Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിലെ ആദ്യ സിക്‌സ്‌ സ്‌റ്റാർ ഹോട്ടൽ ജലനഗരത്തിൽ

qatar-Katara-Towers

ദോഹ ∙ ഖത്തറിലെ ആദ്യ സിക്‌സ്‌ സ്‌റ്റാർ ഹോട്ടൽ ലുസൈൽസിറ്റിയുടെ മുഖമുദ്രയായി മാറുന്ന കത്താറ ട്വിൻ ടവറിൽ. 2022ലെ ഫിഫ ലോകകപ്പിന്റെ ആരംഭ, ഫൈനൽ മൽസരങ്ങൾക്കു വേദിയാകുന്നതു ഖത്തറിലെ ജലനഗരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ലുസൈലിലാണ്‌. ഫിഫ ലോകകപ്പിനു തൊട്ടുമുമ്പായാണ്‌ ഈ ആറു നക്ഷത്ര ഹോട്ടൽ പ്രവർത്തനം തുടങ്ങുക. 2020 അവസാനത്തോടെയേ കത്താറ ട്വിൻ ടവറിന്റെ നിർമാണം പൂർത്തിയാകൂ.

സിക്‌സ്‌ സ്‌റ്റാറിനു പുറമേ ഒരു പഞ്ചനക്ഷത്ര ഹോട്ടലും ടവറിലുണ്ടാകും. ദോഹ ആസ്‌ഥാനമായ എച്ച്‌ബികെ കോൺട്രാക്‌ടിങ്‌ കമ്പനിക്കാണു രണ്ടാംഘട്ട നിർമാണ കരാർ ലഭിച്ചിരിക്കുന്നത്‌. 36 നിലകളുള്ള ടവറിന്റെ നിർമാണമാണു രണ്ടാംഘട്ടത്തിൽ. ഹോട്ടലിന്റെ ഭാരം മുഴുവൻ താങ്ങാൻ പാകത്തിൽ ഭൂഗർഭത്തിലേക്കു പോകുന്ന പടുകൂറ്റൻ തൂണുകൾ ഉൾപ്പെടെ അടിത്തറ ഉറപ്പിക്കൽ ജോലികൾക്കുള്ള ഒന്നാംഘട്ട നിർമാണക്കരാർ കത്താറ ഹോസ്‌പിറ്റാലിറ്റി 2014 ൽ ആണ്‌ നൽകിയത്‌. ഒന്നാംഘട്ട ജോലികൾ പൂർത്തീകരിച്ചതിനെ തുടർന്നാണ്‌ ഇപ്പോൾ രണ്ടാംഘട്ട നിർമാണ കരാർ നൽകിയത്‌.

വിപരീതദിശകളിൽ ചാരിവച്ച വാളുകളുടെ മാതൃകയിലാണു ജലനഗരമായ ലുസൈലിൽ വാസ്‌തുശിൽപ വിസ്‌മയമായ കത്താറ ഇരട്ട ഗോപുരം ഉയരുക. ഖത്തറിന്റെ അധികാരമുദ്രയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ്‌ ഇരട്ടടവറിന്റെ രൂപകൽപന. ജർമൻ സിവിൽ എൻജിനീയറിങ്‌ കമ്പനിയായ ക്ലിങ്‌ കൺസൾട്ടൻസിയാണ്‌ അംബരചുംബിയായ ഈ ഇരട്ടഗോപുരസൗധം രൂപകൽപന ചെയ്‌തത്‌.

മൂന്നുലക്ഷം ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള ടവറിന്റെ പ്രതീക്ഷിത നിർമാണ ചെലവ്‌ 60 കോടി ഡോളർ ആണ്‌. 505 മുറികളും 49 അപ്പാർട്‌മെന്റുകളും വിഐപി സിനിമാശാലയും കോൺഫറൻസ്‌ ഹാളുകളും ടവറിലുണ്ടാകും. ഓരോ റൂമിനും പ്രത്യേകം പ്രത്യേകം ഷെഫും ബട്‌ലറും തുടങ്ങി അതിഥികൾക്കു പ്രത്യേക നീന്തൽക്കുളങ്ങൾവരെ ഒട്ടേറെ അധികസേവനങ്ങളാണു സിക്‌സ്‌ സ്‌റ്റാർ ഹോട്ടലിൽ ലഭ്യമാവുക. സിക്‌സ്‌ സ്‌റ്റാർ ഹോട്ടലുകളിൽ ഒരു രാത്രി തങ്ങാൻ 1,000 ഡോളറിനു മുകളിൽ ചെലവാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.