Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗഷാം റോഡ് കഫെ’: മരുഭൂമിയി‍ൽ ടെന്റടിച്ച് വനിതകളുടെ റസ്റ്ററന്റ്

Untitled-13 മരുഭൂമിയിലെ ഖൈമ റസ്റ്റോറന്റ്. ചിത്രം: ഷിറാസ് സിത്താര

ദോഹ ∙ നോക്കെത്താദൂരം നീണ്ടു കിടക്കുന്ന മരുഭൂമിയിൽ മരുപ്പച്ചകളെ കുറിച്ച് കേട്ടിട്ടുണ്ടാവും. പക്ഷേ, മരുഭൂമിയിൽ ടെന്റടിച്ചു റസ്റ്ററന്റ് നടത്തുന്നതിനെ കുറിച്ച് സങ്കൽപ്പിക്കാമോ? ഇതൊരു അറബി കഥയല്ല. ഖത്തറിന്റെ തെക്കൻ മരുഭൂമിയിലാണു ഖത്തരി വനിതകൾ നടത്തുന്ന ഈ ‘ഖൈമ’ റസ്റ്റോറന്റ്. അറേബ്യൻ ടെന്റിനു പറയുന്ന പേരാണു ഖൈമ. കരാനയിൽനിന്നു 30 കി.മീ. ഉള്ളിലേക്ക് മാറി മരുഭൂമിയിലാണു ‘ഗഷാം റോഡ് കഫെ’ എന്നു പേരിട്ട ഈ ഭക്ഷണശാല.

മരുഭൂമിയിലേക്കു യാത്ര പോകുന്ന സാഹസികർക്ക് ഒരു ഇടത്താവളമാണിത്. 100 ചതുരശ്ര മീറ്ററിലധികം വലുപ്പമില്ലാത്ത ഈ ഭക്ഷണശാല ഇതിനകം ഒട്ടേറെ പേരെ ആകർഷിച്ചു കഴിഞ്ഞു. പരമ്പരാഗത അറബ് ഭക്ഷണമാണ് ഈ കഫെയിൽ സന്ദർശകർക്കായി വിളമ്പുക. ഖത്തറിന്റെ തെക്ക്– പടിഞ്ഞാറൻ മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാനായി യാത്ര തിരിക്കുന്ന സാഹസിക പ്രിയരായ സഞ്ചാരികൾ ഇവിടെ വിശ്രമിക്കാനെത്തും. അറബ് ആതിഥ്യ മര്യാദയോടെ ഗഷാം റോഡ് കഫെ അവർക്ക് രുചികൾ പകരും.

അൽപ നേരത്തെ വിശ്രമത്തിനും, രുചികരമായ ഭക്ഷണത്തിനുംശേഷം സഞ്ചാരികൾ യാത്ര തുടരും. ‘ഇതൊരു ബിസിനസ് സംരംഭമല്ല. മറിച്ച്, ഖത്തറിന്റെ മനോഹരമായ മരുഭൂമി കാണാനെത്തുന്ന സഞ്ചാരികളെ സഹായിക്കാനുള്ള ശ്രമമാണ്’, കഫെയുടെ ഉടമയായ ഫാത്തിമ അൽ കുവാരി പറയുന്നു. അറബ് ആതിഥ്യമര്യാദയും, ഭക്ഷണവും അവർക്ക് ആസ്വദിക്കാനുള്ള അവസരമാണിത്. അറേബ്യൻ ടെന്റുകളിലേക്കു അതിഥികളെ ക്ഷണിക്കുന്നതും അവർക്കു ഭക്ഷണം നൽകുന്നതും അറബ് പാരമ്പര്യമാണ്– ഫാത്തിമ അൽ കുവാരി പറഞ്ഞു.

ടെന്റിന്റെ ഉൾവശങ്ങൾ അതി മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. മുകളിൽ നിന്നു തൂങ്ങിയാടുന്ന വിവിധ വർണങ്ങളിലുള്ള തോരണങ്ങൾ, അതും കൈകൾ കൊണ്ടു നിർമിച്ചത്. മനോഹരമായ പരവതാനി. ഇരിക്കാനായി ഇരിപ്പിടങ്ങൾ. ആരെയും ആകർഷിക്കും ഈ ടെന്റ് ഹോട്ടൽ. മരുഭൂമിയിൽ ഇത്രയും സൗകര്യങ്ങളോടെ ഒരു റസ്റ്റോറന്റെന്നതു സങ്കൽപിക്കാൻ പോലുമാവാത്ത കാര്യം. ഉപഭോക്താക്കൾക്ക് ആവശ്യമായ ഭക്ഷണങ്ങൾ ലഭ്യമാക്കാനും മറ്റുമായി ഒരു സംഘം ഫാത്തിമ അൽ കുവാരിയെ സഹായിക്കാനായുണ്ട്. ഹരീസ്, നഖി, ബജേല്ല, ബലലീത്, ഹമൂസ് തുടങ്ങി പരമ്പരാഹത അറേബ്യൻ ഭക്ഷ്യ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക. ഒപ്പം, നല്ല കഡക് ചായയും. ശൈത്യകാല സീസൺ ആരംഭിക്കുന്ന ഡിസംബർ മുതൽ ഏപ്രിൽ വരെ രാവിലെ ഏഴു മുതൽ രാത്രി പത്തു വരെയാണ് ഈ ഖൈമ റസ്റ്റോറന്റിന്റെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.