ദോഹ ∙ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിനു വഴിതുറക്കുന്ന ദോഹ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലെന്നു ഖത്തർ റെയിൽ മാനേജിങ് ഡയറക്ടർ അബ്ദുല്ല അബ്ദുൽഅസിസ് അൽ സുബായി. സ്റ്റേഷനുകളുടെയും ട്രാക്കുകളുടെയും നിർമാണം വർഷാവസാനത്തോടെ പൂർത്തിയാകുമെന്നും ഇപ്പോൾ നടക്കുന്ന പരീക്ഷണ ഓട്ടം വിജയമാണെന്നും അദ്ദേഹം അറിയിച്ചു.
ദോഹ മെട്രോയുടെ നിർമാണ, നടത്തിപ്പു ചുമതല ഖത്തർ റെയിലിനാണ്. നിർമാണജോലി പൂർത്തീകരിച്ച് ദോഹ മെട്രോ പ്രവർത്തന ഘട്ടത്തിലേക്കു കടക്കുകയാണ്. രാജ്യാന്തര നിലവാരത്തിലാണു നിർമാണം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച മെട്രോ സർവീസായി ദോഹ മെട്രോ മാറുമെന്ന് അൽ സുബായി അഭിപ്രായപ്പെട്ടു. ഒന്നാംഘട്ടമായ റെഡ് ലൈനിലാണു പരീക്ഷണ ഓട്ടം നടക്കുന്നത്. ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുന്നതും റെഡ് ലൈനാണ്. ഒക്ടോബർ 31ഓടെ ഉദ്ഘാടനം എന്ന ലക്ഷ്യത്തോടെയാണു ജോലി പുരോഗമിക്കുന്നത്.
അൽ ഖസാറിൽ നിന്ന് അൽ വക്രയിലേക്കാവും ആദ്യ സർവീസ്. റെഡ് ലൈനിലെ പ്രധാന സ്റ്റേഷൻ റാസ് അബു ഫന്റാസിലെ ഇക്കണോമിക് സോൺ സ്റ്റേഷൻ ആണ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തോടു ചേർന്നുള്ള പ്രത്യേക സാമ്പത്തിക മേഖലയിൽ വരുന്ന ഈ സ്റ്റേഷനു മണിക്കൂറിൽ 15,000 യാത്രക്കാരെ ഉൾക്കൊള്ളാനാവും. ഖത്തരി പാരമ്പര്യ വാസ്തുവിദ്യയുമായി ആധുനിക ആർക്കിടെക്ചർ സാങ്കേതികത സംയോജിപ്പിച്ചാണ് മെട്രോ സ്റ്റേഷനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. സുഗമവും സുഖകരവുമായ യാത്രാനുഭവം സമ്മാനിക്കുംവിധം സുരക്ഷിതവും സുസ്ഥിരവുമാണ് രൂപകൽപന. ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി, ശൂറ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് അൽ മഹ്മൂദ് തുടങ്ങിയ പ്രമുഖർ ഇതിനകം നിർമാണജോലികൾ നേരിട്ടു വിലയിരുത്തി.
റെഡ്, ഗ്രീൻ, ഗോൾഡ്, ബ്ലൂ ലൈനുകളിലായി 100 സ്റ്റേഷനുകൾ ഉള്ള മെട്രോ പദ്ധതിയുടെ അടങ്കൽതുക 6500 കോടി റിയാലാണ്. ആദ്യഘട്ടം റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി 37 സ്റ്റേഷനുകളാണു നിർമിക്കുന്നത്. രണ്ടാം ഘട്ടം ബ്ലൂ ലൈനിനൊപ്പം 63 സ്റ്റേഷൻ കൂടി പൂർത്തിയാകും. മെട്രോയുടെ ആദ്യഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ ലോക്കോ പൈലറ്റ് ഇല്ലാത്ത 75 ട്രെയിനുകളാകും 100 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുക. ലോകത്തിലെ തന്നെ വേഗമേറിയ സ്വയം നിയന്ത്രിത ട്രെയിനുകളാണു ദോഹ മെട്രോയ്ക്കായി ട്രാക്കിലോടുക.