Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈർപ്പം കൂടുന്നു; തുറസ്സിടങ്ങളിലെ വ്യായാമം ഒഴിവാക്കാം: എച്ച്‌എംസി

sketch representative image

ദോഹ ∙ അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ ഏറെനേരം വെയിലേൽക്കരുതെന്ന്‌ ഹമദ്‌ മെഡിക്കൽ കോർപറേഷൻ. ഈർപ്പത്തിന്റെ തോത്‌ ഇപ്പോൾ 60% ആണ്‌. അതിനാൽ അന്തരീക്ഷ ഊഷ്‌മാവിനെക്കാൾ ആറു ഡിഗ്രി സെൽഷ്യസ്‌ അധികം ചൂടാണു ശരീരത്തിന്‌ അനുഭവപ്പെടുകയെന്നാണ്‌ എച്ച്‌എംസിയുടെ മുന്നറിയിപ്പ്‌.

ഇപ്പോൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്‌ ഉച്ചച്ചൂട്‌. പുലരുമ്പോൾത്തന്നെ 36-38 ഡിഗ്രി ചൂട്‌ അനുഭവപ്പെടുന്നുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ അബു ഹമൂറിലും പരിസരങ്ങളിലും പകൽ താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക്‌ എത്തിയിരുന്നു. അന്തരീക്ഷ താപനില 48 ഡിഗ്രി സെൽഷ്യസും അന്തരീക്ഷത്തിലെ ഈർപ്പാംശം 60 ശതമാനവുമാണെങ്കിൽ വെയിലേൽക്കുന്ന ഒരാളിനു ശരീരത്തിൽ അനുഭവപ്പെടുക 54 ഡിഗ്രി സെൽഷ്യസ്‌ ചൂടായിരിക്കും. ഇതിനാലാണ്‌ എച്ച്‌എംസി മുന്നറിയിപ്പ്‌. ഇക്കാര്യങ്ങൾ വിശദമാക്കി അറബിക്‌, ഇംഗ്ലിഷ്‌ ഭാഷകളിൽ എച്ച്‌എംസി സമൂഹമാധ്യമങ്ങളിൽ പ്രത്യേക വിഡിയോകളും പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഈർപ്പത്തിന്റെ തോത്‌ 35 ശതമാനത്തിനു മുകളിലെത്തിയാൽ ശരീരത്തിന്റെ സ്വയംശീതീകരണ സംവിധാനം തകരാറിലാകും. അതിനാൽ കുറച്ചു സമയം പുറത്തു നിന്നാൽപോലും നിർജലീകരണത്തിനു സാധ്യത ഏറെയാണ്‌. ദീർഘനേരം വെയിലേറ്റാൽ പേശികൾ കോച്ചിവലിക്കും. രക്‌തസമ്മർദം കുറയും. ഇതു ബോധക്ഷയം ഉണ്ടാക്കും. പുറത്തു പോകുന്നവർ കൈയിൽ കുപ്പിവെള്ളം കരുതണം. ഇടയ്‌ക്കിടെ വെള്ളം കുടിക്കണം. തളർച്ച തോന്നിയാൽ ലഘുഭക്ഷണം കഴിക്കണം.

ബോധക്ഷയമുണ്ടാകുന്നത്‌ ഒഴിവാക്കാൻ ലഘുഭക്ഷണവും കൂടുതൽ വെള്ളം കുടിക്കുന്നതും സഹായിക്കും.അന്തരീക്ഷ താപനിലയും ഈർപ്പവും കുറയുംവരെ പുറത്തുള്ള വ്യായാമം ഒഴിവാക്കണമെന്നും വിഡിയോയിൽ നിർദേശമുണ്ട്‌. വീടിനുള്ളിലോ ഹാളുകളിലോ ഇൻഡോർ കോർട്ടുകളിലോ വ്യായാമം ചെയ്യാനാവാത്തവർ പുറത്തുള്ള വ്യായാമം ഒഴിവാക്കുകയാണ്‌ അഭികാമ്യമെന്നും വിഡിയോയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.