Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളത്തിലും ഫാൻ സോൺ; കാത്തിരിപ്പിനിടയിലും കളി കാണാം

qatar-airport

ദോഹ ∙ ഖത്തർ എയർവേയ്‌സ്‌ ഖത്തറിലെ ഫിഫ മൽസര സ്‌റ്റേഡിയങ്ങളുടെ നിർമാണ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്‌ ലെഗസി(എസ്‌സി)യുമായി സഹകരിച്ചു ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തിലും ഫാൻ സോൺ തുറന്നു. റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ്‌ മൽസരങ്ങളുടെ ഔദ്യോഗിക എയർലൈൻ പാർട്‌ണർ എന്ന നിലയിലാണു ഖത്തർ എയർവേയ്‌സ്‌ ഹമദ്‌ വിമാനത്താവളത്തിൽ ഫാൻ സോൺ സജ്‌ജമാക്കിയത്‌.

റഷ്യൻ ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഫുട്‌ബോൾ ആരാധകരായ യാത്രക്കാർക്കും അതിന്റെ ഭാഗമാകാൻ ഹമദ്‌ വിമാനത്താവളം ഫാൻ സോണിൽ അവസരമൊരുക്കുകയാണെന്നു ഖത്തർ എയർവേയ്‌സ്‌ സിഇഒ അക്‌ബർ അൽ ബേക്കർ പറഞ്ഞു. ലോകത്തെവിടെ നിന്നെത്തുന്ന യാത്രക്കാർക്കും വിമാനത്താവളത്തിലെ ഫാൻ സോണിൽ മൽസരങ്ങൾ തൽസമയം കാണാമെന്ന്‌ അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേയ്‌സ്‌ സീനിയർ വൈസ്‌ പ്രസിഡന്റ്‌്‌ സലാം അൽ ഷാവാ, ഹമദ്‌ വിമാനത്താവളം വൈസ്‌ പ്രസിഡന്റ്‌്‌ അബ്‌ദുൽ അസീസ്‌ അൽ മാസ്‌, എസ്‌സി കമ്യൂണിക്കേഷൻസ്‌ ഡയറക്‌ടർ ഫത്മ അൽ നുഅയ്‌മി എന്നിവരുടെ സാന്നിധ്യത്തിൽ ഫാൻ സോണുകളുടെ ഉദ്‌ഘാടനം ഇന്നലെ നടന്നു.

qatar-air-port

ആയിരക്കണക്കിനു യാത്രക്കാർ എപ്പോഴും വിമാനത്താവളത്തിൽ ഉണ്ടാകുമെന്നതിനാൽ നാലു സ്‌ഥലങ്ങളിലാണു കളി കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നത്‌. ഖത്തർ എയർവേയ്‌സ്‌ യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രങ്ങളായ എ, ബി, സി കോൺകോഴ്‌സുകൾ, ഖത്തർ ഡ്യൂട്ടി ഫ്രീയിലെ മർഷെ റസ്‌റ്ററന്റ്‌ എന്നിവിടങ്ങളിലാണു ഫാൻ സോണുകൾ സജ്‌ജമാക്കിയിരിക്കുന്നത്‌. ബോർഡിങ്‌ ഏരിയയോടു തൊട്ടുചേർന്നായതിനാൽ കളിയിൽ ലയിച്ചിരുന്ന്‌ ആർക്കും വിമാനം നഷ്‌ടമാകില്ല.

സ്വീകരണമുറി, സ്‌റ്റേഡിയം, മജ്‌ലിസ്‌ (അറബികൾ അതിഥികളെ പരമ്പരാഗത രീതിയിൽ സ്വീകരിക്കുന്ന ഇടം) എന്നിവയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണു കോൺകോഴ്‌സുകളിലെ ഫാൻ സോണുകൾ ഒരുക്കിയിരിക്കുന്നത്‌. അടുത്ത ഫിഫ മൽസരത്തിനു (2022) വേദിയാകുന്നതു ഖത്തറാണെന്നതിനാൽ ഇത്തവണ ഫാൻസോണുകളിൽ ആവേശം ഇരട്ടിക്കും. വിമാനത്താവളത്തിനുള്ളിലെ കരടി പ്രതിമയ്‌ക്കു മുൻഭാഗം ഒരു ഫുട്‌ബോൾ മൈതാനത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ പുനർരൂപകൽപന ചെയ്‌തിട്ടുമുണ്ട്‌. ഇവിടെ ഫുട്‌ബോൾ പ്രേമികളായ യാത്രക്കാർക്കായി വരുംദിവസങ്ങളിൽ വിവിധ മൽസരങ്ങളും അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.