Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ മേഖലയ്ക്ക് ഊർജമേകാൻ ഏഴു പുതിയ സ്വകാര്യ സ്കൂളുകൾ

Teacher-Student-Classroom

ദോഹ ∙ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ 2021നുള്ളിൽ ഏഴു പുതിയ സ്വകാര്യ സ്കൂളുകൾ പ്രവർത്തനമാരംഭിക്കുമെന്ന് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കാനുള്ള സമിതി. ഏഴു സ്കൂളുകൾക്കുള്ള പ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ 11,000 വിദ്യാർഥികൾക്കു പഠിക്കാനാവും. 75 കോടി റിയാലാണു സ്വകാര്യ മേഖല സ്കൂൾ പദ്ധതികളിൽ നിക്ഷേപിക്കുന്നതെന്ന് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കാനുള്ള സാങ്കേതിക സമിതിയുടെ ഡയറക്ടർ ഖാമിസ് അൽ മൊഹന്നദി പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളിൽ നാല് സ്കൂളുകൾക്കു കൂടി പ്ലോട്ടുകൾ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ മേഖലയിൽ 2600 കോടി ഖത്തർ റിയാലിന്റെ നിക്ഷേപാവസരങ്ങളാണു സൃഷ്ടിച്ചത്. ഭക്ഷ്യ സുരക്ഷ, നിർമാണമേഖല, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിലാണ് ഈ നിക്ഷേപ പദ്ധതികൾ. മന്ത്രിതല സമിതിയുടെ ലക്ഷ്യങ്ങൾ നേടുന്ന തരത്തിൽ സ്വകാര്യ നിക്ഷേപമുണ്ടാകുന്നതിൽ വിജയിച്ചു.

ഭാവിയിൽ കൂടുതൽ പദ്ധതികളും ശുപാർശകളും പ്രഖ്യാപിക്കും. രാജ്യത്തെ വ്യവസായ മേഖലയുടെ ഡേറ്റാ ബേസ് തയാറാക്കി വരികയാണ്. ആറു മാസത്തിനുള്ളിൽ ഇതിന്റെ ആദ്യ ഘട്ടം പൂർത്തിയാവും. ഫാക്ടറികളുടെ എണ്ണവും, ഏതു മേഖലയിലാണു ഫാക്ടറികൾ കുറവെന്ന കാര്യവും ഇതിലൂടെ വ്യക്തമാവും. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനി ചെയർമാനും മറ്റ് എട്ടു മന്ത്രിമാർ അംഗങ്ങളുമായുള്ള സമിതിയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മേഖലയിലെ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഓരോ മേഖലയിലെയും പ്രതികൂല ഘടകങ്ങൾ പരിശോധിക്കാനും പോംവഴികൾ കണ്ടെത്താനും പ്രവർത്തക സമിതിക്കു രൂപം നൽകിയിട്ടുണ്ട്. പല പ്രശ്നങ്ങളും ഇതിനകം പരിഹരിച്ചു കഴിഞ്ഞു.

വാണിജ്യ റജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇപ്പോൾ പത്തു മിനിറ്റു മാത്രം മതി. പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപനയിൽ ഈ വർഷം ആദ്യ പാദത്തിൽ 300% വർധനയാണുണ്ടായത്. വിവിധ മേഖലകളിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ഈ വർഷം ആദ്യ പകുതി പൂർത്തിയാകുമ്പോഴേക്കും രാജ്യത്തെ പാൽ ആവശ്യത്തിന്റെ 92% പ്രാദേശികമായി ഉൽപാദിപ്പിക്കാൻ സാധിക്കും. 2019ന്റെ ആദ്യ പാദത്തിൽ മൽസ്യോൽപാദനത്തിൽ 80% സ്വയംപര്യാപ്തമാവും. 100% സ്വയംപര്യാപ്തത കൈവരിക്കാനായി രണ്ടു പുതിയ പദ്ധതികൾ ഭാവിയിൽ നടപ്പാക്കും. രണ്ടു പുതിയ പദ്ധതികൾ ആരംഭിച്ചതോടെ കാലിത്തീറ്റ ഉൽപാദനത്തിൽ 65% സ്വയംപര്യാപ്തത കൈവരിക്കാനായെന്നും അൽ മൊഹന്നദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.