Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുവെത്തി, കണിയും കൈനീട്ടവുമായ്...

Doh-Vishu-Konna-4col ലോകത്തെവിടെയായാലും ഹൃദയത്തിലേറ്റിയ ആഘോഷങ്ങളെ ഒഴിച്ചു നിർത്താൻ മലയാളിക്കാവില്ല. പ്രവാസത്തിലും വിഷു ആഘോഷത്തിനു കൊന്നപ്പൂ തന്നെ വേണം. അത് തേടിയിറങ്ങി, കണ്ടെത്തി, മരത്തിൽ കയറി പൊട്ടിച്ചെടുത്ത്, ആഘോഷത്തിന്റെ വിഷുക്കണിയിലേക്കു ചേർത്തു വയ്ക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഗരാഫയിൽ പൂത്ത കൊന്ന മരത്തിൽ നിന്നു പൂക്കൾ ഇറുത്ത് വിഷു ആഘോഷത്തിന് ഒരുങ്ങുന്ന കുടുംബം. ചിത്രം: ഷിറാസ് സിത്താര

ദോഹ ∙ അവധിയില്ലെങ്കിലും കണിയൊരുക്കിയും കൈനീട്ടം നൽകിയും സദ്യയുണ്ടും ഖത്തറിൽ ഇന്നു മലയാളി പ്രവാസികൾ വിഷുപ്പുലരി ആഘോഷിക്കും. പ്രകൃതിയോടലിഞ്ഞ് കൃഷിയെ സ്‌നേഹിച്ചുവളർന്നവരുടെ പിൻമുറക്കാർ തയാറെടുപ്പുകൾ ഇന്നലെത്തന്നെ വില്ലകളിലും ഫ്ലാറ്റുകളിലും ലേബർ ക്യാംപുകളിലും പൂർത്തിയാക്കി. ഖത്തറിൽ അങ്ങിങ്ങായി കൊന്ന പൂത്തിട്ടുണ്ട്.

ചിലർക്ക് അതിൽനിന്ന് ഒരുപിടി കൊന്നപ്പൂ കിട്ടി. എങ്കിലും, മിക്കവരും കണി വയ്ക്കാനുള്ള കൊന്നപ്പൂവ് ഷോപ്പിങ് മാർക്കറ്റിൽ നിന്നാണു സംഘടിപ്പിച്ചത്. കൊന്നപ്പൂവ് മാത്രമല്ല, കണിവെള്ളരിയും കസവുമുണ്ടും സെറ്റും മുല്ലപ്പൂവും വറുത്തുപ്പേരിയും വലിയ പപ്പടവുമെല്ലാം മാർക്കറ്റിൽ സുലഭം. വാട്‌സാപ്പിലും ഫെയ്‌സ്‌ബുക്കിലുമായി വിഷുക്കണിയും ആശംസകളും റിയാലായും ഇന്ത്യൻ കറൻസിയായും കൈനീട്ടവും തകൃതി. ഉള്ള സൗകര്യത്തിൽ കൃഷിചെയ്യുന്ന ചിലർ തങ്ങൾ വിളയിച്ചെടുത്ത വെള്ളരിയും മറ്റുഫലങ്ങളും കൊണ്ടാണ്‌ കണിയൊരുക്കി വച്ചത്‌. കൃഷിചെയ്യാൻ ഇടമില്ലാത്തവരും ജോലിത്തിരക്കിൽ അതു സാധിക്കാത്തവരും മാളുകളിൽ നിന്നുവാങ്ങിയ കണിത്താലങ്ങളിൽ പുതുവസ്‌ത്രവും പുസ്‌തകവും നാണയത്തുട്ടും കണ്ണാടിയും ഒരുക്കിവച്ചു.

മുൻവർഷങ്ങളിലേതിൽ നിന്നു വ്യത്യസ്‌തമായി ഒട്ടേറെ പ്രവാസി കുടുംബങ്ങളിൽ ഈ വിഷുവിന്‌ നാട്ടിൽനിന്നു ബന്ധുക്കൾ വന്നുചേർന്നതു വിഷുവിനും കണിക്കും കൈനീട്ടത്തിനും പൊലിമ കൂട്ടി. ഇങ്ങോട്ടുള്ള ടിക്കറ്റ്‌ നിരക്ക്‌ കൂടുതലാണെങ്കിലും ഓൺ അറൈവൽ വീസ സൗകര്യം ഒട്ടേറെപ്പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. രണ്ടുദിവസത്തെ അവധിക്കുശേഷം ഇന്നു സ്‌കൂളിലേക്കു പോകണമെങ്കിലും ഉച്ചയ്‌ക്കു ബന്ധുക്കൾക്കൊപ്പം വിഷുസദ്യയുണ്ണാമെന്ന സന്തോഷത്തിലാണു കുറയേറെ കുട്ടികൾ. വിഷുവാണെങ്കിലും ലേബർ ക്യാംപുകളിൽ ജോലിത്തിരക്കോ ഷിഫ്‌റ്റോ മാറില്ല. എങ്കിലും പ്രവാസഭൂമിയിൽ ഒരുമയോടെ ഏറ്റവുംനന്നായി വിഷു ആഘോഷിക്കുന്നത്‌ ലേബർ ക്യാംപുകളിലാണ്‌. പുലർകാല ഷിഫ്‌റ്റിൽ ഡ്യൂട്ടിക്കിറങ്ങേണ്ടവർ രാത്രി വൈകുവോളം ഉണർന്നിരുന്നു സദ്യവട്ടങ്ങൾ തയാറാക്കുന്നു. കണിയൊരുക്കുന്നതും ഇവരുടെ ചുമതല.

രാത്രിഷിഫ്‌റ്റുകാർ ക്യാംപിലെത്തുമ്പോഴേക്കും പുലർകാല ഷിഫ്‌റ്റിലുള്ളവർ കണികണ്ടു പുറത്തേക്കു പൊയ്‌ക്കഴിയും. ഇവർ കുളികഴിഞ്ഞു കണികണ്ട്‌ ഒന്നുമയങ്ങിയുണർന്ന്‌ ചോറുവയ്ക്കുന്നു. പപ്പടം കാച്ചുക, തേങ്ങ ചിരണ്ടിപ്പിഴിഞ്ഞു പാലെടുത്ത്‌ പയസമുണ്ടാക്കുക എന്നിവയും ഇവരുടെ ചുമതല. രാവിലത്തെ ഷിഫ്‌റ്റുകാർ സദ്യയ്ക്കായി ഉച്ചയോടെ ക്യാംപിലെത്തുന്നതാണു പതിവ്‌. പിന്നെ, ഒരുമയുടെ മധുരമോടെ ഊണ്‌. വിഷുവിന്‌ സദ്യ വീട്ടിലൊരുക്കാൻ കഴിയാത്തതിനാൽ ഇന്നു മാളുകളെയും ഹോട്ടലുകളെയും ആശ്രയിക്കുന്നവരും ഏറെ.

പല റസ്‌റ്ററന്റുകളുടെയും സദ്യ ഓഫറിന്‌ മികച്ച ബുക്കിങ്‌ ലഭിച്ചിട്ടുണ്ട്‌. ഉച്ചയോടെ ഊണുവിളമ്പാനുള്ള നാക്കില സഹിതമാണ്‌ ചൂടാറാത്ത വിഭവങ്ങൾ റസ്‌റ്ററന്റുകാർ വീട്ടിലേക്കെത്തിക്കുക. ഉപ്പുതൊട്ടു കുപ്പിവെള്ളം വരെ റസ്‌റ്ററന്റുകളുടെ വിഷുവിഭവങ്ങളിൽ പെടും. തൊടുകറികൾ, കൂട്ടുകറികൾ, പരിപ്പ്‌, സാമ്പാർ, അവിയൽ, കാളൻ, അച്ചാറുകൾ, മൂന്നുകൂട്ടം പായസം തുടങ്ങി 30 മുതൽ 40 വരെ വിഭവങ്ങളാണു വ്യത്യസ്‌ത ഹോട്ടലുകൾ വിഷുസദ്യയിൽ വിളമ്പുന്നത്‌. പ്രവൃത്തിദിനമായതിനാൽ ഓഫിസുകൾ കേന്ദ്രീകരിച്ചും ഇന്നു വിഷുവാഘോഷമുണ്ട്‌. ഓഫിസുകളിലെ ആഘോഷങ്ങൾക്കു സദ്യയൊരുക്കുന്നതും റസ്‌റ്ററന്റുകളാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.