Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു റിയാലിന് 18.50 രൂപ; പ്രവാസികൾക്കു നേട്ടം

riyal

ദോഹ ∙ വിപണിയിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസികൾക്കു നേട്ടം. ഒരു റിയാലിന് 18.50 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. സമീപ കാലത്ത് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത വിനിമയ നിരക്കാണിതെന്ന് സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

ഫെബ്രുവരി മാസം തുടക്കത്തിൽ ലഭിച്ചിരുന്ന വിനിമയ നിരക്കിനേക്കാൾ ഒരു രൂപയിലേറെ വ്യത്യാസമാണ് ഇപ്പോഴുള്ളത്. ഫെബ്രുവരി മാസം തുടക്കത്തിൽ 17.40 രൂപയാണ് ഒരു റിയാലിന് ലഭിച്ചിരുന്നത്. എന്നാൽ മൂന്നു മാസത്തിനിപ്പുറം ലഭിക്കുന്നത് അന്നത്തെ നിരക്കിനേക്കാളും 1.10 പൈസ അധികം. നാട്ടിലേക്ക് 1000 റിയാൽ അയയ്ക്കുന്ന ഒരാൾക്ക് 1100 രൂപയാണു വിനിമയ നിരക്കു കൊണ്ടു മാത്രം അധികം ലഭിക്കുക. സാധാരണ ഗതിയിൽ റിയാലിന് 17.60– 17.70 രൂപയാണു ശരാശരി വിനിമയ നിരക്കായി കണക്കിലെടുക്കാറുള്ളത്. ഇപ്പോഴത്തെ നിരക്ക് അതിനേക്കാൾ 80– 90 പൈസ വരെ കൂടുതലാണ്. രൂപയുടെ മൂല്യം നേരത്തേ ഇടിഞ്ഞപ്പോൾ തന്നെ ആളുകൾ പരമാവധി പണം നാട്ടിലേക്ക് അയയ്ക്കാനായി ശ്രമിച്ചിരുന്നു.

വേതന സമയമായിരുന്നതു കൊണ്ടു തന്നെ വിനിമയ നിരക്കിലെ വർധന പ്രയോജനപ്പെടുത്താനാണ് ആളുകൾ ശ്രമിച്ചത്. എന്നാൽ, മാസാദ്യത്തെ അവസ്ഥയിൽ നിന്നു വീണ്ടും രൂപയുടെ മൂല്യം താഴോട്ടും വിനിമയ നിരക്ക് മുകളിലേക്കും കുതിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വിപണിയിൽ ഡോളറിനെതിരെ രൂപ 16 മാസത്തെ വൻ വീഴ്ചയാണ് ഇപ്പോൾ നേരിടുന്നത്. ഇന്നലെ ഒരു ഡോളർ കിട്ടണമെങ്കിൽ 68.13 രൂപ നൽകണമെന്നതായിരുന്നു അവസ്ഥ. ആഭ്യന്തര മൂലധന വിപണിയിൽ പണം പിൻവലിക്കൽ ഏറിയതാണു രൂപയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കുന്നത്. വിദേശ നിക്ഷേപകർ പണം പിൻവലിച്ചു പരമാവധി ലാഭമെടുപ്പിനാണു ശ്രമിക്കുന്നതും.

ബ്രെന്റ് ക്രൂഡ് @ 79.32

ആഗോള വിപണിയിൽ എണ്ണ വില ഉയരുന്നതും രൂപയ്ക്കു തിരിച്ചടിയാണ്. എണ്ണ വില മൂന്നര വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. ഇന്നലെ ബ്രെന്റ് ക്രൂഡ് വില 79.32 ഡോളറിലേക്ക് എത്തി. എണ്ണയുടെ ആവശ്യം വർധിച്ചതാണു വില വർധനയ്ക്കുള്ള പ്രധാന കാരണം. ഇറാനെതിരെ യുഎസ് ഏർപ്പെടുത്താനിരിക്കുന്ന ഉപരോധവും എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഒപെക് രാജ്യങ്ങളിലെ ഉൽപാദനത്തിലും കുറവു വന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് വെനസ്വേല ഉൽപാദനം കുറച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.