Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ എയർവേയ്‌സിന് 2022ൽ 250 നഗരങ്ങളിലേക്ക്‌ സർവീസ്‌

qatar-airways

ദോഹ∙ നാലു വർഷത്തിനുള്ളിൽ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 250 ആക്കി ഉയർത്തുമെന്ന്‌ ഖത്തർ എയർവേയ്‌സ്‌ സിഇഒ അക്‌ബർ അൽ ബേക്കർ. ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

ഖത്തർ എയർവേയ്‌സ്‌ വളർച്ചാ പാതയിലാണെന്നും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന്‌ കൂടുതൽ വിമാനങ്ങൾ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ 163 ലോക നഗരങ്ങളിലേക്കാണ്‌ സർവീസ്‌. ദോഹയിൽ നിന്നു ലക്‌സംബർഗിലേക്ക്‌ നേരിട്ടു സർവീസ്‌ ആരംഭിക്കുന്ന ആദ്യ ഗൾഫ്‌ വ്യോമയാന കമ്പനിയാണ്‌ ഖത്തർ എയർവേയ്‌സ്‌. എസ്‌തോണിയയിലെ ടല്ലിൻ, മാൾട്ടയിലെ വല്ലേറ്റ, ഫിലിപ്പീൻസിലെ സെബു, ദാവോ, മലേഷ്യയിലെ ലങ്കാവി, വിയറ്റ്‌നാമിലെ ദാ നങ്‌ എന്നീ നഗരങ്ങളിലേക്കും ഖത്തർ എയർവേയ്‌സ്‌ വൈകാതെ സർവീസുകൾ തുടങ്ങുന്നുണ്ട്‌. ഖത്തറിൽ ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരം അരങ്ങേറുന്ന 2022ൽ 220 ലക്ഷ്യങ്ങളിലേക്കാവും ഖത്തർ എയർവേയ്‌സിന്റെ യാത്രാവിമാനങ്ങൾ സർവീസ്‌ നടത്തുക.

എയർവേയ്‌സിന്റെ ചരക്കുവിമാനങ്ങൾ എത്തുന്ന നഗരങ്ങൾ കൂടി കൂട്ടുമ്പോൾ ആകെ സർവീസുകൾ 250 ആയി ഉയരുമെന്ന്‌ അൽ ബേക്കർ വിശദീകരിച്ചു. ലോകത്ത്‌ ഏറ്റവും മികച്ച ധനശേഷിയുള്ള എയർലൈൻസുകളിലൊന്നാണ്‌ ഖത്തറിന്റേത്‌. കൂടുതൽ വിമാനങ്ങൾ വാങ്ങുന്നതിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും പണം ഒരു പ്രശ്‌നമാകില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പരിധിക്കപ്പുറം ഇന്ധനവില ഉയർന്നാൽ ടിക്കറ്റിന്മേൽ ഫ്യൂവൽ സർചാർജ്‌ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന കമ്പനികളുടെ രാജ്യാന്തരകൂട്ടായ്‌മയായ വൺവേൾഡിലേക്ക്‌ ആദ്യമെത്തിയ ഗൾഫ്‌ എയർലൈൻസും ഖത്തർ എയർവേയ്‌സാണ്‌. അതിനാൽ 150 രാജ്യങ്ങളിലെ 1,000 വിമാനത്താവളങ്ങളിലേക്ക്‌ യാത്രക്കാരെ എത്തിക്കാൻ ഖത്തർ എയർവേയ്‌സിനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.