കുന്നതോടെ പ്രവാസികൾക്ക് കൂടുതൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയാണു ഖത്തറിൽ ഡ്രൈവറായ വിജയകുമാർ പങ്കുവച്ചത്. നിലവിൽ പ്രവാസികൾ നാട്ടിലെത്തിക്കുന്ന പണത്തെ മാത്രമാണു പരിഗണിച്ചിരുന്നത്. വ്യക്തികളെന്ന നിലയിൽ പ്രവാസികൾക്കു പരിഗണന ലഭിച്ചിരുന്നില്ലെന്നു വിജയകുമാർ പറയുന്നു. പ്രവാസി വോട്ടു വരുന്നതോടെ നാട്ടിലെ രാഷ്ട്രീയം ഇനി പ്രവാസ ലോകത്തേക്കും വരുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. നിലവിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ രൂപം നൽകിയ സാംസ്കാരിക സംഘടനകൾ വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

പ്രവാസി വോട്ട് യാഥാർഥ്യമാവുന്നതോടെ ഇത്തരം സംഘടനകളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാകും. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്നവരാണു പ്രവാസി മലയാളികൾ. ഇനി രാഷ്ട്രീയ മണ്ഡലത്തിൽ നേരിട്ട് ഇടപെടാനുള്ള സാഹചര്യം കൂടിയാണു പ്രവാസി വോട്ടിലൂടെ ലഭിക്കുന്നത്. പ്രവാസികളിൽ നിന്നു കൂടുതൽ ജനപ്രതിനിധികൾ വരുന്ന കാലവും ഏറെ വിദൂരമല്ല.


പേരു ചേർക്കാം, ഓൺലൈനിൽ

ദോഹ ∙ പ്രവാസി വോട്ടിലേക്കു രാജ്യം കൂടുതൽ അടുക്കുകയാണ്. പക്ഷേ, വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ ഓൺലൈനായിത്തന്നെ ഇപ്പോൾ പേരു ചേർക്കാം. എങ്ങനെ?

∙ www.nvsp.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.

∙ ഓൺലൈൻ റജിസ്ട്രേഷൻ ഫോർ ഓവർസീസ് വോട്ടർ തിരഞ്ഞെടുക്കുക.

∙ ഫോം6എ തെളിയും. ഹിന്ദി / ഇംഗ്ലിഷ് / മലയാളം ഭാഷകളിൽ ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാം.

∙ ഇനി വിവരങ്ങൾ വളരെ എളുപ്പം പൂരിപ്പിക്കാം.

∙ അപേക്ഷകന്റെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ നൽകി അപേക്ഷ പൂരിപ്പിച്ചു തുടങ്ങാം.

∙ അപേക്ഷകന്റെ ബന്ധുവിന്റെ പേരുംകൂടി ഇതോടൊപ്പം ചേർക്കണം. ഈ ബന്ധു വോട്ടർപട്ടികയിൽ പേരുള്ളയാളായിരിക്കണം.

∙ പാസ്പോർട്ടിൽ നൽകിയ വിലാസമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ താമസസ്ഥലം എന്നയിടത്തു നൽകേണ്ടത്.

∙ പാസ്പോർട്ടിന്റെ പൂർണമായ വിവരങ്ങൾ നൽകണം.

∙ ഇപ്പോൾ താമസിക്കുന്ന രാജ്യത്തെ വീസ സംബന്ധിച്ച വിവരങ്ങളും ചേർക്കണം.

∙ വിദേശ രാജ്യത്തെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങളും ചേർക്കണം.

∙ നൽകിയ വിവരങ്ങൾ സാധൂകരിക്കാനുള്ള രേഖകളും സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.